വരള്‍ച്ച : ജില്ലയില്‍ 12.55 കോടി രൂപയുടെ കൃഷി നാശം

Posted on: May 26, 2013 7:27 am | Last updated: May 26, 2013 at 7:27 am
SHARE

പാലക്കാട്: ജില്ലയില്‍ 12.55 കോടി രൂപയുടെ കൃഷിനാശം ഈ വരള്‍ച്ചാ കാലത്തുണ്ടായതായി ജില്ലാ വികസന സമിതിയോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ വെളളപ്പൊക്ക സീസണില്‍ കൃഷി നശിച്ചവര്‍ക്ക് 48 ലക്ഷം രൂപ കൂടി കൊടുത്ത് തീര്‍ക്കാനുണ്ടെന്നും നേരത്തെ രണ്ടര കോടി കൊടുത്തു തീര്‍ത്തതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍ക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം ചെയ്യുന്നതിന് 50,000 രൂപ നല്‍കിയതായും തുക ചെലവഴിച്ച് ബില്ലുകള്‍ നല്‍കിയ എട്ട് പഞ്ചായത്തുകള്‍ക്ക് അധിക തുക അനുവദിച്ചത് ജില്ലാ കലക്ടറുടെ ചുമതലയുളള എ ഡി എം കെ ഗണേശന്‍ അറിയിച്ചു.
ജില്ലയില്‍ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ ഒരു മണിക്കൂര്‍ വീതം ലോഡ് ഷെഡിങും വൈകീട്ട് 6.30 മുതല്‍ രാത്രി 11 വരെ അര മണിക്കൂര്‍ വീതം ലോഡ് ഷെഡിങും ഉളളതായി കെ എസ് ഇ ബി യുടെ ബന്ധപ്പെട്ട ഓഫീസര്‍ അറിയിച്ചു. ഇതിനുപുറമെ അറ്റകുറ്റപ്പണികള്‍ക്കായി ചില മേഖലകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. പട്ടാമ്പി, പെരിന്തല്‍മണ്ണ റോഡു പണി അടിയന്തിരമായി തീര്‍ക്കണമെന്നും സി പി മുഹമ്മദ് എം എല്‍ എ ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ ഹോമിയോ ആശുപത്രി ഉദ്ഘാടനം തന്റെ അനുമതി കൂടാതെ നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്നും നികുതിയടച്ച് കൊണ്ടുവരുന്ന മണല്‍ ജില്ലാ കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചിടുന്നതായി കെ അച്ചുതന്‍ എം എല്‍ എ പരാതിയുന്നയിച്ചു. ഇത് സംബന്ധിച്ച പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുളള എ ഡി എം കെ ഗണേശന്‍ അറിയിച്ചു. പാടശേഖര സമിതിയുടെ രജിസ്‌ട്രേഷന്‍ വൈകിയാല്‍ 8000 രൂപ പിഴ ഈടാക്കുന്ന നടപടി ചിറ്റൂര്‍, കൊല്ലങ്കോട് മേഖലയില്‍ മാത്രമാണുളളതെന്ന് കെ വി വിജയദാസ് എം എല്‍ എ ചോദ്യത്തിനുത്തരമായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന യോഗത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് എം ചന്ദ്രന്‍ എം എല്‍ എ പറഞ്ഞു.
ഇ എഫ് എല്‍ ‘ഭൂമി സംബന്ധിച്ച ജില്ലാ കമ്മിറ്റി തീരുമാനവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പി എ സലാം മാസ്റ്റര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റുമാരായ കെ രവീന്ദ്രനാഥന്‍, ഗൗരി ടീച്ചര്‍, സബ് കലക്ടര്‍ എ.കൗശികന്‍, ആര്‍ ഡി ഒ. കലാധരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി പി ജോണി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here