Connect with us

Gulf

സി പി എം ആരോപണങ്ങളില്‍ ഖിന്നനായി എം എ യൂസുഫലി

Published

|

Last Updated

അബുദാബി: സി പി എം ഉന്നയിച്ച ആരോപണങ്ങള്‍ എം എ യൂസുഫലിയെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തിലെ വാക്കുകളില്‍ നിന്ന് വ്യക്തം.
ഞാന്‍ ഭൂമി കൈയേറ്റക്കാരനാണെന്ന് പറയരുതായിരുന്നു. കൊച്ചിയില്‍ ലുലു മാള്‍ പണിയുന്നതിനു മുമ്പും പണിതുകൊണ്ടിരിക്കുമ്പോഴും നിയമാനുസൃതമല്ലാത്ത ഒന്നും ചെയ്തിട്ടില്ല. ആക്ഷേപം ഉന്നയിക്കുന്നതിന് മുമ്പ് സി പി എം നേതാക്കള്‍ക്ക് രേഖകള്‍ പരിശോധിക്കാമായിരുന്നു. അവര്‍ ചോദിച്ചിരുന്നുവെങ്കില്‍ എല്ലാം വ്യക്തമാക്കിക്കൊടുക്കുമായിരുന്നു. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്താണ് മാളിന് അനുമതി ലഭിച്ചത്. ഇപ്പോള്‍ സംശയം പ്രകടിപ്പിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല. മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ എന്നോട് വേണ്ടായിരുന്നു.
അഞ്ച് കൊല്ലം കൊണ്ടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാള്‍ കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കിയത്. ഈ അഞ്ചുകൊല്ലത്തിനിടയില്‍ ഒരാളും ആരോപണം ഉന്നയിച്ചില്ല-യൂസുഫലി പറഞ്ഞു.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലം നടത്തിപ്പിനെടുത്ത് 800 കോടി ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റ ര്‍ സ്ഥാപിക്കുക എന്നതായിരുന്നു യൂസുഫലിയുടെ അടുത്ത ലക്ഷ്യം. നാലായിരത്തോളം ആളുകള്‍ക്ക് തൊഴില്‍ സാധ്യത ഉണ്ടായിരുന്ന ഈ പദ്ധതി യൂസുഫലി ഉപേക്ഷിക്കുന്നു. രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ ബംഗളൂരുവില്‍ സ്ഥാപിക്കുകയാണ് ഉദ്ദേശം.
ബോള്‍ഗാട്ടിയിലെ പദ്ധതിക്കായി 72 കോടി രൂപ ഇതിനകം ചെലവ് ചെയ്തിട്ടുണ്ട്. അത് നഷ്ടപ്പെട്ടാലും കുഴപ്പമില്ല, കൊച്ചിയില്‍ പദ്ധതി വേണ്ടെന്ന നിലപാടിലാണ് യൂസുഫലി. പദ്ധതിക്കായുള്ള ലേലത്തില്‍ പങ്കെടുത്ത ഏക സ്ഥാപനമായിരുന്നു ലുലു.
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമാണ് ഇരുപദ്ധതികള്‍ക്കുമെതിരെ രംഗത്തുവന്നത്. സിപിഎമ്മിന്റെ ഉന്നതരായ നേതാക്കള്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യുഎഇയിലെത്തിയപ്പോള്‍ ഇരുവരും വേദി പങ്കിട്ടതാണ്. യൂസുഫലിയെ പുകഴ്ത്താനും പിണറായി വിജയന്‍ തയാറായിരുന്നു.
മലയാളി വ്യവസായി എംഎ യൂസുഫലിക്കെതിരെയുള്ള അപവാദ പ്രചാരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒഐസിസി അബുദാബി പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, വൈസ് പ്രസിഡന്റ് ശുക്കൂര്‍ ചാവക്കാട് അഭിപ്രായപ്പെട്ടു. സി പി എം വികസന വിരോധികളാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും അവര്‍ ആരോപിച്ചു.

Latest