Connect with us

Kozhikode

ചേമഞ്ചേരിയില്‍ ക്യാന്‍സര്‍ പ്രതിരോധ പദ്ധതിക്ക് തുടക്കം

Published

|

Last Updated

ചേമഞ്ചേരി: ഗ്രാമപഞ്ചായത്തും ക്രസന്റ് ചാരിറ്റബിള്‍ സൊസൈറ്റി (കണ്ണന്‍കടവ്) യും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയായ “പ്രത്യാശ” ക്ക് തുടക്കമായി.
ബോധവത്കരണം, രോഗനിര്‍ണയം, ചികിത്സ, സ്വാന്തന പരിചരണം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പതിനായിരത്തോളം വീടുകളിലെ നാല്‍പ്പതിനായിരം ജനങ്ങളെ നേരില്‍ കണ്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെയും തിരുവന്തപുരത്തെ റീജ്യനല്‍ കാന്‍സര്‍ സെന്ററിന്റെയും പങ്കാളിത്തത്തോടെ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ആയിരത്തിലധികം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇന്ന് നടക്കും. ക്യാന്‍സര്‍ രോഗനിര്‍ണയ – ചികിത്സാ രംഗങ്ങളില്‍ അനുഭവ സമ്പത്തുള്ള ഡോക്ടര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഈ പരിശീലനം ലഭിച്ചവരാണ് വീടുകള്‍ കേന്ദ്രീകരിച്ച് വിവര ശേഖരണം നടത്തുന്നത്.
ഇങ്ങനെ ശേഖരിക്കുന്ന വസ്തുതകള്‍ പഞ്ചായത്ത് തലത്തില്‍ 31ന് ക്രോഡീകരിക്കുകയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ജൂണ്‍ രണ്ടാം വാരം പ്രാഥമിക പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. ഈ പരിശോധനയിലൂടെ കണ്ടെത്തുന്നവരെ ജൂലൈ ആദ്യവാരം മെഗാക്യാമ്പ് നടത്തി രോഗം സ്ഥിരീകരിക്കും. ഐ എസ് ആര്‍ ഒയുടെ സാറ്റലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂനിറ്റാണ് മെഗാക്യാമ്പിന് നേതൃത്വം നല്‍കുന്നത്. രോഗം സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ അടക്കമുള്ള മികച്ച സ്ഥാപനങ്ങളില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കും.

Latest