യു ഡി എഫ് ജനങ്ങക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നു: എം വി ഗോവിന്ദന്‍

Posted on: May 28, 2013 6:00 am | Last updated: May 28, 2013 at 6:13 pm
SHARE

കണ്ണൂര്‍: ജനകീയ ആസൂത്രണത്തെ അട്ടിമറിച്ച ചരിത്രമാണ് യു ഡി എഫിന്റേതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍. എല്‍ ഡി എഫ് പൂര്‍ണമായി ജനപക്ഷത്ത് നിന്നുകൊണ്ട് നടത്തിയ വീകേന്ദ്രീകൃത ആസൂത്രണം തുടരുന്നുവെന്ന വ്യാജേന അതിന് തുരങ്കംവെച്ചരാണ് യു ഡി എഫെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ ഡി എഫ് ജനപ്രതിനിധികള്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടിവെള്ളം വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് എടുത്തുമാറ്റി സംഭരണവും വിലനിയന്ത്രണവും വില്‍പനയും എല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പിക്കാനുള്ള നീക്കം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കും. വെള്ളത്തിന് മാസക്കരമായി 40 രൂപ മുതലാണ് വാട്ടര്‍ അതോറിറ്റി ഈടാക്കുന്നത്. ഇത് 2500 രൂപയിലേറെയാവും.പാചക വാതകത്തിന്റെ സബ്‌സിഡി എടുത്തുകളയുന്നതോടെ ഭാവിയില്‍ സിലിണ്ടറിന് 1500 രൂപ വരെ നല്‍കേണ്ടി വരും. വെള്ളത്തിനും 2500 രൂപയും പാചകവാതകത്തിന് 1500 രൂപയുമായാല്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥവരും. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒന്നിന്റെയും ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് ലോകബാങ്ക്, ഐ എം എഫ് നിര്‍ദേശം പൂര്‍ണമായി നടപ്പാവുകയാണ്. സര്‍ക്കാരിന്റെ എല്ലാം തോന്ന്യവാസങ്ങളെയും ജനങ്ങള്‍ എക്കാലവും സഹിക്കുമെന്ന് കരുതേണ്ട.
ജനങ്ങള്‍ അനുവദിച്ചുതരുന്ന ഭരണഘടന അവകാശങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് നേരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ എല്‍ഡിഎഫ് കൈയുംകെട്ടി നോക്കിയിരിക്കില്ല. അതിശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം സി പി മുരളി, ഇല്ലിക്കല്‍ അഗസ്തി, വി വി രാജേഷ് പ്രേം, കെ കെ രാമചന്ദ്രന്‍, കെ ജയപ്രകാശ്, വി വി കുഞ്ഞികൃഷ്ണന്‍, ഹമീദ് ഇരിണാവ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here