സിറിയന്‍ വിമതര്‍ക്ക് ആയുധം: യൂറോപ്യന്‍ യൂനിയനില്‍ കടുത്ത ഭിന്നത

Posted on: May 28, 2013 6:00 am | Last updated: May 28, 2013 at 12:17 am
SHARE

ബ്രസല്‍സ്/ദമസ്‌കസ്: സിറിയന്‍ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയനില്‍ സജീവ ചര്‍ച്ച. സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ അടുത്ത മാസം അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കാനിരിക്കെയാണ് ഇ യു വിദേശകാര്യ മന്ത്രിമാര്‍ ബ്രസല്‍സില്‍ സമ്മേളിച്ചത്. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാണെന്നും സിറിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇ യു ചര്‍ച്ചയെന്നത് ശ്രദ്ധേയമാണ്. അതേസമയം, വിമതര്‍ക്ക് ആയുധം നല്‍കുന്നത് സംബന്ധിച്ച് ഇ യു പ്രതിനിധികള്‍ക്കിടയില്‍ കനത്ത അഭിപ്രായ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. വിമതര്‍ക്കുള്ള ആയുധ സഹായം മരവിപ്പിക്കണമെന്ന് ഓസ്ട്രിയ, ജര്‍മനി എന്നീ രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കരാറനുസരിച്ചുള്ള ആയുധ കൈമാറ്റം തുടരണമെന്നാണ് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഉറച്ച നിലപാട്.
അടുത്ത മാസം നടക്കാനിരിക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ പ്രതിപക്ഷം വ്യക്തമാക്കിയിട്ടും വിമതര്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും സന്നദ്ധമാകാത്തത് മറ്റ് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചോദ്യം ചെയ്തു. എന്നാല്‍ സിറിയന്‍ സര്‍ക്കാറിനെതിരായ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന ഉറച്ച നിലപാടിലാണ് ഓസ്ട്രിയയടക്കമുള്ള രാഷ്ട്രങ്ങള്‍. ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കടുത്ത അപരാധമാണെന്ന് ഓസ്ട്രിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
അതിനിടെ, ജനീവ സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ തുര്‍ക്കിയില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് എന്നിവരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ചര്‍ച്ച. വിമതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ബശര്‍ അല്‍ അസദ് ഭരണത്തില്‍ നിന്ന് പുറത്ത് പോയാലേ ചര്‍ച്ചക്ക് സന്നദ്ധമാകുകയുള്ളൂവെന്ന് നേരത്തെ പ്രതിപക്ഷ നേതൃത്വം അറിയിച്ചിരുന്നു.
വിമതര്‍ക്ക് ആയുധം നല്‍കുന്നത് കടുത്ത ഏറ്റുമുട്ടലുകള്‍ക്കാണ് കാരണമാകുന്നതെന്നും ഈ സാഹചര്യത്തില്‍ രക്തരൂഷിതമായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയല്ല സമാധാനത്തിന്റെ നൊബേല്‍ സമ്മാനം നേടിയ ഇ യുവിനെ പോലുള്ള സംഘടനകള്‍ ചെയ്യേണ്ടതെന്നും ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി മൈക്കിള്‍ സ്പിന്‍ഡെലെഗ്ഗെര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, സിറിയന്‍ സൈന്യം രാസായുധങ്ങളടക്കമുള്ള മാരകായുധങ്ങള്‍ പ്രയോഗിച്ച് സിറിയന്‍ ജനതക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച വിമത പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 94,000 കവിഞ്ഞിരിക്കുകയാണ്. വിമതര്‍ക്ക് ആയുധം നല്‍കിയത് മുതല്‍ മരണ സംഖ്യയില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.