Connect with us

Kerala

വൈകല്യം പതറുന്നു; ഇവരുടെ കഠിനാധ്വാനത്തിന് മുമ്പില്‍

Published

|

Last Updated

കോഴിക്കോട്: ജീവിത യാത്രയില്‍ ശരീരത്തിനോ, മനസ്സിനോ ഏല്‍ക്കുന്ന ചെറിയ ക്ഷതങ്ങള്‍ മതി പലരെയും തളര്‍ത്താന്‍. സമൂഹത്തില്‍ എത്ര ഉന്നതിയിലുള്ളവരാണെങ്കിലും ഇതാണ് സ്ഥിതി. എന്നാല്‍ രോഗങ്ങളോട് പടവെട്ടി കുടുംബം പുലര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്ന ചിലരുമുണ്ട് ഇവിടെ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിലെ അംഗങ്ങളാണ് ശാരീരിക അവശതകള്‍ മറന്നും കുടുംബത്തിന് അത്താണിയാകുന്നത്. മഴക്കാലം വരും മുമ്പേ കുട നിര്‍മാണത്തിന്റെ തിരക്കിലാണവര്‍.
കമിഴ്ന്ന് കിടന്ന്, കൈകൊണ്ടും കാലുകൊണ്ടും കുട നിര്‍മിക്കുന്നു ഇവര്‍. വട്ടത്തിലിരുന്ന് കഥകളും നാട്ടുകാര്യങ്ങളും പങ്കുവെക്കുന്നതിനിടയിലാണ് ഒരുപാട് ജീവിതവും തുന്നിക്കൂട്ടുന്നത്. എറ്റവും മുതിര്‍ന്ന കുഞ്ഞാലന്‍ കുട്ടിയെന്ന കുഞ്ഞാലിക്ക ചുറ്റും കൂടുന്നവരുമായി അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പുതുതായി ക്യാമ്പില്‍ വന്ന പെരുവണ്ണാംമൂഴി സ്വദേശി നാരായണന്റെ കുട നിര്‍മാണത്തിനിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
17-ാം വയസ്സില്‍ ക്രെയ്ന്‍ ഓപ്പറേറ്റിംഗ് പഠിക്കുന്നതിനിടെയാണ് കഞ്ഞാലന്‍ കുട്ടിയുടെ മുതുകില്‍ ക്രയിന്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചത്. തുടര്‍ച്ചയായ ചികിത്സയിലൂടെ ഇരിക്കാന്‍ പറ്റാവുന്ന സ്ഥിതിയിലായി. പാലിയേറ്റീവ് കെയറിലെ ഫൂട്ട് പ്രിന്റ്‌സ് തുടങ്ങിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുകയും വീട് ഉണ്ടാക്കുകയും ചെയ്‌തെന്ന് കുഞ്ഞാലിക്ക പറഞ്ഞു.
മലപ്പുറം, കൊയിലാണ്ടി, കടലുണ്ടി, പേരാമ്പ്ര തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കോഴിക്കോട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ ചികിത്സക്കൊപ്പം ജോലിയും ചെയ്യുന്നത്. വിവിധ പ്രദേശത്തുള്ളവരാണെങ്കിലും ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് ഇവര്‍ക്കിടയിലുള്ളത്. സങ്കടങ്ങള്‍ പറഞ്ഞും സാന്ത്വനിപ്പിച്ചും ഓരോരുത്തരും മറ്റുള്ളവര്‍ക്ക് താങ്ങാകുകയാണ്.
കുട നിര്‍മാണത്തിനൊപ്പം സോപ്പ്, സോപ്പുപൊടി, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയ സാധനങ്ങളും ഫൂട്ട് പ്രിന്റ്‌സിന്റെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. ത്രീ ഫോള്‍ഡ് കുടകള്‍, ടു ഫോള്‍ഡ്, കാലന്‍ കുടകള്‍ എന്നിവയാണ് ഇവര്‍ നിര്‍മിക്കുന്നത്. കളര്‍ കുടകള്‍ക്കും കാലന്‍ കുടകള്‍ക്കുമാണ് ഇത്തവണ ഡിമാന്റ്.
മാര്‍ക്കറ്റില്‍ നിന്ന് 145 രൂപക്ക് കുടയുടെ കിറ്റ് വാങ്ങി കുട നിര്‍മിച്ച് 220 രൂപക്ക് മാര്‍ക്കറ്റില്‍ വില്‍ക്കും. ഒരു കുടക്ക് 40 രൂപ നിര്‍മിക്കുന്ന ആള്‍ക്ക് കിട്ടും. പുതിയ സാധനങ്ങളുടെ നിര്‍മാണം പഠിക്കാന്‍ മൂന്ന് നാല് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കും. ശേഷം സാധനങ്ങളുടെ കിറ്റുകള്‍ അംഗങ്ങളുടെ വീട്ടില്‍ എത്തിക്കും. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട വളണ്ടിയര്‍മാരാണ് ഇവക്കാവശ്യമായ വിപണി കണ്ടെത്തുന്നതും വില്‍ക്കുന്നതും. ജില്ലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവിടുത്തെ പ്രധാന വളണ്ടിയര്‍മാര്‍.

Latest