Connect with us

International

സിറിയ: ഖുസൈറില്‍ കനത്ത ഏറ്റുമുട്ടല്‍

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം തേടി ജനീവയില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കാനിരിക്കെ, സിറിയയിലെ വിമത കേന്ദ്രത്തില്‍ കനത്ത ഏറ്റുമുട്ടല്‍. ലബനാന്‍ അതിര്‍ത്തിയിലെ ഖുസൈറിലാണ് വിമത സൈന്യവും ഔദ്യോഗിക സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
രാജ്യത്തെ പ്രധാന വിമത കേന്ദ്രങ്ങളിലൊന്നായ ഖുസൈറില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണെന്നും വിമത സൈന്യത്തെ സഹായിക്കാനായി അതിര്‍ത്തി മേഖലയില്‍ ഹിസ്ബുല്ലാ പോരാളികള്‍ വ്യാപകമായി രംഗത്തെത്തിയിട്ടുണ്ടെന്നും വിമത സൈനിക നേതൃത്വങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സിറിയന്‍ സൈന്യം കനത്ത വ്യോമാക്രമണം നടത്തുന്നുണ്ടെന്നും ഒരാഴ്ചക്കിടെ ഇരനൂറിലധികമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ അഭയാര്‍ഥികളായിട്ടുണ്ട്.
ഖുസൈറിലെ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. അടുത്ത മാസം ജനീവയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പ്രതിപക്ഷ നേതൃത്വം പറയുന്നത്. പ്രക്ഷോഭ മേഖലകളിലെ ആക്രമണം അവസാനിപ്പിച്ച് ബശര്‍ അല്‍ അസദ് ഭരണകൂടം താഴെ ഇറങ്ങിയാല്‍ മാത്രമേ സമാധാന ചര്‍ച്ചക്കുള്ളൂവെന്ന് നേതൃത്വം അറിയിച്ചു. റഷ്യയുടെയും അമേരിക്കയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം ഇങ്ങനെ പ്രതികരിച്ചത്. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.