Connect with us

Kerala

രാഷ്ട്രീയം കളിക്കാന്‍ പോലീസിനെ ഉപയോഗിക്കാറില്ല: ആഭ്യന്തര മന്ത്രി

Published

|

Last Updated

കോഴിക്കോട്: രാഷ്ട്രീയം കളിക്കാന്‍ പോലീസിനെ യു ഡി എഫ് സര്‍ക്കാര്‍ ഉപയോഗിക്കാറില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍.
വിവാദങ്ങളില്‍ നിന്ന് വളരെ അകന്നുപോകുന്ന ഒരാളാണ് താന്‍. മാന്യതയുടെ ലക്ഷ്മണരേഖക്കുള്ളില്‍ നിന്ന് പ്രകോപിതനാകാതെ പ്രതികരിക്കാനാണ് താത്പര്യം. ഒരു വാര്‍ത്തയില്‍ ആരോപിച്ചത് പോലെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പരാതിപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു.
പരാതിയില്ലെന്ന് അദ്ദേഹം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കാര്യത്തിലും ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ല. പൊതുപ്രവര്‍ത്തകരുടെയും സമുദായ നേതാക്കളുടെയുമൊന്നും ഫോണ്‍ ചോര്‍ത്തുകയെന്നത് സര്‍ക്കാറിന്റെ നയമല്ല.
ഭീകരവാദ, തീവ്രവാദ, ക്രിമിനല്‍ കേസുകളില്‍ മാത്രമാണ് നടപടിക്രമങ്ങള്‍ പാലിച്ച് ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്യാറുള്ളത്. ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണകാലത്തും അതെല്ലാം നടന്നിട്ടുണ്ട്. അത് സംബന്ധിച്ച് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് എല്ലാം അറിയാം. അക്കാര്യത്തില്‍ പ്രതിപക്ഷവും ഉയര്‍ന്ന മാനസികാവസ്ഥ കാണിക്കണം. ടി പി വധക്കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചവര്‍ക്ക് ഇപ്പോള്‍ ആ അഭിപ്രായമില്ല. കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് അവര്‍ പറഞ്ഞത് പോലീസ് അന്വേഷണം ശരിയായ വഴിക്കായതുകൊണ്ടാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.