സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ധാരണയിലെത്തി

Posted on: May 25, 2013 8:12 pm | Last updated: May 26, 2013 at 1:41 am
SHARE

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കേരള ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനുമായുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു.

ഫെഡറേഷന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളിലും ഒരു ഡെന്റല്‍ കോളജിലേയും അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശത്തിനുള്ള കരാറിലാണ് ഒപ്പിട്ടത്. കരാര്‍ അനുസരിച്ച് 50 ശതമാനം സീറ്റില്‍ സര്‍ക്കാറും, 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റും പ്രവേശം നടത്തും. സര്‍ക്കാറിനുള്ള സീറ്റിന്റെ 15 ശതമാനത്തില്‍ കോളജ് നടത്തുന്ന സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
മൊത്തം സീറ്റിന്റെ 15 ശതമാനം എന്‍ ആര്‍ ഐ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തു.
എന്‍ ആര്‍ ഐ സീറ്റ് ഒഴികെയുള്ള മുഴുവന്‍ സീറ്റിലും എം ബി ബി എസിന് നാല് ലക്ഷം രൂപയും ബി ഡി എസിന് മൂന്ന്‌ലക്ഷം വീതവുമായിരിക്കും പ്രതിവര്‍ഷ ഫീസ്. എന്‍ ആര്‍ ഐ സീറ്റില്‍ ഒമ്പത് ലക്ഷം രൂപയായിരിക്കും ഫീസ്. മുന്‍ വര്‍ഷം എം ബി ബി എസിന് 3.75 ലക്ഷം രൂപയായിരുന്നു ഫീസ്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ പ്രവേശവും.
ഇതിനായി മാനേജ്‌മെന്റ് പ്രത്യേക പ്രവേശ പരീക്ഷ നടത്തില്ല. ഫെഡറേഷന് കീഴിലുള്ള തൃശൂര്‍ അമല, ജൂബിലി, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നിവിടങ്ങളില്‍ എം ബി ബി എസിനും പുഷ്പഗിരി ദന്തല്‍ കോളജിലുമാണു പ്രവേശം.
കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ മാനേജ്‌മെന്റ് ഫെഡറേഷന് വേണ്ടി തൃശൂര്‍ ജൂബിലി അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്തും സര്‍ക്കാറിന് വേണ്ടി ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി ഡി ഷാജിയും കരാറില്‍ ഒപ്പിട്ടു.
കേരള കത്തോലിക്ക് എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ബി ടെക് പ്രവേശവുമായി ബന്ധപ്പെട്ട കരാറില്‍ കഴിഞ്ഞദിവസം ഒപ്പിട്ടിരുന്നു.