Connect with us

Editorial

മാവോവാദി ആക്രമണം

Published

|

Last Updated

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ പൈശാചികമായ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും പ്രവര്‍ത്തകരുമടക്കം 27 പേര്‍ മരിച്ചു. വെള്ളിയാഴ്ച സന്ധ്യക്ക് നടന്ന ആക്രമണത്തില്‍ മുപ്പതിലേറെ പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. അടുത്ത നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢില്‍ മുന്‍ പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ മഹേന്ദ്ര കര്‍മ, മുന്‍ എം പി ഗോപാല്‍ മാധവന്‍, മുന്‍ എം എല്‍ എ ഉദയ മുദലിയാര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, മകന്‍ ദിനേശ് തുടങ്ങിയവരുടെ മരണം കോണ്‍ഗ്രസിന് വരുത്തിവെച്ച ആഘാതം ചില്ലറയല്ല. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ 84 കാരനായ വി സി ശുക്ല മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഗുഡ്ഗാവ് മെദാന്ത മെഡിസിറ്റിയിലെ ഐ സി യുവില്‍ ജീവന് വേണ്ടി പൊരുതുകയാണ്. എം എല്‍ എയായ കവാസി ലക്ഷ്മ, മുന്‍ എം എല്‍ എമാരായ ഫുലോദേവി നേതം, ഹര്‍ഷദ് മേത്ത എന്നിവരും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ.് ഭരണകൂട ഭീകരതയിലും പോലീസ് അതിക്രമങ്ങളിലും ഭൂപ്രഭുക്കളുടെയും ഗുണ്ടകളുടെയും ചൂഷണത്തിലും ഭീഷണിയിലും പൊറുതിമുട്ടിക്കഴിയുന്ന ആദിവാസി സമൂഹം നക്‌സലുകളും മാവോവാദികളുമടക്കമുള്ള തീവ്രവാദ സംഘടനകളുടെ തണലില്‍ അഭയം തേടുക സ്വാഭാവികം. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇവര്‍ കോണ്‍ഗ്രസിനേയും ബി ജെ പിയേയും വിശ്വാസത്തിലെടുക്കുന്നില്ല. മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും ഇവര്‍ക്ക് വലിയ മമതയില്ല. ഈ സുവര്‍ണാവസരം മുതലെടുത്താണ് നക്‌സലുകളും മാവോവാദികളും ആദിവാസികളുടെയും ഗോത്ര വിഭാഗങ്ങളുടെയും അധ:സ്ഥിത വിഭാഗങ്ങളുടെയും സംരക്ഷക വേഷം കെട്ടുന്നത്. ബീഹാറിലും ഛത്തീസ്ഗഡിലും ആന്ധ്രാപ്രദേശിലും ഝാര്‍ഖണ്ഡിലും ഒഡിഷയിലും, മഹാരാഷ്ട്രയിലും, പശ്ചിമബംഗാളിലുമെല്ലാം ഈ പ്രവണത കാണാം.
മാവോയിസ്റ്റുകള്‍ക്കെതിരായ വേട്ടയെന്ന പേരില്‍ പോലീസും അര്‍ധസൈനിക സേനാ വിഭാഗങ്ങളും അവകാശങ്ങള്‍ക്കായി പോരാടുന്ന ആദിവാസികള്‍ക്കും അധഃസ്ഥിതി വിഭാഗങ്ങള്‍ക്കുമെതിരെ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്നൊരു രഹസ്യമല്ല. ഛത്തീസ്ഗഢില്‍ നക്‌സലൈറ്റ് വേട്ടക്ക് ഭരണകൂടം രൂപം നല്‍കിയ സ്വകാര്യസേനയായ സല്‍വ ജുദുമിനെ, 2011 ജൂലൈ 11ന് സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുംവരെ ഇവരുടെ മറവിലും നക്‌സല്‍വേട്ടയല്ല, ആദിവാസികളടക്കമുള്ളവരുടെ മനുഷ്യാവകാശങ്ങളെയാണ് വേട്ടയാടിയിരുന്നത്. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചുവരുത്തുന്ന നേതാക്കളെ പോലും വ്യാജ ഏറ്റുമുട്ടലുകളിലൂടെ വധിച്ച അനുഭവം നമുക്ക് മുന്നിലുണ്ട്. ആസാദും കിഷന്‍ജിയുമെല്ലാം ഭരണകൂട ഭീകരതക്ക് ഇരയായവരാണ്. ഇത്രയൊക്കെയായിട്ടും ഇടതുപക്ഷ തീവ്രവാദവിരുദ്ധ പോരാട്ടത്തിന് കൂടുതല്‍ നിശ്ചയദാര്‍ഢ്യം ആവശ്യമാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തോട് പ്രതികരിച്ചത്. ഛത്തീസ്ഗഡില്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കുന്നതിനൊപ്പം, മുഖ്യമന്ത്രി രമണ്‍ സിംഗിന് എന്‍ എസ് ജി കമാന്‍ഡോകളെ ഉള്‍പ്പെടുത്തി “ഇസെഡ് പ്ലസ്” സുരക്ഷ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
maoists--621x414നക്‌സല്‍ വേട്ടക്കായി സംസ്ഥാന ഭരണകൂടം രൂപം നല്‍കിയ സല്‍വ ജുദുമിനെ ഇപ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും തള്ളിപ്പറയുന്നുണ്ടെങ്കിലും സുപ്രീം കോടതി നിരോധിക്കുന്നതുവരെയും അതിന് ഇവരുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ ഇതിനുണ്ടായിരുന്നു. ഇതിന്റെ ബുദ്ധികേന്ദ്രം കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മയായിരുന്നു. കുത്തക മുതലാളിത്തത്തിന്റെയും വ്യവസായികളുടേയും അനധികൃത ധാതുനിക്ഷേപ ചൂഷകരുടേയും താത്പര്യ സംരക്ഷണമായിരുന്നു വാസ്തവത്തില്‍ സല്‍വ ജുദും നിറവേറ്റിയിരുന്നത്. അതുകൊണ്ടുതന്നെ ആദിവാസികളും ഗോത്രവര്‍ഗക്കാരും നക്‌സലുകളിലും മാവോയിസ്റ്റുകളിലും അഭയം തേടി. ഭരണകൂട ഭീകരത കൂടിയായപ്പോള്‍ ഈ ജനസഞ്ചയം വ്യവസ്ഥാപിത ഭരണകൂടത്തിനെതിരെ തിരിഞ്ഞു. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളെല്ലാം അണിനിരന്ന “പരിവര്‍ത്തന്‍ റാലി”ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാറിന് കഴിയാതെ പോയത് മാവോയിസ്റ്റുകള്‍ക്ക് കാര്യം എളുപ്പമാക്കി.
രക്തം ചിന്തിയും ജീവനെടുത്തുമുള്ള പോരാട്ടം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ലോകത്തിന് അഹിംസയെന്ന മഹനീയ സന്ദേശം നല്‍കുകയും അത് പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുക്കുകയും ചെയ്ത മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ വിശേഷിച്ചും. സാമൂഹിക, സാമ്പത്തിക ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സാമൂഹിക നീതി ഉറപ്പാക്കാനും സമഗ്രമായ നടപടികളാണ് ആവശ്യം. ഭൂപരിഷ്‌കരണനടപടികള്‍ ഇതില്‍ പ്രധാനമാണ്. ആദിമനിവാസികളുടെ ഭൂമി അവരില്‍ നിക്ഷിപ്തമാക്കണം. ഇത്തരം നടപടികളിലൂടെ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനാകൂ. ഇക്കാര്യത്തില്‍ ഭരണകൂടത്തിന് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.

---- facebook comment plugin here -----

Latest