മൊബൈല്‍ ഫോണ്‍ സമ്മാന തട്ടിപ്പ് വ്യാപകം

Posted on: May 27, 2013 7:48 am | Last updated: May 27, 2013 at 7:48 am
SHARE

വണ്ടൂര്‍: റിലയന്‍സ് ഫൗണ്ടേഷനില്‍ നിന്ന് നാല് കോടി രൂപ താങ്കള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു; താങ്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ താഴെ കാണുന്ന ഇമെയില്‍ അഡ്രസ്സിലേക്ക് മെയില്‍ ചെയ്യുക. കഴിഞ്ഞ ചില മാസങ്ങളായി വിവിധ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന സമ്മാന തട്ടിപ്പിന്റെ സന്ദേശങ്ങളില്‍ ഒന്നുമാത്രമാണിത്. വിവിധ കമ്പനികളുടെ പേരില്‍ സ്വര്‍ണ മാലകള്‍ മുതല്‍ കോടികള്‍ വരെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് മോഹിപ്പിക്കുന്ന നിരവധി എസ് എം എസുകളാണ് മൊബൈലുകളിലേക്ക് വരുന്നത്.
ഇംഗ്ലണ്ടില്‍ നിന്നുള്ള കൊക്കോള കമ്പനി, റിലയന്‍സ്, ഷെല്‍ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ പേരുകള്‍ മുതല്‍ അന്യ സംസ്ഥാനത്തുള്ള നമ്പറുകളില്‍ നിന്നുള്ള എസ് എം എസുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം വണ്ടൂര്‍ കൂരാടുള്ള ഒരു കുടുംബിനിയാണ് തട്ടിപ്പിനിരയായത്. പോസ്റ്റ് ഓഫീസിലേക്ക് അയച്ച സമ്മാനപ്പെട്ടി തുറന്നപ്പോള്‍ പത്ത് പവന്‍ സ്വര്‍ണ്ണത്തിന് പകരം പത്ത് രൂപ വിലയുള്ള രണ്ട് മുത്തുമാലകളാണ് ലഭിച്ചത്. ജില്ലയില്‍ നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. വണ്ടൂര്‍ ചെറുകോടുള്ള സ്വകാര്യ വ്യക്തിക്ക് 50,000 പൗണ്ടാണ് ഇംഗ്ലണ്ടിലെ കൊക്കോള കമ്പനി സമ്മാനമായി ലഭിച്ചതായി അറിയിച്ച് ഇമെയിലും എസ് എം എസും ലഭിച്ചത്.
സമ്മാനം ലഭിച്ച പാര്‍സലിന്റെ ഫോട്ടോയും ഇമെയില്‍ അക്കുകയും ചെയ്തിരുന്നു. സമ്മാനം കൊണ്ടുവരാന്‍ കസ്റ്റംസ് ഡ്യൂട്ടിയായി 21500 നെറ്റ്‌ബേങ്കിലൂടെ അയച്ചുകൊടുക്കണമെന്നും സമ്മാനം വീട്ടിലെത്തിച്ച് തരാമെന്നുമാണ് കമ്പനി അറിയിച്ചത്. സമ്മാനം കൊണ്ടുവരുന്ന പ്രതിനിധിയുടെ ചിത്രവും അയച്ചുകൊടുത്തിട്ടുണ്ട്. ഡേവിഡ് ജെറിട് എന്ന പേരിലുള്ള കമ്പനി ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയ ആള്‍ +447010056046 നമ്പറില്‍ നിന്ന് വിളിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ഇയാള്‍ സമ്മാന തുകയില്‍ നിന്ന് യാത്രാചെലവ് എടുത്ത് ബാക്കിയുള്ളത് അയച്ചു തന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ട് മറുപടി നല്‍കിയതോടെ സമ്മാന കമ്പനി പിന്നീട് മറുപടിയൊന്നും അയച്ചില്ലെന്ന് ചെറുകോട് സ്വദേശി പറഞ്ഞു. എളങ്കൂര്‍ ചാരങ്കാവിലെ സ്വകാര്യ വ്യക്തിക്ക് റിലയന്‍സ് കമ്പനിയില്‍ നിന്ന് നാല് കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് അറിയിപ്പാണ് എസ് എം എസ് വഴി ലഭിച്ചത്. 00917838025293 നമ്പറില്‍ നിന്നാണ് എസ് എം എസ് വന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി പേരും വിലാസവും അയച്ചുകൊടുക്കാന്‍ പറഞ്ഞതോടെ തട്ടിപ്പാണെന്ന് കരുതി ഇതിന് മുതിര്‍ന്നില്ല. കൂടാതെ ഇദ്ദേഹം സൈബര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ചില വ്യക്തികള്‍ അക്കൗണ്ട് നമ്പര്‍ കൂടി ഇമെയില്‍ ചെയ്തതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവും ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് ബേങ്കുമായി അന്വേഷിച്ചപ്പോള്‍ ഇതെകുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇമെയില്‍ തട്ടിപ്പിന് പിന്നാലെ പോസ്റ്റല്‍ വകുപ്പിന്റെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. അമേരിക്കയടയക്കം വിവിധ വിദേശ രാജ്യങ്ങളിലുള്ള സുഹൃത്തുക്കള്‍ അയച്ച ഭീമന്‍ തുകക്കുള്ള ബേങ്ക് ഡ്രാഫ്റ്റ് പോസ്റ്റല്‍ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും ഡ്രാഫ്റ്റ് കൈപ്പറ്റാന്‍ എത്രയും വേഗം നിശ്ചിത തുക പോസ്റ്റല്‍ വകുപ്പിന് കൈമാറണമെന്നുമാണ് മെയിലിന്റെ ഉള്ളടക്കം. ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ വ്യാജ ലെറ്റര്‍ പാഡിലാണ് മെയില്‍ അയക്കുന്നത്.
അതെസമയം മോഹിപ്പിക്കുന്ന സമ്മാന തുകയില്‍ വീണ് പണം അയച്ചുകൊടുത്ത് സമ്മാനത്തിനായി കാത്തിരിക്കുന്നവര്‍ ഉണ്ടെങ്കിലും പലരും പുറത്തുപറയാന്‍ മടിക്കുകയാണ്. ഇപ്രകാരം നൈജീരിയന്‍ സംഘം നടത്തിയ തട്ടിപ്പില്‍ ആറ് മാസം മുമ്പാണ് മഞ്ചേരിയിലെ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ഇരയായത്. സംഭവത്തില്‍ മൂന്ന് നൈജീരിയക്കാരെ സൈബര്‍ പോലീസ് തന്ത്രപരമായി പിടികൂടിയിരുന്നു. തട്ടിപ്പുകള്‍ക്കിരയാകുന്ന ഇരകളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പരാതിപ്പെടാനെത്തുന്നത്. അപമാനമോര്‍ത്ത് അധികമാരും പരാതിപ്പെടാനും തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. ലോട്ടറി ലഭിച്ചെന്നോ, മൊബൈല്‍ നമ്പറിന് സമ്മാനം ലഭിച്ചെന്നോ അയക്കുന്ന തട്ടിപ്പുകളില്‍ ഇരയാവരുതെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് നേരത്തെ വിശദമായി അറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ശക്തമായ ബോധവത്കരണങ്ങള്‍ ഇനിയും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല. ഇത്തരം ഇമെയിലുകളിലെ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യം നടത്താന്‍ സാധ്യത ഏറെയാണെന്നും കമ്പ്യൂട്ടറുകളിലേക്ക് വൈറസുകള്‍ കടക്കാനും ഇടയാക്കുമെന്നും പോലീസിന്റെ നിര്‍ദേശങ്ങളിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here