Connect with us

Malappuram

വട്ടിപ്പലിശക്കെതിരെ ജില്ലയില്‍ വ്യാപക റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: മണി ലെന്റേഴ്‌സ് ആക്ട് പ്രകാരം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും വട്ടിപ്പലിശക്കാരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മലപ്പുറം ഡി വൈ എസ്പി അഭിലാഷ്, പെരിന്തല്‍മണ്ണ ഡി വൈ എസ് പി വിജയകുമാര്‍, തിരൂര്‍ ഡി വൈ എസ് പി. കെ സെയ്താലി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 36 വീടുകളിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ ആധാരങ്ങള്‍, ബ്ലാങ്ക് ചെക്ക്, പാസ്ബുക്ക്, ഐഡന്‍ഡിറ്റി കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട് കോപ്പി, പാന്‍കാര്‍ഡ്, കളക ്ഷന്‍ ബുക്കുകള്‍ എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പത്തോളം പേര്‍ക്കെതിരെ കേസെടുത്തു. മഞ്ചേരി, തിരൂര്‍, കൊണ്ടോട്ടി, വണ്ടൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും നിലമ്പൂരില്‍ മൂന്നു കേസും കൊളത്തൂരില്‍ രണ്ട് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലമ്പൂര്‍: വട്ടിപ്പലിശക്കാര്‍ക്കെതിരെ നടത്തുന്ന പരിശോധനയുടെ ഭാഗമായി നിലമ്പൂരില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലമ്പൂര്‍ വീട്ടിക്കുന്ന് തെക്കേതില്‍ ഹരീഷ്(39), കരുളായി തേക്കിന്‍കുന്ന് പറമ്പന്‍ കോയ(58), നിലമ്പൂര്‍ മയ്യന്താനി വടക്കേക്കുറ്റ് സോമന്‍(52) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ ആറുമണിയോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പോലീസ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
കസ്റ്റഡിയിലെടുത്ത ഹരീഷിന്റെ കയ്യില്‍ നിന്നും നാല് ചെക്കുകളും കോയയുടെ കയ്യില്‍ നിന്ന് നാലു ചെക്കും ആറു മുദ്രപത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. സോമന്റെ കയ്യില്‍ നിന്നും എഴുതാത്ത മൂന്ന് മുദ്ര പത്രങ്ങളും പിടിച്ചെടുത്തു. വട്ടിക്ക് പണം നല്‍കുമ്പോള്‍ കക്ഷികളില്‍ നിന്നും ബ്ലാങ്ക് മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങാറാണ് പതിവ്. ഇവ പലപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ പോലീസ് പരിശോധന നടത്തിയാലും കണ്ടെത്താറില്ല. മേഖലയില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ വ്യാപകമായി നടക്കുന്നുവെന്ന പരാതി നേരത്തെ തന്നെയുള്ളതാണ്. എന്നാല്‍, പോലീസ് പരിശോധനക്കെത്തുമ്പോള്‍ തെളിവുകള്‍ ലഭിക്കാത്തത് നടപടികള്‍ക്ക് തടസ്സമാകാറാണ് പതിവ്. കസ്റ്റഡിയിലെടുത്തവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും.
തിരൂര്‍: വന്‍പലിശ ഈടാക്കി അനധികൃതമായി പണമിടപാട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തിരൂരില്‍ അറസ്റ്റ് ചെയ്തു. ഏഴൂര്‍ പൊട്ടച്ചോല സൈതാലിക്കുട്ടിയെയാണ് തിരൂര്‍ സി ഐ ആര്‍ റാഫിയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് സംഖ്യ എഴുതിയതും എഴുതാത്തതുമായ ചെക്കുകള്‍, മുദ്രപത്രങ്ങള്‍, റവന്യൂ സ്റ്റാമ്പ് പതിച്ച പേപ്പറുകള്‍, ആര്‍ സി ബുക്കുകള്‍ തുടങ്ങിയ വിവിധ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരന്റെ വീട്ടിലും പരിശോധന നടത്തി. ഇത് കൂടാതെ പൂങ്ങോട്ടുകുളത്തുള്ള തങ്കം ജ്വല്ലറി പാര്‍ട്ണര്‍മാരുടെ വീടുകള്‍ എന്നിവിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി. തിരൂര്‍ ഡി വൈ എസ് പി. കെ എം സൈതാലി, സി ഐ ആര്‍ റാഫി, അഡീഷണല്‍ എസ് ഐ. സി പി വാസു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്.
എപ്പാള്‍: അനധികൃതമായി പണം പലിശക്ക് കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി പൊലീസ് നാല് വീടുകളില്‍ റെയ്ഡ് നടത്തി. എടപ്പാളിനടുത്തുള്ള തട്ടാന്‍പടിയുള്ള നാല് വീടുകളിലാണ് പൊന്നാനി എസ് ഐ. സി പി വേലായുധന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തതായിട്ടാണ് വിവരം. എന്നാല്‍ കേസെടുക്കാനുള്ള രേഖകള്‍ കിട്ടിയിട്ടില്ലെന്ന് എസ്‌ഐ പറഞ്ഞു.
വണ്ടൂര്‍: അനധികൃതമായി പണമിടപാട് നടത്തല്‍ പതിവാക്കിയ ഒരാളെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊട്ടക്കുന്നിലെ മുക്കണ്ണന്‍ അബ്ദുല്‍ മജീദ്(46)നെയാണ് ഇന്നലെ വണ്ടൂര്‍ എസ്‌ഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 30 കോടിയോളം രൂപ വില വരുന്ന ആസ്തികളുടെ ആധാരങ്ങളും ബ്ലാങ്ക് ചെക്കുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പോലീസ് പരിശോധന നടത്തിയത്. വണ്ടൂര്‍-കാളികാവ് റോഡിലെ ചീട്ടുകളി കേന്ദ്രത്തില്‍ വെച്ചാണ് ഇയാള്‍ പണം പലിശക്ക് കൊടുക്കാറുള്ളത്. ഇടപാടുകളില്‍ പലതിനും 200 ശതമാനം വരെ പലിശ ഈടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 16.5 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്തിന്റെ ആധാരങ്ങളും 28 ഒപ്പിട്ട ചെക്കുകളുമാണ് കണ്ടെടുത്തത്.മൂന്ന് ചെക്ക് ലീഫില്‍ 42900 രൂപയും എഴുതി ഒപ്പിട്ടുവാങ്ങിയ ചെക്കുകളുമാണ് കണ്ടെടുത്തത്.30 കോടി രൂപയുടെ രേഖകളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഒപ്പിട്ട 12 മുദ്രപത്രങ്ങള്‍,പത്ത് വസ്തു കൈമാറ്റ രേഖകള്‍, മറ്റു കരാറുകള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പരിശോധനക്ക് വണ്ടൂര്‍ എസ്‌ഐ മനോജ് പറയട്ട, എസ് സി പി ഒ അബ്ദുല്‍ കരീം, സി പി ഒമാരായ ഗോവിന്ദനുണ്ണി, അനില്‍കുമാര്‍,പങ്കജം, സ്വയപ്രഭ എന്നിവര്‍ നേതൃത്വം നല്‍കി.
കൊണ്ടോട്ടി: വട്ടിപ്പലിശയുമായി ബന്ധപ്പെട്ട് മുസ്‌ലിയാരങ്ങാടിയിലെ തോട്ടത്തില്‍ അബൂബക്കറിനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേരി: അമിത പലിശക്ക് പണം കടം കൊടുക്കുന്ന ബേങ്കിംഗ് ഇടപാടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുഴി പാലക്കുന്നത്ത് വിനോദ് കൃഷ്ണനെ(41)യാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് നിരവധി മുദ്രപത്രങ്ങളും ചെക്കുകളും ആര്‍ സി ബുക്കുകളും ഐഡന്റിറ്റി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
മേലാറ്റൂര്‍: പലിശക്ക് പണം നല്‍കി വസ്തുക്കളും ആധാരങ്ങളും ഈടാക്കുന്ന മധ്യവയസ്‌കനെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. വിലപിടിപ്പുള്ള ആധാരങ്ങളും ആര്‍ സി ബുക്കുകള്‍, 25 ലക്ഷം രൂപയുടെ ചെക്ക് ലീഫ്, 33 ബ്ലാങ്ക് ചെക്ക് ലീഫ്, 4,50000 രൂപയുടെയും 85000 രൂപയുടെയും എഗ്രിമെന്റുകള്‍, പ്രമ്മിസര്‍ നോട്ട്, 36 സ്റ്റാമ്പ് പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു. എടയാറ്റൂര്‍ നെടുങ്ങാംപാറയിലെ ഉള്ളാട്ടുകുഴി ജനാര്‍ദ്ദനന്‍(44)നെയാണ് പാണ്ടിക്കാട് സി ഐ. എ ജെ ജോണ്‍സണും സംഘവും പിടികൂടിയത്.

---- facebook comment plugin here -----

Latest