Connect with us

Articles

ഗജമാഹാത്മ്യം അഥവാ ഗജശാപം

Published

|

Last Updated

ക്ഷേത്രങ്ങള്‍ക്ക് ഒരുപാട് ശാപങ്ങള്‍ കിട്ടിയിട്ടുണ്ട്. ഏറ്റവും വലുത് ഗജശാപമാണ്. 25 ആനയെയാണോ 50 ആനയെയാണോ 100 ആനയെയാണോ എഴുന്നള്ളിക്കേണ്ടതെന്ന് ചിന്തിക്കുന്ന അഹങ്കാരത്തിന്റെ വലിയ വേദികളായി മാറിയിരിക്കുകയാണ് ഇന്ന് മഹാക്ഷേത്രങ്ങള്‍. ആനയെ നിങ്ങള്‍ ഒന്നു പോയി നോക്കൂ. ആനയുടെ നെറ്റിപ്പട്ടം എങ്ങനെയുണ്ടെന്ന് നോക്കിയാല്‍ പോരാ. ആനയുടെ തലപ്പൊക്കം കണ്ടാല്‍ പോരാ. ആനയുടെ കാലുകളിലേക്ക് നോക്കൂ. വാലുകളില്‍ നോക്കൂ. അതിന്റെ ദേഹത്ത് എത്ര മുറിവുണ്ടെന്ന് നോക്കൂ. അതിന്റെ ചങ്ങലക്കെട്ടിന്റെ മുറിവിലൂടെ പഴുപ്പൊലിക്കുന്നത് നോക്കി മനസ്സിലാക്കൂ. അതിന്റെ നെറ്റിപ്പട്ടത്തിന്റെ പിറകിലൂടെ ഒഴുകുന്ന കണ്ണുനീര് എന്തുകൊണ്ടാണെന്ന് ആലോചിക്കൂ.
പഞ്ചാരിമേളം കേട്ട് ആന തലയാട്ടി ചെവിയാട്ടി നില്‍ക്കുന്നു എന്നൊക്കെ പറയുന്നത് പരമ വിഡ്ഢിത്തമാണ്. ഓരോ ആനയും തപിക്കുകയാണ്, സഹിക്കുകയാണ് എന്ന് മനസ്സിലാക്കണം. നിരന്തമായ പീഡനങ്ങള്‍കൊണ്ട് മാത്രമേ അവയെ മെരുക്കി നിര്‍ത്താന്‍ കഴിയൂ. അവ പേടിച്ചാണ് നില്‍ക്കുന്നത്. പേടി കൊണ്ട് മാത്രമാണ് അവ മനുഷ്യനെ അനുസരിക്കുന്നത്. അവ കാട്ടുമൃഗങ്ങളാണ്.
ഞാനിന്നലെ ഗുരുവായൂരിലെ ആനത്താവളത്തില്‍ പോയിരുന്നു. അവിടുത്തെ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. മാസങ്ങളോളം ഒരേ നില നില്‍ക്കുന്ന ആനകള്‍ അവിടെയുണ്ട്. ഭഗവാന് ഇതൊക്കെ കാണുമ്പോള്‍ പ്രീതി ഉണ്ടാകുമോ, ഭഗവതിക്ക് പ്രീതി ഉണ്ടാകുമോ, അനുഗ്രഹങ്ങളാണോ നമുക്ക് കിട്ടുക? എനിക്ക് സംശയമുണ്ട്. ക്ഷേത്രങ്ങളിലെ വെടിക്കെട്ടും മേളങ്ങളും ചട്ടങ്ങളുമൊക്കെ ആനയുടെ പ്രകൃതിസഹജമായ എല്ലാ സ്വഭാവത്തിനും എതിരാണ്. ഒരു തന്ത്രശാസ്ത്രത്തിലും ആനയെ എഴുന്നള്ളിക്കണമെന്ന വിധിയില്ല. ഇതിനപ്പുറം നില്‍ക്കുന്ന അഹങ്കാരത്തിന്റെ ഫലമാണ് ആനയെ എഴുന്നള്ളിക്കലുകള്‍. നമുക്ക് വേണ്ട ഇത്തരത്തിലുള്ള ഉത്സവങ്ങളും കള്ളുകുടിയും വെടിക്കെട്ടും ആഘോഷങ്ങളും .മര്യാദക്ക് ഭഗവതിയെയും ഭഗവാനെയും എഴുന്നള്ളിച്ചു കൊണ്ടുവരാന്‍ കഴിയും. തിടമ്പ് മനുഷ്യന് എടുത്തു കൂടേ? പല്ലക്കിലെടുത്തു കൂടേ? മിണ്ടാപ്രാണികളെ കഷ്ടപ്പെടുത്തണോ?
ഒരാനക്ക് ഒരു കോടിയില്‍ പരം രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കണക്ക്. എല്ലാ മതക്കാരും ആനകളെ വളര്‍ത്തുന്നുണ്ട്. ഇതൊരു വലിയ ബിസിനസാണ് ഇന്ന്. വിശ്വാസികളുടെയല്ല, വന്‍ പണക്കാരുടെ ബിസിനസ്. ഇതിനൊന്നും മുന്നില്‍ തല കുനിച്ചു കൊടുക്കാന്‍ പാടില്ല. ഈ മിണ്ടാപ്രാണികള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നമുക്കൊക്കെ കഴിയണം.
(പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Latest