ജില്ലയില്‍ പരക്കെ കനത്ത മഴ

Posted on: May 26, 2013 7:34 am | Last updated: May 26, 2013 at 7:34 am
SHARE

കോഴിക്കോട്: കാലവര്‍ഷം കളമൊരുക്ക് തുടങ്ങി. വേനല്‍ച്ചൂടില്‍ വെന്തുരുകുന്നവരെ ഇന്നലെ മഴ കടാക്ഷിച്ചു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നവര്‍ക്ക് ആശ്വസിക്കാറായിട്ടില്ലെങ്കിലും പ്രതീക്ഷയുടെ ധാരയായി ജില്ല മുഴുക്കെ മഴ തകര്‍ത്തുപെയ്തു. കാലത്ത് പേരിന് പെയ്‌തൊഴിഞ്ഞ മഴ സന്ധ്യയോടെ സജീവമായി. ഇടിയും മിന്നലും അകമ്പടിയാക്കി എത്തിയ മഴ പലയിടത്തും മണിക്കൂറുകളോളം നീണ്ടു.
ജില്ലയുടെ മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചിരുന്നെങ്കിലും ഇത്തവണ ജില്ലയില്‍ വ്യാപകമായി മഴ ലഭിച്ചത് ഇന്നലെയാണ്. കോഴിക്കോട് നഗരത്തില്‍ സന്ധ്യയോടെ കനത്തുപെയ്ത മഴ പിന്നീട് ശക്തി കുറഞ്ഞെങ്കിലും രണ്ട് മണിക്കൂറോളം നീണ്ടു. തിരുവമ്പാടി, മുക്കം, ഓമശ്ശേരി, കുന്ദമംഗലം, താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, നരിക്കുനി, വടകര, നാദാപുരം ഭാഗങ്ങളിലെല്ലാം കനത്ത മഴ പെയ്തു.
ജില്ലയുടെ മലയോര മേഖലകളില്‍ പലയിടത്തും ഇന്നലെ ഉച്ചക്ക് ശേഷം ചെറിയ ഇടിമിന്നലോടെ തുടങ്ങിയ മഴ മണിക്കൂറോളം നീണ്ടുനിന്നു. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കൃഷിനാശവുമുണ്ടായി. മുക്കം കെ എം സി ടി എന്‍ജിനീയറിംഗ് കോളജിന് സമീപം ഏഴിമല റോഡില്‍ കൂറ്റന്‍ ചീനി മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിലേക്ക് വീണ് റോഡില്‍ പതിച്ചതിനെ തുടര്‍ന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. മുക്കം അഗ്നിശ്മന വിഭാഗമെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതിബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. മലയോര മേഖലയിലെ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും കൃഷിനാശവും ഉണ്ടാകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ല രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. മുമ്പ് ഒരിക്കലും വറ്റിയിട്ടില്ലാത്ത കിണറുകള്‍ പോലും ഇക്കുറി വരണ്ടു. മുന്‍ കാലങ്ങളില്‍ ഇല്ലാത്തവിധം പുഴകളും ശോഷിച്ചു. അതുകൊണ്ടു തന്നെ ജില്ലയില്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ വേനലില്‍ കുടിവെള്ള വിതരണം വേണ്ടിവന്നു. ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മാത്രമല്ല, നിരവധി സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയുമൊക്കെ നേതൃത്വത്തിലും കുടിവെള്ള വിതരണം നടക്കുകയാണ്. വെള്ളത്തിന്റെ ലഭ്യതക്കുറവില്‍ അതില്‍ പലതും നിലച്ചുപോകുമെന്ന ഘട്ടത്തിലാണ് ഇന്നലെ മഴ കനത്തുപെയ്തത്.
ഈ മഴ ഏറെ ആശ്വാസം പകരുന്നത് കര്‍ഷകര്‍ക്കാണ്. പല കൃഷികള്‍ക്കും മണ്ണൊരുക്കേണ്ട അവസരമാണിത്. മഴ മടിച്ചുനില്‍ക്കുന്നത് കാരണം കര്‍ഷകര്‍ ആശങ്കയിലായിരുന്നു. അവര്‍ക്കിനി കൃഷിയിടങ്ങളിലേക്കിറങ്ങാം.

 

LEAVE A REPLY

Please enter your comment!
Please enter your name here