എല്‍ ഡി സി തസ്തികയിലേക്ക് പുതിയ അപേക്ഷ ക്ഷണിക്കാന്‍ പി എസ് സി തീരുമാനം

Posted on: May 28, 2013 12:00 am | Last updated: May 28, 2013 at 12:00 am
SHARE

pscതിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാറിന്റെ ശിപാര്‍ശ ഇന്നലെ ചേര്‍ന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്തില്ല. ശിപാര്‍ശ അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. എന്നാല്‍, 14 ജില്ലകളിലും എല്‍ ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് പുതുതായി അപേക്ഷ ക്ഷണിക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. അഞ്ച് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് തീരുമാനം. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ ഒറ്റത്തവണ വെരിഫിക്കേഷന് വിധേയമാക്കി 2015 മാര്‍ച്ചില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന രീതിയില്‍ നടപടികള്‍ ക്രമീകരിക്കും.
പതിനാല് മാസം മുമ്പ് പ്രസിദ്ധീകരിച്ച നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന തിയതിയിലാണ് പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നത്. അടുത്ത കമ്മീഷന്‍ യോഗത്തിലായിരിക്കും ഇക്കാര്യം ചര്‍ച്ച ചെയ്യുക. കൊല്‍ക്കത്തയില്‍ എ എം ആര്‍ ഐ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച രണ്ട് മലയാളി നഴ്‌സുമാരുടെ കുടുംബങ്ങള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം അംഗീകരിക്കുകയായിരുന്നു.
കോട്ടയം കോതനല്ലൂര്‍ പുളിക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെയും മേരിയുടെയും മകള്‍ വിനീതയും ഉഴവൂര്‍ ഈസ്റ്റ് മാച്ചേരില്‍ പരേതനായ രാജന്റെയും ഉഷയുടെയും മകള്‍ രമ്യയുമാണ് തീപ്പിടിത്തത്തില്‍ മരിച്ചത്. സര്‍ക്കാര്‍ സര്‍വീസിലെ വകുപ്പു മാറ്റം സംബന്ധിച്ച നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സര്‍വീസില്‍ ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പിലേക്ക് ജോലി ലഭിച്ച് പോകുന്നവര്‍ക്ക് ആ ജോലി ഉപേക്ഷിച്ച് ആദ്യ ജോലിയിലേക്ക് മടങ്ങിവരാന്‍ നിലവില്‍ സമയപരിധിയില്ല. ഈ സ്വാതന്ത്ര്യം അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്താനാണ് കമ്മീഷന്റെ തീരുമാനം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം പി എസ് സി അംഗീകരിക്കുകയായിരുന്നു.