Connect with us

Kozhikode

വാഹനമോഷണക്കേസില്‍ അഞ്ച് പേര്‍ പിടിയില്‍

Published

|

Last Updated

വടകര: നിരവധി കേസുകളിലെ പ്രതിയടക്കം അഞ്ച് പേര്‍ വാഹനമോഷണക്കേസില്‍ പിടിയിലായി. മാനന്തവാടി കുമ്പളക്കാട ആരിഞ്ചേര്‍മല ആലഞ്ചേരി റിയാസ് (34), കണ്ണൂര്‍ കൊയ്യം പെങ്ങളായി കൈപ്പക്കണ്ടി മുനീര്‍ (38), കണ്ണൂര്‍ കടലായി ചിറക്കല്‍ കിഴക്കേ വീട്ടില്‍ ഗിരീഷ് (39), ഇരിട്ടി ജോസ്ഗിരി പുളിത്തോം കൊല്ലം പറമ്പില്‍ ജോബി (34), കണ്ണൂര്‍ മുക്കന്നം പരിയാരം പോള ഹൗസില്‍ പി കുമാരന്‍ (37) എന്നിവരെയാണ് വടകര സി ഐ. എം സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നാദാപുരം റോഡില്‍ നിര്‍ത്തിയിട്ട വി കെ സനൂപിന്റെ ടിപ്പര്‍ ലോറി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. റിയാസിനെ വടകരയില്‍ വെച്ചും മറ്റ് നാല് പേരെ കണ്ണൂര്‍ ജയിലില്‍ വെച്ചുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേര്‍ തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റ് മോഷണക്കേസുകളില്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലിലും രണ്ട് പേര്‍ കണ്ണൂര്‍ സബ്ജയിലിലും റിമാന്‍ഡില്‍ കഴിയുന്നവരാണ്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിയാസിനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മറ്റ് മുപ്പതോളം മോഷണ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജയിലിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. നാദാപുരം റോഡിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ നിന്ന് സിമന്റ് കയറ്റാന്‍ വേണ്ടിയാണ് സൊസൈറ്റിക്ക് സമീപം രാത്രി ലോറി നിര്‍ത്തിയിട്ടത്. മുനീര്‍, ജോബി, ഗിരീഷ്, കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് മോഷ്ടിച്ച ലോറി റിയാസാണ് വിലക്ക് വാങ്ങിയത്. മോഷണമുതലാണെന്ന് അറിഞ്ഞിട്ടും ലോറി വിലക്ക് വാങ്ങിയതിനാണ് റിയാസ് പിടിയിലായത്.