ഇന്ത്യന്‍ പ്രദേശത്ത് ചൈന റോഡ് നിര്‍മിച്ചു

Posted on: May 27, 2013 12:58 am | Last updated: May 27, 2013 at 12:58 am
SHARE

ലേ: യഥാര്‍ഥ നിയന്ത്രണ രേഖയിലേക്ക് (എല്‍ എ സി) പോകുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തെ ചൈനീസ് സൈനികര്‍ തടഞ്ഞു. അതിര്‍ത്തിയില്‍ ഇരുപക്ഷവും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. സിരി ജാപ് എന്നും അറിയപ്പെടുന്ന ഫിംഗര്‍- എട്ട് പ്രദേശത്താണ് പുതിയ സംഭവം. ഫിംഗര്‍- നാല് പ്രദേശത്തേക്ക് ചൈന റോഡ് നിര്‍മിച്ചിട്ടുണ്ട്. സിരി ജാപ് മേഖലയില്‍ പെടുന്ന ഈ ഭാഗത്ത് അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലേക്കാണ് റോഡ് നിര്‍മാണം.
ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. നേരത്തെ, ചൈനീസ് സൈന്യം കടന്നുകയറിയതിനെ തുടര്‍ന്ന് 20 ദിവസം ഇരുസൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചിരുന്നു. ഇരുരാഷ്ട്രങ്ങളും നടത്തിയ നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് ഇരുപക്ഷവും സൈന്യങ്ങളെ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ചൈനീസ് സൈന്യം വീണ്ടും പഴയ പടിയായിരിക്കുകയാണെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു.
സംഭവത്തെ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉദ്ധംപൂര്‍ സൈനിക വക്താവ് തയ്യാറായില്ല. യഥാര്‍ഥ നിയന്ത്രണ രേഖയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ തടഞ്ഞതിനെ തുടര്‍ന്ന് കുറച്ചു സമയം മാത്രമാണ് ഫിംഗര്‍ എട്ട് പ്രദേശത്ത് ഇരുസൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തിന് ശേഷം, ലഡാക്ക് കേന്ദ്രമായുള്ള 14 സൈനിക ദളങ്ങളുടെയും പട്രോളിംഗ് റദ്ദാക്കി. കഴിഞ്ഞ മാസം 15 മുതല്‍ ചൈനീസ് സൈന്യം കൈയേറി കൂടാരങ്ങള്‍ നിര്‍മിച്ച ദെസ്പാംഗിലേക്കടക്കമുള്ള പട്രോളിംഗാണ് നിര്‍ത്തിവെച്ചത്. ഈ പ്രദേശം തങ്ങളുടെ ഭാഗമെന്നാണ് ഭൂപടത്തില്‍ തെളിയുന്നതെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ലഡാക്കിന്റെ ഭാഗമാണെന്ന് ഇന്ത്യ പറയുന്നു. ചൈനയിലെ അക്‌സായ് ചിന്‍ പ്രദേശത്തിന്റെ ഭാഗമാണ് ഫിംഗര്‍ നാലെന്ന് ന്യായീകരിച്ചാണ് ചൈന പാത നിര്‍മിച്ചത്. പട്രോളിംഗിന് ഇന്ത്യന്‍ സൈന്യം പലപ്പോഴും ഈ പാത ഉപയോഗിച്ചിട്ടുണ്ടെന്നും ചൈന അവകാശപ്പെടുന്നു.