Connect with us

Editorial

ഡ്രോണ്‍ ആക്രമണം: ഒബാമ പറയുന്നത്

Published

|

Last Updated

siraj copyപാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും യമനിലും സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കുന്ന ഡ്രോണ്‍ ആക്രമണങ്ങളെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരിക്കല്‍ കൂടി രംഗത്തെത്തിയിരിക്കുന്നു. പ്രതിരോധത്തിന്റെ ഭാഗമായാണ് പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്ക കടുത്ത ഭീഷണി നേരിടുകയാണെന്നും തീവ്രവാദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുകയെന്നത് ലോകത്തിന്റെ ആവശ്യമാണെന്നും ഡ്രോണ്‍ ആക്രമണങ്ങളെ ന്യായീകരിക്കാനായി അദ്ദേഹം പറയുന്നു. നാഷനല്‍ ഡിഫന്‍സ് സര്‍വകലാശാലയില്‍ ഭീകരവിരുദ്ധ നയം വിശദീകരിച്ച് സംസാരിക്കവേയാണ് അമേരിക്കന്‍ പ്രസിഡന്റ് മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ ശക്തമായി ന്യായീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍ ചോദ്യങ്ങളുയര്‍ത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ച മെദിയ ബഞ്ചമിന്‍ എന്ന സമാധാന പ്രവര്‍ത്തകയെ ഹാളില്‍ നിന്ന് ബലം പ്രയോഗിച്ച് നീക്കുന്നതിന് പ്രസിഡന്റ് സാക്ഷിയാകുകയും ചെയ്തു. ആക്രമണങ്ങള്‍ കുറക്കാമെന്ന് വാഗ്ദാനം നല്‍കിയെന്ന ഒറ്റക്കാരണത്താല്‍ പാക്കിസ്ഥാനും യമനും ഒബാമയുടെ പ്രസ്താവന സ്വാഗതം ചെയ്തിരിക്കുന്നുവെന്നതാണ് വിചിത്രമായ കാര്യം.
മാറ്റത്തിന്റെ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ ബരാക് ഒബാമ വലിയ പ്രതീക്ഷകളാണ് ലോകത്തിന് നല്‍കിയിരുന്നത്. സ്വന്തം പൗരന്‍മാരെ ഭീതിയുടെ നിഴലില്‍ തളച്ചിട്ട് ലോകത്താകെ നടത്തിവന്ന ഇടപെടല്‍രാഷ്ട്രീയത്തില്‍ നിന്ന് നിര്‍മാണാത്മകമായ മാറ്റം ലോകം പ്രതീക്ഷിച്ചു. പ്രസിഡന്റ് പദത്തിലെത്തും മുമ്പ് അദ്ദേഹം നടത്തിയ മനോഹരമായ പ്രസംഗങ്ങള്‍ ഈ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നു. പക്ഷേ, ഒന്നാമൂഴത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നിലവിലുള്ള അമേരിക്കന്‍ നയങ്ങളില്‍ നിന്ന് അടിസ്ഥാനപരമായ മാറ്റത്തിന് ഒബാമ അശക്തനാണെന്ന് തെളിഞ്ഞു.
ഒരു രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ആധുനിക കാലത്തെ ഏറ്റവും പ്രത്യക്ഷമായ കടന്നാക്രമണത്തിന്റെ പര്യായമായി ഡ്രോണ്‍ ആക്രമണങ്ങള്‍ മാറിയിട്ടുണ്ട്. തീവ്രവാദികള്‍ ഒളിച്ചു കഴിയുന്നുവെന്ന് അമേരിക്കന്‍ സൈനിക നേതൃത്വത്തിനോ സി ഐ എ ഉദ്യോഗസ്ഥര്‍ക്കോ തോന്നുന്ന സ്ഥലത്ത് വിദൂരനിയന്ത്രിത പൈലറ്റില്ലാ വിമാനം ബോംബ് വര്‍ഷിക്കുകയാണ് ചെയ്യുന്നത്. ഒരു ജനതയെയൊന്നാകെ ശത്രുക്കളും ഒറ്റുകാരും കുറ്റവാളികളുമായി മുദ്രകുത്തിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് മേല്‍ അഗ്നി ഗോളങ്ങള്‍ വര്‍ഷിക്കാം. ഉന്നം നോക്കാതെ വെടിവെക്കാം. ജനവാസകേന്ദ്രമെന്നോ സ്‌കൂളെന്നോ ആശുപത്രിയെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ എവിടെയും ആരുടെ മേലും ബോംബിടാം. ഇതാണ് പൈലറ്റില്ലാ വിമാനങ്ങളുടെ പ്രത്യയശാസ്ത്രം.
ഡ്രോണ്‍ ആക്രമണങ്ങള്‍ നിയന്ത്രിക്കുമെന്ന ഒബാമയുടെ വാഗ്ദാനത്തിന് വിശ്വാസ്യതയില്ല. ഭീതി ഉത്പാദിപ്പിച്ച് മരണം വിതക്കുക തന്നെയാണ് നയം. അതില്‍ നിന്ന് അമേരിക്ക പിന്തിരിയണം. തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍ പോലെ വിലപ്പെട്ടതാണ് മറ്റൊരു രാജ്യത്തെ മനുഷ്യരുടെ ജീവനുമെന്ന് അവര്‍ മനസ്സിലാക്കണം. ഭരണകൂടത്തെ തിരുത്തിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്കയിലെ മനുഷ്യസ്‌നേഹികള്‍ തന്നെ നേതൃത്വം കൊടുക്കണം. യു എസിന്റെ വാലാകാതെ തിരുത്തല്‍ ശക്തിയാകാന്‍ യു എന്നിനും സാധിക്കണം. പാക്കിസ്ഥാനില്‍ പുതുതായി അധികാരമേറ്റെടുക്കാന്‍ പോകുന്ന നവാസ് ശരീഫും അദ്ദേഹത്തിന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗും ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ വലിയ കക്ഷിയായ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവ് ഇമ്രാന്‍ ഖാനും ഇതേ നിലപാടുള്ളയാളാണ്. പുറത്തു പോയ സര്‍ദാരി സര്‍ക്കാര്‍ തന്നെ ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് ശരീഫ് സര്‍ക്കാറിന് വളരാനാകണം. ജനാഭിലാഷമാണ് പുലരേണ്ടത്. അന്താരാഷ്ട്ര ബന്ധങ്ങളിലെ ഗൂഢ താത്പര്യങ്ങളല്ല.