സി പി എമ്മില്‍ ഭിന്നത രൂക്ഷം

Posted on: May 28, 2013 6:00 am | Last updated: May 27, 2013 at 11:57 pm
SHARE

cpmഎം എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു മാളിനും ബോള്‍ഗാട്ടി പദ്ധതിക്കുമെതിരെ നിലപാടെടുത്ത സി പി എം വെട്ടില്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പദ്ധതിയെ അനുകൂലിച്ച് രംഗത്തു വന്നു. എറണാകുളം ജില്ലയിലെ സി പി എമ്മിലെ വിഭാഗീയതയാണ് പരാതിക്ക് അടിസ്ഥാനമായി വിലയിരുത്തുന്നതെങ്കിലും ഔദ്യോഗികപക്ഷ നേതാക്കളും യൂസുഫലിയെ അനുകൂലിച്ചത് എതിര്‍പ്പുയര്‍ത്തിയ ജില്ലാ കമ്മിറ്റിയെയും പ്രതിരോധത്തിലാക്കി. മുന്‍മന്ത്രി കൂടിയായ പാലോളി മുഹമ്മദ് കുട്ടിയാണ് പദ്ധതിയെക്കുറിച്ച് സി പി എമ്മില്‍ രണ്ടഭിപ്രായം ഉയര്‍ന്നതില്‍ അമര്‍ഷം രേഖപ്പെടുത്തിയത്. ഇതോടെ, ലുലു വിവാദത്തെ ചൊല്ലി സി പി എമ്മില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമായി.

അതേസമയം, സി പി എം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുന്ന എറണാകുളം ജില്ലാ കമ്മിറ്റിയിലെ ഭിന്നത തന്നെയാണ് വിവാദങ്ങളുടെ കാതല്‍. അടുത്തിടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ദിനേശ് മണിയെ തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ വി എസ് പക്ഷത്തിനാണ് ഭൂരിപക്ഷമെങ്കിലും ഔദ്യോഗിക പക്ഷത്താണ് ദിനേശ് മണി. ലുലു മാളിനെതിരായ ദിനേശ് മണിയുടെ നിലപാടിനെ എതിര്‍ത്ത് എറണാകുളത്ത് നിന്നുള്ള വി എസ് പക്ഷ നേതാവായ ചന്ദ്രന്‍ പിള്ള രംഗത്തുവന്നതും ശ്രദ്ധേയമാണ്.
ലുലു മാളും ബോള്‍ഗാട്ടി പദ്ധതിയുടെ ഭൂമി കൈമാറ്റവും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് നടന്നതെന്നിരിക്കെ രണ്ട് പദ്ധതികള്‍ക്കുമെതിരെ പെട്ടെന്നൊരു നിലപാട് സ്വീകരിച്ചതിന്റെ പ്രകോപനം എന്തെന്ന് ഇനിയും വ്യക്തമല്ല. ചട്ടവിരുദ്ധവും പാട്ടത്തുക കുറഞ്ഞതുമാണ് പ്രശ്‌നമെങ്കില്‍ മുന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തടഞ്ഞില്ലെന്ന ചോദ്യം സി പി എമ്മിനെ തിരിഞ്ഞു കുത്തുകയാണ്. ഇപ്പോള്‍ ആരോപണവുമായി രംഗത്തുവന്ന എറണാകുളം ജില്ലാ കമ്മിറ്റി ഇത്രയും നാള്‍ എന്താണ് പരാതി ഉന്നയിക്കാതിരുന്നതെന്ന ചോദ്യത്തിനും മറുപടി നല്‍കാന്‍ സി പി എമ്മിനായിട്ടില്ല.
ബോള്‍ഗാട്ടി പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി കൈമാറ്റം 2010ലാണ് നടന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് കണ്‍വെന്‍ഷന്‍ സെന്ററിനായി 2010 ജൂണ്‍ ആറിന് ടെന്‍ഡര്‍ പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞും ആരും മുന്നോട്ടു വരാതായപ്പോഴാണ് എം കെ ഗ്രൂപ്പ് രംഗത്തെത്തിയത്. 2011 ജൂലൈയില്‍ കരാര്‍ ഒപ്പിടുമ്പോഴും പ്രശ്‌നമുണ്ടായില്ല.
ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് വന്നപ്പോഴും ഭൂമി കൈമാറ്റം ശരിവെച്ചു കൊണ്ടുള്ള വിധി പ്രസ്താവമാണ് ഉണ്ടായത്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ എം കെ ഗ്രൂപ്പ് നേരത്തെ തന്നെ സ്ഥലം എം എല്‍ എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. പ്രതിവര്‍ഷം 4.5 കോടി രൂപ മുളവുകാട് പഞ്ചായത്തിന് നികുതി കിട്ടുന്ന പദ്ധതിയോട് അന്ന് എല്ലാവരും യോജിച്ചു.
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിനെക്കുറിച്ചുള്ള സി പി എമ്മിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് യൂസുഫലി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിനോടനുബന്ധിച്ചു നിര്‍മിക്കുന്ന സര്‍വീസ് അപ്പാര്‍ട്ട്്‌മെന്റുകളെക്കുറിച്ച് ഫഌറ്റ് കച്ചവടം നടത്തുന്നുവെന്നാണ് സി പി എം ഉന്നയിച്ചിരിക്കുന്ന ആരോപണം. എന്നാല്‍, ലോകത്തെ എല്ലാ കണ്‍വന്‍ഷന്‍ സെന്ററുകളോടനുബന്ധിച്ചും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളുണ്ടെന്ന് എം കെ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇവ വില്‍പ്പനക്കല്ല. മുപ്പത് വര്‍ഷത്തെ പാട്ടത്തിനെടുത്ത സ്ഥലത്ത് ആരെങ്കിലും ഫഌറ്റ് വാങ്ങാന്‍ വരുമോ എന്ന മറുചോദ്യവും എം കെ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്.
എതിര്‍പ്പുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പിന്മാറുമെന്നാണ് യൂസുഫലിയുടെ പ്രഖ്യാപനം. എന്നാല്‍, ഇതിന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. വിവാദമുണ്ടായപ്പോള്‍ മുഖ്യമന്ത്രി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനോട് വിശദീകരണം തേടിയിരുന്നു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ചെയര്‍മാന്‍ നല്‍കിയിട്ടുണ്ട്. നാളെ ചേരുന്ന മന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here