Connect with us

Malappuram

ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ദുരിതം

Published

|

Last Updated

മഞ്ചേരി: ക്യാന്‍സര്‍ രോഗികളും ഗര്‍ഭിണികളും തറയില്‍ പായ വിരിച്ചുകിടക്കുമ്പോള്‍ രോഗികള്‍ക്ക് അനുവദിച്ച മുറികളും വാര്‍ഡുകളും ജീവനക്കാര്‍ കൈയടക്കി വെച്ച നിലയില്‍. മഞ്ചേരി ശിഹാബ് തങ്ങള്‍ സ്മാരക ജനറല്‍ ആശുപത്രിയിലാണ് ഈ ദുരവസ്ഥ.
കീമോ തെറാപ്പിക്ക് വിധേയരായ അര്‍ബുദ രോഗികള്‍ക്ക് കിടക്കാന്‍ മുറിയോ കട്ടിലോ ഇല്ലാത്ത സാഹചര്യത്തില്‍ ഇലക്ട്രീഷ്യനും ഡ്രൈവറും മറ്റു താത്കാലിക ജീവനക്കാരും മൂന്നുബെഡുകളുമുള്ള മുറികള്‍ സ്വന്തമാക്കി വെച്ചിരിക്കയാണ്. ഗര്‍ഭിണികളും ശിശുക്കളും തറയില്‍ കിടക്കുന്ന സാഹചര്യം ഇനിയുണ്ടാവില്ലെന്ന് ജനറല്‍ ആശുപത്രി ഉദ്ഘാടന വേളയില്‍ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
ആശുപത്രിയില്‍ ആവശ്യത്തിനു മരുന്നോ മതിയായ ജീവനക്കാരോ നിലവിലില്ല. ക്യാന്‍സര്‍ ഉള്‍പ്പെടെ പുതിയ പല യൂനിറ്റുകള്‍ ആരംഭിച്ചിട്ടും ആവശ്യമായ ജീവനക്കാര്‍ നിലവിലില്ല. രോഗികളുടെ പരാതി കേട്ടുമടുത്ത സ്‌പെഷലിസ്റ്റ് ഡോ. ബാല മുരളി അവധിയില്‍ പ്രവേശിച്ചതോടെ രോഗികളുടെ ദുരിതം ഇരട്ടിച്ചു. കീമോതെറാപ്പിക്ക് വിധേയമാക്കുന്ന രോഗികളെ കിടത്തുന്നത് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച രോഗികള്‍ കിടക്കുന്ന ജനറല്‍ വാര്‍ഡിലാണ്.
കീമോതെറാപ്പിയെടുക്കുന്ന രോഗികളെ പ്രതേക റൂമിലോ വാര്‍ഡിലോ കിടത്തി ചികിത്സിക്കണമെന്ന സുപ്രണ്ടിന്റെ നിര്‍ദേശം പോലും നടപ്പാക്കാനായിട്ടില്ല. എഡ്ഡ് ഡി സി യുടെയും എന്‍ ആര്‍ എച്ച് എമ്മിന്റെയും താത്കാലിക ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യം രണ്ടായിരം രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കുടിശ്ശിക ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. പതിനായിരം രൂപയിലധികം കീമോതെറാപ്പിക്കും മരുന്നിനും ചിലവാകുമ്പോഴാണ് രണ്ടായിരം രൂപ അനുവദിക്കുന്നത്.

Latest