Connect with us

Kozhikode

ടി പി കൊല്ലപ്പെട്ട ദിവസം കൊടി സുനിയും സംഘവും ചിലരെ ഭീഷണിപ്പെടുത്തിയതായി സാക്ഷി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം വൈകുന്നേരം അഞ്ച്മണിയോടെ കൊടി സുനി, കെ കെ മുഹമ്മദ് ശാഫി, ലംബു പ്രദീപന്‍ എന്നിവര്‍ ചൊക്ലി അങ്ങാടിയില്‍ ചിലരെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി തനിക്ക് ലഭിച്ചതായി പാനൂര്‍ സി ഐ ജയന്‍ ഡൊമനിക് മൊഴി നല്‍കി. സന്തോഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് ചൊക്ലി പോലീസിന് കൈമാറിയതായും ടി പി കേസിലെ 149-ാം സാക്ഷിയായ ജയന്‍ ഡൊമിനിക് കോടതി മുമ്പാകെ മൊഴി നല്‍കി.

ടി പി കൊല്ലപ്പെട്ട് ഏഴ് ദിവസം കഴിഞ്ഞ മെയ് 11ന് നടത്തിയ പരിശോധനയില്‍ ചൊക്ലി ശ്രീനാരായണ മഠത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട ബ്രാണ്ടിയുടെ ഒഴിഞ്ഞ കുപ്പി, മൂന്ന് മീറ്റര്‍ വടക്കുമാറി കാറിന്റെ നമ്പര്‍പ്ലേറ്റ് എന്നിവ കണ്ടെത്തിയിരുന്നു. കെ എല്‍ 18 എ 5964 എന്ന നമ്പറാണ് രേഖപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം മൊഴി നല്‍കി. കോടതി വളപ്പിലെ ഇന്നോവ കാര്‍ സാക്ഷി തിരിച്ചറിഞ്ഞു.
അതിനിടെ, വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് സാക്ഷി വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കാനായില്ല. ചീഫ് വിസ്താരം കഴിഞ്ഞശേഷം പ്രതിഭാഗത്തെ അഡ്വ. ബി. രാമന്‍പിള്ളയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രമേ സമയം അനുവദിച്ചുള്ളു. പ്രതിഭാഗത്തെ മറ്റ് അഭിഭാഷകര്‍ പാനൂര്‍ സി ഐ ജയന്‍ ഡൊമനികിനെ വിസ്തരിക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിവെച്ചു.
വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ വന്ന സംഘം ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതായും ആ വാഹനത്തില്‍ രക്ഷപ്പെട്ടതായും 2012 മെയ് നാലിന് രാത്രി 11 മണിക്ക് വടകര ഡി വൈ എസ് പി ഫോണില്‍ അറിയിച്ചപ്പോഴാണ് വിവരം അറിയുന്നതെന്ന് ജയന്‍ ഡൊമനിക് പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ പറഞ്ഞു. അതുപ്രകാരം വാഹന പരിശോധന നടത്തി. മെയ് അഞ്ചിന് രാവിലെ പത്ത് മണിക്ക് ചൊക്ലി പുനത്തില്‍ മുക്കില്‍ ആളില്ലാതെ ഒരു ഇന്നോവ കാര്‍ പൂട്ടിയിട്ട നിലയില്‍ കണ്ടതായി വിവരം ലഭിച്ചു. ഉടന്‍ അവിടെയെത്തി വാഹനം പരിശോധിച്ചു. കനാല്‍റോഡിന് സമീപമുള്ള മണ്ണെടുത്ത സ്ഥലത്താണ് കാര്‍ കിടന്നിരുന്നത്. കെ എല്‍ 58 ഡി 8144 നമ്പര്‍ ഇന്നോവ കാര്‍ കണ്ടെത്തിയ വിവരം വടകര ഡി വൈ എസ് പിയെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വാഹനത്തിന്റെ ആര്‍ സി ഉടമയെ കണ്ടെത്താന്‍ ശ്രമം നടത്തി. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിച്ചിരുന്നു. പിന്നീട് സ്ഥലത്തെത്തിയ വടകര ഡി വൈ എസ് പി വാഹനം പരിശോധിച്ചിരുന്നു.
തലശ്ശേരി ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം 2012 മെയ് ഒമ്പതിന് മാഹിയിലെ റീജന്റ് ബാറില്‍ നിന്ന് സി സി ടി വിയുടെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളായ കൊടി സുനി, ശാഫി എന്നിവര്‍ ഇവിടെനിന്ന് മദ്യപിച്ചിരുന്നതായി തെളിവ് ലഭിച്ചിരുന്നു. പ്രതികളുടെ ദൃശ്യം കിട്ടുന്നതിനു വേണ്ടിയാണ് ഡി വി ആര്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചത്. ഇതിനായി തയ്യാറാക്കിയ മഹസറില്‍ താന്‍ ഒപ്പിട്ടു. മാഹി പന്തക്കല്‍ വില്ലേജ് ബാറിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മാനേജര്‍ നേരിട്ട് ഹാജരാക്കിയിരുന്നു. ഇത് ഏറ്റുവാങ്ങിയതും താനായിരുന്നുവെന്ന് ജയന്‍ ഡൊമനിക് കോടതിയെ അറിയിച്ചു.
എന്നാല്‍ സാക്ഷി ജയന്‍ ഡൊമനിക് പുനത്തില്‍ മുക്കില്‍ പോയി കാര്‍ കണ്ടെത്തിയെന്നത് കളവാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. സാക്ഷി കടുത്ത സി പി എം വിരുദ്ധനാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഡി വൈ എസ് പി ഓഫീസില്‍ വെച്ച് തയ്യാറാക്കിയതാണ്. നേരത്തെ പോലീസില്‍ നല്‍കിയ മൊഴി കോടതിയില്‍ പൂര്‍ണമായും മാറ്റിപ്പറഞ്ഞതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി.