സ്വദേശിവത്കരണം: കുവൈത്തില്‍ നടപടികള്‍ ശക്തമാക്കുന്നു

Posted on: May 28, 2013 6:00 am | Last updated: May 27, 2013 at 11:59 pm
SHARE

കുവൈത്ത് സിറ്റി:സഊദി അറേബ്യയിലെ നിതാഖാത് നടപടികള്‍ക്ക് പിന്നാലെ കുവൈത്തും സ്വദേശിവത്കരണ പാതയില്‍ ശക്തമായ നടപടികളുമായി മുന്നോട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരംഭിച്ച പ്രത്യക്ഷ നടപടികളില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ കടുത്ത ആശങ്കയുടെ നിഴലിലാണ്. പ്രതിവര്‍ഷം ഒരു ലക്ഷം വീതം വിദേശികളെ പുറത്താക്കുമെന്ന പുതുതായി ചുമതലയേറ്റ തൊഴില്‍ മന്ത്രി ദകറ അല്‍ റഫീദിയുടെ പ്രഖ്യാപനത്തോടെയായിരുന്നു നടപടികളുടെ ആരംഭം.

മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലിബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഫഹാഹീല്‍, മങ്കഫ് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പോലീസ് റെയ്ഡാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. നൂറുകണക്കിന് മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശി തൊഴിലാളികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
സ്‌പോണ്‍സര്‍ഷിപ്പ് മാറി ജോലി ചെയ്യന്നവര്‍, ഡൊമസ്റ്റിക് വിസയില്‍ വന്ന് പുറം ജോലികള്‍ നോക്കുന്നവര്‍, സ്‌പോണ്‍സറെ കാണാതെയും മറ്റും റസിഡന്‍സി കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവരെയാണ് പിടികൂടുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി പിടികൂടി ജയിലിലടക്കപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ അവസരമുണ്ടാക്കണമെന്നും നിയമവിരുദ്ധ താമസക്കാര്‍ക്ക് മടങ്ങാന്‍ പൊതുമാപ്പിലൂടെ അവസരമൊരുക്കാന്‍ കുവൈത്ത് സര്‍ക്കാറിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. സ്വദേശിവത്കരണത്തിന്റെ പേരില്‍ കുവൈത്ത് വിടേണ്ടി വരുന്നവര്‍ക്ക് നിയമപരമായ മാര്‍ഗത്തിലൂടെ കുവൈത്തിലേക്കോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കോ തിരികെ പോവാന്‍ തടസ്സമില്ലാതാക്കാനും നടപടികളെടുക്കണം. സഊദിയില്‍ സമാനമായ നടപടികള്‍ ഉണ്ടായപ്പോള്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സര്‍ക്കാറുകള്‍ ഇവിടെ മുഖം തിരിക്കുകയാണെന്ന് ആരോപണമുണ്ട്.
ജയിലിലകപ്പെട്ട ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കാന്‍ അടിയന്തര നടപടികളെടുക്കണമെന്ന് ആവശ്യപ്പെടാനും സ്വദേശിവത്കരണ നിയമം കര്‍ശനമാക്കുന്നത് മൂലമുള്ള മറ്റ് പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനുമായി ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ ഇന്നലെ കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചര്‍ച്ച നടത്തി. അതോടൊപ്പം കേന്ദ്ര പ്രവാസികാര്യ മന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവടക്കമുള്ള പ്രധാന നേതാക്കള്‍ക്കും നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമം, പിടികൂടപ്പെട്ടവരെ കൊണ്ട് ഇതിനകം വിവിധ ജയിലുകളും ഡിപ്പോര്‍ട്ടേഷന്‍ സെന്ററും നിറഞ്ഞു കവിഞ്ഞു. പല ജയിലുകളിലെയും അവസ്ഥ തീര്‍ത്തും ദയനീയമാണ്. ഉള്‍ക്കൊള്ളാനാകുന്നതിന്റെ നാലും അഞ്ചും ഇരട്ടി ആളുകളെയാണ് ജയിലുകളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
സ്‌പോണ്‍സര്‍ ടിക്കറ്റുമായി ഹാജരാകുകയോ, അല്ലെങ്കില്‍ സ്വന്തം നിലക്ക് ടിക്കറ്റ് ഏര്‍പ്പാടു ചെയ്യുകയോ ചെയ്താല്‍ മാത്രമേ മോചിതനാകാന്‍ സാധിക്കുകയുള്ളൂ. പലരും കഫീലിന്റെ ഫോണ്‍ നമ്പര്‍ പോലും അറിയാത്തവരാണ്.
ശക്തമായ നടപടികള്‍ എടുക്കേണ്ടതിന് പകരം മൗനം പാലിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രവാസി സമൂഹം ശക്തമായ പ്രതിഷേധത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here