Connect with us

Kerala

സ്വകാര്യ മൂലധനത്തിനും യൂസുഫലിക്കും എതിരല്ലെന്ന് സി പി എം

Published

|

Last Updated

കൊച്ചി: മൂലധന നിക്ഷേപത്തിനോ എം എ യൂസുഫലിക്കോ പാര്‍ട്ടി എതിരല്ലെന്ന വിശദീകരണവുമായി സി പി എം. നിക്ഷേപ സൗഹൃദ സമീപനമാണ് സി പി എം എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതെന്നും എന്നാല്‍ നിക്ഷേപം ചരടുകള്‍ ഉള്ളവയാകാനോ നാടിന്റെ താത്പര്യങ്ങള്‍ക്ക് എതിരാകാനോ പാടില്ലെന്ന നിലപാടാണുള്ളതെന്നും സി പി എം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന് ബോള്‍ഗാട്ടി ഭൂമി ഇടപാടിന്റെ കാര്യത്തില്‍ തെറ്റ് പറ്റിയെന്ന പരോക്ഷ സൂചനയും പ്രസ്താവനയിലുണ്ട്.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നിക്ഷേപം കൊണ്ടുവരുന്നതിന് ആത്മാര്‍ഥമായി പരിശ്രമിക്കുകയും ഒട്ടേറെ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊച്ചിന്‍ തുറമുഖത്തിന്റെ അധീനതയിലുള്ള ബോള്‍ഗാട്ടി ദ്വീപിലെ 26 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി, വ്യവസായി എം എ യൂസുഫലിക്ക് പാട്ടത്തിനു നല്‍കിയത് സംബന്ധിച്ച് ഉണ്ടാക്കിയ കരാര്‍ സര്‍ക്കാറിന് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്ന ഒന്നാണ്. സ്ഥലത്തിന്റെ വില തന്നെയാണ് മുഖ്യമായ തര്‍ക്ക വിഷയം. അതുകൊണ്ടാണ് പാട്ടക്കരാര്‍ റദ്ദ് ചെയ്യണമെന്ന് സി പി എം ആവശ്യപ്പെടുന്നത്. കരാര്‍ വ്യവസ്ഥകള്‍ വിശദമായി പരിശോധിച്ചാല്‍ സര്‍ക്കാറിന് ഉണ്ടാക്കുന്ന നഷ്ടം എത്രയെന്ന് ബോധ്യമാകും.
ബോള്‍ഗാട്ടിയിലെ ഭൂമിക്ക് താരിഫ് അതോറിറ്റി ഫോര്‍ മേജര്‍ പോര്‍ട്‌സ് (ടി എ എം പി) അംഗീകരിച്ച മതിപ്പ് വില ഏക്കറിന് 2 .10 ലക്ഷമാണ്. അതിന്റെ ആറ് ശതമാനമാണ് വാര്‍ഷിക പാട്ട നിരക്കായ 12 .60 ലക്ഷം രൂപ. കോടികള്‍ വിലമതിക്കുന്ന ഭൂമി പൊതു താത്പര്യത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കരാറിലൂടെയാണ് യൂസുഫ് അലിക്ക് കൈമാറിയിട്ടുളളത്. 30 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയ ഭൂമി സംരംഭകന്റെ താത്പര്യ പ്രകാരം പുതുക്കി കൈവശം വെക്കാന്‍ കഴിയും. അത് തടയാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഭൂമി എന്നെന്നേക്കുമായി സ്വകാര്യ സംരംഭകന്റെ ഉടമസ്ഥതയിലാകും. 2004 ല്‍ ഗോശ്രീ പാലം നിര്‍മിക്കുന്നതിനായി നികത്തിയ സ്ഥലം വിറ്റപ്പോള്‍ ഒമ്പത് ലക്ഷം രൂപ വരെ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇവിടെ നിന്ന് 500 മീറ്റര്‍ അകലം മാത്രമാണ് ബോള്‍ഗാട്ടിയിലെ 26 ഏക്കര്‍ സ്ഥലത്തേക്കുള്ളത്. വസ്തുത ഇതായിരിക്കെ ആറ് വര്‍ഷത്തിനു ശേഷം 2010 ല്‍ 2.10 ലക്ഷമേ ലഭിക്കൂ എന്ന വദം അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി തുറമുഖത്തിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ഭൂമിയുടെ വില നിര്‍ണയിച്ചപ്പോള്‍ വീഴ്ച സംഭവിച്ചതിന്റെ മുഖ്യകാരണക്കാര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും കേന്ദ്ര സര്‍ക്കാറുമാണ്. നിക്ഷേപത്തിന് എതിരല്ലാത്തതും പൊതു ജനങ്ങളുടെ സ്വത്ത് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ പ്രധാനമായ വസ്തുതയാണ് സി പി എം ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്.

Latest