വികസനസെമിനാര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു

Posted on: May 26, 2013 7:28 am | Last updated: May 26, 2013 at 7:28 am
SHARE

ഷൊറണൂര്‍: നഗരസഭയുടെ 2013-14 വര്‍ഷത്തെ വികസനസെമിനാറില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നിരയിലെ സി പി എം , ബി ജെ പി അംഗങ്ങള്‍ പങ്കെടുത്തു.
നഗരസഭയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് തിരക്കിട്ട് വികസന സെമിനാര്‍ നടത്തിയത് രാഷ്ട്രീയനാടകമാണെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കൃഷ്ണകുമാര്‍ ആരോപിച്ചു. കഴിഞ്ഞ കൗണ്‍സില്‍യോഗത്തില്‍ വികസന സെമിനാറിനെക്കുറിച്ച് സൂചിപ്പിച്ചിട്ടല്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. 18ന് കഴിഞ്ഞകൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയില്‍ വികസനസെമിനാറിനെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരുന്നതായി ചെയര്‍മാന്‍ എം ആര്‍ മുരളി പറഞ്ഞു. ഈ നഗരസഭാ കൗണ്‍സിലിന്റെ കാലത്തെ ആദ്യ വികസനസെമിനാറും ബഹിഷ്‌കരിച്ച ചരിത്രമാണ് കോണ്‍ഗ്രസ്സിനുള്ളതെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി. നഗരസഭയിലെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തടസ്സംസൃഷ്ടിക്കാന്‍ തയ്യാറല്ലാത്തതിന്റെ ‘ഭാഗമായാണ് വികസനസെമിനാറില്‍ സി പി എം പങ്കുചേര്‍ന്നതെന്ന് കൗണ്‍സിലര്‍ എസ് കൃഷ്ണദാസ് പറഞ്ഞു.