സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം

Posted on: May 26, 2013 11:49 pm | Last updated: May 26, 2013 at 11:49 pm
SHARE

തിരുവനന്തപുരം: വര്‍ഷക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് പലയിടത്തും ശക്തമായ കടല്‍ക്ഷോഭം. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, തൃശൂര്‍ മേഖലകളിലാണ് പലയിടത്തും കടല്‍ക്ഷോഭം ശക്തമായത്.
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച കടല്‍ക്ഷോഭം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. വലിയതുറ, കുഴിവിളാകം, അരിവിളാകം, കൊച്ചുതോപ്പ് മേഖലകളില്‍ കടല്‍ കരയിലേക്ക് കയറി. രണ്ട് വീടുകള്‍ പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നൂറോളം വീടുകളില്‍ നിന്ന് ഇന്നലെ രാവിലെയോടെ ആളുകള്‍ മാറി താമസിക്കുന്നു. വലിയതുറ, കടുംകുളം, പൊഴിയൂര്‍ മേഖലകളിലാണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്. തീരദേശ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മന്ത്രി വി എസ് ശിവകുമാറിന്റെ നിര്‍ദേശപ്രകാരം തഹസില്‍ദാറും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. പൊഴിയൂരിനോട് ചേര്‍ന്ന കന്യാകുമാരി ജില്ലയിലെ പൂത്തുറയിലും കടലാക്രമണം രൂക്ഷമാണ്. തിരമാലകള്‍ ഇവിടത്തെ കടല്‍ഭിത്തി തകര്‍ത്തു. ഇരുനൂറോളം കുടുംബങ്ങളാണ് ചെറിയ വീടുകളില്‍ താമസിക്കുന്നത്. ഈ വീടുകളില്‍ പലതിനും തിരയടിച്ച് കേട് സംഭവിച്ചിട്ടുണ്ട്.
കൊല്ലം ഇരവിപുരത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ മീറ്ററുകളോളം തീരം കടലെടുത്തു. ഇരവിപുരം കാക്കത്തോപ്പിലും ചാന്നാകഴികത്തും റോഡ് തകര്‍ന്നു. കൊല്ലം ബീച്ചിലും തങ്കശേരി, തിരുമുല്ലവാരം, ശക്തികുളങ്ങര മേഖലകളിലും തിര ശക്തമായിരുന്നു. വള്ളങ്ങളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട്, തൃക്കുന്നപ്പുഴ, പാനൂര്‍, പല്ലന പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ പല വീടുകളിലും വെള്ളം കയറി. പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ നിര്‍മിക്കുന്ന ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ കടലാക്രമണ ഭീഷണിയിലാണ്.
കൊച്ചി തീരത്തും കടല്‍ ഏറെ ദൂരം കരകയറിയെത്തി. നാശനഷ്ടങ്ങള്‍ക്ക് പുറമെ ശക്തമായ തിരയില്‍ കടലില്‍ പോകാനാകാതെ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
വടക്കന്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ വരവ് ഓര്‍മിപ്പിച്ച് മഴ കനത്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ അഴുക്കുചാലില്‍ കാല്‍തെറ്റി വീണ് കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ മരിച്ചു. കൊച്ചിയുടെ തീരദേശത്തും മഴ കനത്തത്തോടെ ദുരിതം തുടങ്ങി. തീരദേശ മേഖലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here