സിറിയ: വിമത ആക്രമണത്തില്‍ പത്ര പ്രവര്‍ത്തക കൊല്ലപ്പെട്ടു

Posted on: May 28, 2013 6:00 am | Last updated: May 28, 2013 at 12:17 am
SHARE

ദമസ്‌കസ്: സിറിയയില്‍ മാധ്യമപ്രവര്‍ത്തക യാരാ അബ്ബാസ് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ അധീനതയിലുള്ള അല്‍ ഇഖ്ബാരിയ്യ ടി വി ചാനലിലെ യുദ്ധ ലേഖികയാണ് കൊല്ലപ്പെട്ട യാരാ അബ്ബാസ്. കൊലപാതകത്തെ സര്‍ക്കാര്‍ അപലപിച്ചിട്ടുണ്ട്. കൊലക്ക് പിന്നില്‍ വിമതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ലബനാന്‍ അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പിലാണ് യാരാ അബ്ബാസ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയിലാണ് യാരാ അക്രമിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ മന്ത്രാലയം വ്യക്തമാക്കി.
ഹംസ് പ്രവിശ്യയിലെ ഖുസൈര്‍ സിറ്റിയിലാണ് സംഭവം. ഇവിടെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വിമതരും സര്‍ക്കാര്‍ സൈന്യവുമാണ് ഏറ്റുട്ടല്‍. അബ്ബാസിന് കൂടെയുള്ള സംഘത്തിനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ അവസ്ഥയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമത ആക്രമണത്തില്‍ മുമ്പ് നിരവധി പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യാരായുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here