സ്‌കൂള്‍ ബസുകളുടെ സുരക്ഷ: കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്‌

Posted on: May 26, 2013 1:48 am | Last updated: May 26, 2013 at 1:48 am
SHARE

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ എല്ലാ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നല്‍കിക്കഴിഞ്ഞു. കുട്ടികളെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുവരുന്നത് അനുവദിക്കരുതെന്നതാണ് പ്രധാന നിര്‍ദേശം.
കുട്ടികളുടെ എണ്ണത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിരിക്കണം. സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ ആയിരിക്കണമെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിച്ചിരിക്കണം. വേഗപ്പൂട്ടിന്റെ പ്രവര്‍ത്തനം, വൈപ്പര്‍, ലൈറ്റുകള്‍, സീറ്റുകളുടെ അകലവും നിലവാരവും, സൈഡ് ഷട്ടറുകള്‍ തുടങ്ങിയവയും പരിശോധിക്കും. ബസില്‍ കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കണം. വാഹനത്തിനുള്ളില്‍ സ്‌കൂള്‍ ബാഗുകള്‍ വെക്കുന്നതിന് പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം, കുട്ടികള്‍ക്ക് വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിന് വാഹനത്തിന്റെ വാതിലിനു സമീപത്ത് ഒരു സഹായി ഉണ്ടായിരിക്കണം. ഒരു സീറ്റില്‍ 13 വയസ്സിനു മുകളിലുള്ള രണ്ട് കുട്ടികളെ ഇരുത്താന്‍ പാടുള്ളതല്ല.
വാഹനമോടിക്കുന്ന ഡ്രൈവര്‍ക്ക് ജോലിയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയമെങ്കിലും ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസ് ഓടിക്കുന്നവര്‍ ആര്‍ ടി ഒയുടെ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. അശ്രദ്ധ മൂലമോ മദ്യപിച്ചോ വണ്ടിയോടിച്ചതിന് ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍. ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ സ്‌കൂള്‍ അധികൃതരും അധ്യാപക രക്ഷാകര്‍തൃ സംഘടനയും ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂള്‍ തുറക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് ഫിറ്റ്‌നെസ് ടെസ്റ്റ് നടക്കുന്ന ഇടങ്ങളിലെല്ലാം സ്‌കൂള്‍ ബസുകളുടെ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയ ശേഷം ചെക്ക്ഡ് സ്ലിപ്പുകള്‍ വാഹനത്തിന്റെ മുന്‍വശത്തെ ചില്ലില്‍ പതിക്കും. സ്‌കൂള്‍ മേധാവികള്‍ അവരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ നമ്പറുകള്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ്, ടാക്‌സ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ്, െ്രെഡവര്‍മാരുടെ വിവരങ്ങള്‍ എന്നിവ പരിശോധന സമയത്ത് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കണം. ചെക്ക്ഡ് സ്ലിപ്പുകള്‍ പതിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടേര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here