ഒഴുക്കില്‍പ്പെട്ടു മരിച്ച കണ്ണൂര്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കും

Posted on: May 27, 2013 6:22 am | Last updated: May 27, 2013 at 6:22 am
SHARE

ദുബൈ: ജുമൈറയില്‍ കടലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു മരിച്ച കണ്ണൂര്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി സി റിജേഷ് (31), പയ്യന്നൂര്‍ സുനില്‍ കോട്ടേജിലെ സിപി ഷിനില്‍ (26) എന്നിവരാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. റിജേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഷിനിലിന്റെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്.
ദുബൈയിലെ അല്‍ റിയാമി കമ്പനി ജീവനക്കാരായ റിജേഷും ഷിനിലും മറ്റു മൂന്നുപേരും വെള്ളിയാഴ്ച അവധി ദിവസമായിരുന്നതിനാല്‍ ജുമൈറ ബീച്ചില്‍ പോയതായിരുന്നു.
കടല്‍ പ്രക്ഷുബ്ധമായിരുന്നെങ്കിലും ഇവര്‍ കുളിക്കാനിറങ്ങി. അഞ്ചുപേരും തിരയില്‍പ്പെട്ടു. മൂന്നുപേര്‍ വേഗം ബീച്ചിലേക്ക് തിരിച്ചു കയറി. റിജേഷിനും ഷിനിലിനും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡ് എത്തി. അപ്പോഴേക്കും റിജേഷ് അവശനിലയിലായി. ഷിനിലിനു വേണ്ടി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ഏറെ വൈകി മൃതദേഹം കണ്ടെ ത്തുകയായിരുന്നു.
ആറ് വര്‍ഷമായി ഇരുവരും അല്‍റിയാമി ജവനക്കാരാണ്. കണ്ണാടിപ്പറമ്പിലെ ജനാര്‍ദനന്റെ മകനാണ് റിജേഷ്. സഹോദരന്‍ റിഷേവ് അബുദാബിയിലുണ്ട്. ഭാര്യ മിലി നാട്ടിലാണ്. ഇവര്‍ ഗര്‍ഭിണിയാണ്. റിയാമിയിലെ പെയിന്റിംഗ് ഡിവിഷനിലെ ജീവനക്കാരനാണ് റിജേഷ്. സിപി ഷിനില്‍ അവിവാഹിതനാണ്. ബില്‍ഡിംഗ് മെറ്റീരിയല്‍ വിഭാഗത്തിലായിരുന്നു ജോലി. പിതാവ്: ചന്ദ്രന്‍. മാതാവ്: ശൈലജ.