ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തി ഐ ഗ്രൂപ്പ് ശക്തിപ്പെടുത്താന്‍ മുരളീധരന്റെ നീക്കം

Posted on: May 26, 2013 5:00 pm | Last updated: May 26, 2013 at 11:41 pm
SHARE

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസില്‍ പഴയ ഐ ഗ്രൂപ്പ് ശക്തമാക്കാന്‍ കെ മുരളീധരന്‍ നീക്കങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് ശേഷം രണ്ട് വര്‍ഷമായി ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കെ മുരളീധരനും പഴയ ഗ്രൂപ്പ് നേതാക്കളും. എന്നാല്‍ ഇതുകൊണ്ട് അവഗണനയല്ലാതെ കാര്യമായ നേട്ടമൊന്നുമില്ലെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് മുരളീധരന്‍ പുതിയ ശ്രമങ്ങള്‍ക്ക് കരുക്കള്‍ നീക്കുന്നത്.
പുതിയ കെ പി സി സി ഭാരവാഹികളുടെ വീതം വെപ്പില്‍ പഴയ കരുണാകര അനുകൂലികളെ നിര്‍ദയം തഴഞ്ഞ സംഭവം ഈ അവഗണനയുടെ ഒടുവിലെത്തെ ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് വിവാദത്തില്‍പ്പെട്ട ചെന്നിത്തലയെ അനുകൂലിച്ചു രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്.
കെ പി സി സി അധ്യക്ഷനായിരിക്കെ എ ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടലില്‍ ഏറെ പരുക്കേല്‍ക്കേണ്ടി വന്ന ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തി പഴയ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനാണ് മുരളീധരന്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇപ്പോള്‍ ഗ്രൂപ്പിനതീതമായി നില്‍ക്കുന്ന എന്‍ പീതാംബരകുറുപ്പ് എം പി, മന്ത്രി എ പി അനില്‍ കുമാര്‍, പത്മജാ വേണുഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി ശരത്ചന്ദ്ര പ്രസാദ്, കെ പി കുഞ്ഞിക്കണ്ണന്‍, ശോഭനാ ജോര്‍ജ് തുടങ്ങിയ കരുണാകര അനുകൂലികളെ സജീവമാക്കി കൊണ്ടുവരാമെന്നാണ് മുരളീധരന്റെ കണക്കു കൂട്ടല്‍. ഗ്രൂപ്പ് യുദ്ധത്തില്‍ ശക്തമായ സ്വാധീനമില്ലാത്തതിനാല്‍ പഴയ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാന്‍ തനിക്ക് ഒറ്റക്ക് കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തന്ത്രവുമായി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.
ചെന്നിത്തലയെ ഒഴിവാക്കി പഴയ ഗ്രൂപ്പ് ശക്തമാക്കാന്‍ ശ്രമിച്ചാല്‍ അത് പൂര്‍ണമായി വിജയിക്കില്ലെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് മുരളീധരന്‍ പുതിയ നീക്കത്തിന് ചെന്നിത്തലയെ ശക്തമായി പിന്തുണക്കുന്നത്. രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിന് വഴിയൊരുങ്ങിയാല്‍ ഒഴിവ് വരുന്ന കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്താമെന്നോ അതിനായില്ലെങ്കില്‍ പഴ ഐ ഗ്രൂപ്പില്‍പെട്ട ആരെയെങ്കിലും ഈ സ്ഥാനത്ത് അവരോധിക്കാമെന്നോ ആണ് കെ മുരളീധരന്‍ കരുതുന്നത്. പഴയ ഐ ഗ്രൂപ്പിനെ ശക്തമാക്കുന്നതോടൊപ്പം പാര്‍ട്ടിയില്‍ നേരത്തെ തനിക്ക് നേരിട്ട അനുഭവത്തിന് മധുരമായി പ്രതികാരം ചെയ്യാനാകുമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.
കെ പി സി സി അധ്യക്ഷനായിരുന്ന തന്നെ ആഭ്യന്തര മന്ത്രി പദവി വാഗ്ദാനം ചെയ്ത് അന്ന് രാജിവെപ്പിച്ചത് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് മുരളീധരന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇറക്കി മത്സരിപ്പിച്ച് പരാജയപ്പെടുത്തുകയായിരുന്നുവെത്രെ.
കെ പി സി സി അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് അല്‍പ്പം വിട്ടു നിന്ന മുരളീധരനെ അന്ന് എ ഗ്രൂപ്പ് തന്ത്രപൂര്‍വം വലയില്‍ വീഴ്ത്തുകയായിരുന്നുവെത്രെ. ഇത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നെന്ന് മുരളി തുറന്നു പറഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പായിരുന്ന ഐ ഗ്രൂപ്പിനെ നയിച്ച കെ കരുണാകരന്‍ പാര്‍ട്ടി വിട്ടതോടെ അനാഥമായ ഐ ഗ്രൂപ്പിനെ പിന്നീട് വിശാല ഐ ഗ്രൂപ്പ് എന്ന പേരില്‍ സംഘടിപ്പിച്ചത് രമേശ്‌ചെന്നിത്തലയായിരുന്നു.
എന്നാല്‍ വിശ്വസ്തരെല്ലാം കരുണകരനൊപ്പം പാര്‍ട്ടി വിട്ടതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു രമേശ് ചെന്നിത്തല ചെയ്തിരുന്നത്. അതുകൊണ്ട് ഗ്രൂപ്പില്‍ സജീവമല്ലാത്തവരും സ്ഥാനനഷ്ടം കരുതി കരുണാകരനെ കൈവിട്ടവരുമായിരുന്നു ചെന്നിത്തലക്കൊപ്പം വിശാല ഐ ഗ്രൂപ്പില്‍ ചേക്കേറിയത്.
അതേസമയം പാര്‍ട്ടിയെ ശക്തമാക്കാന്‍ കഴിഞ്ഞെങ്കിലും ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലും ഗ്രൂപ്പിനെ ശക്തമായി നിലനിര്‍ത്തുന്നതിലും രമേശ് ചെന്നിത്തല പരാജയമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഗ്രൂപ്പിലെ ഒരു വിഭാഗം ഇതില്‍ അസംതൃപ്തരാണ്. ഇത് മുതലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ മുരളീധരനും പഴയ ഐ ഗ്രൂപ്പ് നേതാക്കളും. ഇപ്പോഴത്തെ നീക്കത്തിന് പഴയ ഐഗ്രൂപ്പ് നേതാക്കളുടെ ശക്തമായ പിന്തുണയും മുരളീധരനുണ്ട്.