രണ്ട് മലയാളി വനിതകള്‍ക്ക് വിക്കിമാനിയയില്‍ പങ്കെടുക്കാന്‍ അവസരം

Posted on: May 27, 2013 7:55 am | Last updated: May 27, 2013 at 7:55 am
1be0_97a8
നേതാ ഹുസൈന്‍

വണ്ടൂര്‍: ഹോങ്കോങ്ങില്‍ നടക്കുന്ന വിക്കിമാനിയയില്‍ പങ്കെടുക്കാന്‍ മലയാളികളായ രണ്ട് വനിതകള്‍ക്ക് അവസരം.കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ഥിനിയായ നെത ഹുസൈന്‍, തിരുവനന്തപുരം കുറ്റിച്ചാല്‍ ലോര്‍ദെസ് മാതാ കോളജിലെ അസിസ്റ്റ്ന്റ് പ്രഫസറായ കാവ്യ മനോഹര്‍ എന്നിവരാണ് ഈ അവസരം ലഭിച്ച മലയാളി വനിതകള്‍.

ഇന്ത്യയില്‍ നിന്ന് ആകെ പതിനൊന്ന് പേര്‍്ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്.ആഗ്‌സറ്റ് ഒമ്പത് മുതല്‍ പതിനൊന്ന് വരെ ഹോങ്കോങ്ങ് പോളിടെക്‌നിക് സര്‍വകലാശാലയിലാണ് വിക്കിമാനിയ സമ്മേളനം നടക്കുന്നത്. സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ വാര്‍ഷിക പരിപാടിയാണ് വിക്കിമാനിയ.50 രാജ്യങ്ങളില്‍ നിന്നായി 300 മുതല്‍ 700വരെയാളുകളാണ് വിക്കിപീഡിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുക.
വിക്കിപീഡിയയില്‍ ലേഖനം എഴുതുന്നവര്‍,തിരുത്തുന്നവര്‍,പ്രോഗ്രാം ചെയ്യുന്നവര്‍,ഫോട്ടോഗ്രാഫര്‍മാര്‍, വിക്കിപീഡിയ അംഗങ്ങളുമാണ് വിക്കിമാനിയയില്‍ പങ്കെടുക്കുന്നത്. മലയാളം വിക്കിപീഡിയയിലെ സജീവ ഉപയോക്താവായ നെത ഹുസൈന്‍ കഴിഞ്ഞ വര്‍ഷം മെയ് 23 മുതല്‍ 26 വരെ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണെസ് അയ്‌റിസില്‍ നടന്ന അന്തര്‍ദേശീയ വിമണ്‍സ് കോണ്‍ഫറന്‍സിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു.
അന്ന് വിക്കീപീഡിയ സംഘടിപ്പിച്ച സെമിനാറില്‍ രാജ്യത്ത് നിന്ന് പങ്കെടുത്ത ഏക ഇന്ത്യന്‍ വനിതകൂടിയായിരുന്നു നെത. ജര്‍മ്മനി,അമേരിക്ക,ബോസ്ടണ്‍,തൈവാന്‍,ഈജിപ്ത്,അര്‍ജന്റീന,പോളണ്ട്,ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളിലാണ് ഇതിനകം വിക്കിമാനിയ സമ്മേളനം നടന്നിട്ടുള്ളത്.