ഭരണകൂട ഭീകരതയും മാവോയിസ്റ്റുകളുടെ നരഹത്യകളും

Posted on: May 28, 2013 6:05 am | Last updated: May 28, 2013 at 12:08 am
SHARE

maoists--621x414ആഗോള മൂലധനത്തിന്റെയും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെയും വിധ്വംസകമായ കടന്നുകയറ്റങ്ങളില്‍ സ്വന്തം ആവാസ മേഖലകളില്‍നിന്ന് പറിച്ചെറിയപ്പെട്ടവരും ജീവിതം വഴമുട്ടിപ്പോയവരുമാണ് മാവോയിസ്റ്റ് സൈനിക ദളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഗോത്രവംശജരും പട്ടിക ജാതിക്കാരും. ബൈലാന്റിലെയും ദണ്ഡകാരണ്യത്തിലെയും ഖനിജ മേഖലകളില്‍നിന്നും കാര്‍ഷിക മേഖലകളില്‍നിന്നും പറിച്ചെറിയപ്പെട്ടവരെയാണ് മാവോയിസ്റ്റുകള്‍ സ്വത്വാധിഷ്ഠിതമായ പ്രസ്ഥാനങ്ങളിലൂടെ തങ്ങളുടെ തീവ്രവാദ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി ഉദ്ഗ്രഥിച്ചെടുത്തത്. നൈസര്‍ഗികവും പരമ്പരാഗതവുമായ തങ്ങളുടെ ഉപജീവന സാധ്യതകളില്‍നിന്ന് പുറന്തള്ളപ്പെട്ടവരാണ് മാവോയിസ്റ്റുകളുടെ അപക്വവും അതിസാഹസികവുമായ വിപ്ലവസിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായി സ്വയം ചാവേറുകളായിത്തീര്‍ന്നത്. ഏറ്റവുമൊടുവില്‍ 27 പേരുടെ ജീവനൊടുക്കിയ കൂട്ടക്കൊലയിലൂടെ മാവോയിസ്റ്റുകള്‍ തങ്ങളുടെ സാന്നിധ്യം ഹിംസാത്മകമായി രാജ്യത്തെ അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ മാവോയിസ്റ്റുകളുടെ ചരിത്രം തുടങ്ങുന്നത് 1967ലെ നക്‌സല്‍ബാരി സമരത്തിലൂടെയാണല്ലോ. പീക്കിംഗ് റേഡിയോ ‘ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്ക’മെന്നാണ് നക്‌സല്‍ബാരി കലാപത്തെ വിശേഷിപ്പിച്ചത്. അതോടെ നക്‌സല്‍ബാരി പ്രസ്ഥാനത്തിന് വലിയ സാര്‍വദേശീയ ശ്രദ്ധയാണ് ലഭിച്ചത്. വിഭാഗീയവും സായുധ സമരത്തെ ഏക സമരരൂപമായി സ്വീകരിച്ചതുമായ നക്‌സല്‍ബാരി പ്രസ്ഥാനം അതിവേഗം അടിച്ചമര്‍ത്തപ്പെടുകയും ശിഥിലമാകുകയും ചെയ്തു. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍നിന്നകലുകയും ഒറ്റപ്പെട്ട സായുധ പ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുകയും ചെയ്ത പല നക്‌സലൈറ്റ് ഗ്രൂപ്പുകളും ഭരണവര്‍ഗ താത്പര്യങ്ങളുടെ ഉപകരണമായി അധഃപതിച്ചു. മഹാനായ മാവോവിന്റെ പേരില്‍ ആവിഷ്‌കരിക്കപ്പെട്ട മാവോയിസത്തിന്റെ സൈദ്ധാന്തിക നിലപാടുകള്‍ ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ മാവോ മുന്നോട്ടുവെച്ച ജനാധിപത്യ രാഷ്ട്രീയത്തെയാകെ നിരാകരിക്കുന്നതായിരുന്നു. മാര്‍ക്‌സിസവുമായി വിദൂരബന്ധം പോലുമില്ലാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരണകളാണ് മാവോയിസ്റ്റുകളെ നയിക്കുന്നത്. അതിവിപ്ലവ നിലപാടുകളും നവപ്രസ്ഥാനങ്ങളുടെ പരിവേഷമണിഞ്ഞ എന്‍ ജി ഒയിസവുമാണ് മാവോയിസ്റ്റുകളുടെ പ്രത്യയശാസ്ത്ര ധാരണകളെ രൂപപ്പെടുത്തിയെടത്തത്. അത് സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ സിദ്ധാന്തപരവും പ്രായോഗികവുമായ സാധ്യതകളെയാണ് എന്നും വികസിപ്പിച്ചെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ ഇത്തരം ഗ്രൂപ്പുകളെ അവസരോചിതമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ബംഗാളില്‍ മമതാ ബാനര്‍ജി മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെ മുന്നില്‍ നിര്‍ത്തിയാണല്ലോ ഇടതുപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തന്റെ പരിബര്‍ത്തന്‍ ക്യാമ്പയിന്‍ നടത്തിയത്. സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ബംഗാളില്‍ നടന്ന നിഷ്ഠൂരമായ കൊലപാതകങ്ങളെക്കുറിച്ച് മൗനം പാലിച്ചവര്‍ ഇപ്പോള്‍ ഛത്തീസ്ഗഢ് കൂട്ടക്കൊലയില്‍ ഉത്കണ്ഠാകുലരായിരിക്കുകയാണ്.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ രൂപവത്കരിച്ച സിവിലന്‍ സേനയാണ് സല്‍വാജൂദും. ഗാണി ഭാഷയിലെ ഈ പദത്തിന്റെ അര്‍ഥം ശുദ്ധീകരണ പോരാട്ടമെന്നാണ്. മാവോയിസ്റ്റുകള്‍ക്കെതിരായ ഭരണകൂട വേട്ടയുടെ മറ്റൊരു രൂപമായിരുന്നു സല്‍വാജൂദും. അതിന്റെ സൂത്രധാരനും കാര്‍മികനുമായിട്ടാണ് മഹേന്ദ്ര സിംഗ് കര്‍മ മാവോയിസ്റ്റ് സ്വാധീന മേഖലകളെ വേട്ടയാടിയത്. ബി ജെ പി മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മുന്‍കൈയിലാണ് സല്‍വാജൂദും സ്ഥാപിക്കപ്പെട്ടത്. ഭീകരമായ നരവേട്ടയാണ് ഗോത്രമേഖലകളില്‍ സല്‍വാ ജൂദും നടത്തിയത്. 644 ലധികം ആദിവാസി ഗ്രാമങ്ങളെയാണ് ചുട്ടെരിച്ചത്. നിരവധി ആദിവാസി സ്ത്രീകള്‍ മാനഭംഗത്തിനിരയായി. മൂന്ന് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥിളായി മാറി. സല്‍വാ ജൂദൂമിനെതിരെ മാവോയിസ്റ്റുകളും കടുത്ത ആക്രമണമഴിച്ചുവിട്ടു. നിയമാതീതമായി പ്രവര്‍ത്തിക്കുന്ന കൊലയാളി സംഘങ്ങളാണ് സല്‍വാജൂദൂമെന്ന കാര്യം സുപ്രീം കോടതിയുടെ മുന്നിലെത്തി. ഡോ. ബിനായക് സെന്നിനെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലയാളി സംഘങ്ങളാണ് സല്‍വാജൂദൂമെന്ന് വാദിച്ചു. 2011 ല്‍ സുപ്രീം കോടതി സല്‍വാജൂദൂം എന്ന സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചു.
ഭരണവര്‍ഗീയതയുടെ സൃഷ്ടിയാണ് സല്‍വാ ജൂദൂമെന്ന പോലെ മാവോയിസ്റ്റുകളുമെന്നതാണ് യാഥാര്‍ഥ്യം. ഇന്നിപ്പോള്‍ മാവോയിസ്റ്റുകളുടെ അതിസാഹസികമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വരഹിതമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമ്രാജ്യത്വത്തിനും ഇന്ത്യന്‍ ഭരണകൂടത്തിനുമെതിരായ ദീര്‍ഘകാല ജനകീയ യുദ്ധപാത തിരഞ്ഞെടുത്തവര്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ബംഗാളില്‍ വേട്ടയാടുകയായിരുന്നുവല്ലോ. തങ്ങള്‍ സായുധ വിപ്ലവ പാതയില്‍ ജ്വലിച്ചു നില്‍ക്കുകയാണെന്ന് ലോകത്തെ അറിയിക്കാനാണ് ഇടക്കിടെ തീവണ്ടികളില്‍ ബോംബ് വെച്ച് നിരപരാധികളെ കൊല ചെയ്യുന്നത്. അര്‍ധസൈനികരെയും നിരപരാധികളായ ജനങ്ങളെയും കുഴിബോംബുകള്‍ വെച്ച് കശാപ്പ് ചെയ്യുന്നത്.
കോര്‍പ്പറേറ്റുകള്‍ക്കും പുത്തന്‍ മുതലാളിമാര്‍ക്കുമെതിരെ തങ്ങള്‍ പോരാടുകയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ ഭീകരപ്രവര്‍ത്തനം തുടരുന്നത്. ഇവര്‍ക്ക് എന്‍ ജി ഒകളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും സഹായവും പ്രോത്സാഹനവുമുണ്ട്. ആഗോളവത്കരണ നയങ്ങള്‍ തീക്ഷ്ണമാക്കുന്ന കാര്‍ഷിക തകര്‍ച്ചയുടെയും അധഃസ്ഥിത ജനസമൂഹങ്ങളുടെ പ്രാന്തവത്കരണത്തിന്റെയും സാമൂഹിക സാഹചര്യം മാവോയിസ്റ്റുകളുടെ അതിവിപ്ലവപ്രയോഗങ്ങള്‍ക്ക് മണ്ണൊരുക്കുന്നുമുണ്ട്. അനീതിക്കും ചൂഷണത്തിനുമെതിരെ ചിന്തിക്കുന്നവരെ വഴിതെറ്റിക്കുകയും രാഷ്ട്രീയ അബദ്ധങ്ങളിലേക്ക് നയിക്കുകയുമാണ് മാവോയിസ്റ്റുകള്‍.