Connect with us

Kerala

59 സര്‍ക്കാര്‍ ആശുപത്രികളില്‍ നവജാത ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കും: മന്ത്രി

Published

|

Last Updated

baby (1)ആലപ്പുഴ: തിരഞ്ഞെടുത്ത 59 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള നവജാത ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. ആലപ്പുഴ വനിത-ശിശു ആശുപത്രിയില്‍ ഫോട്ടോതെറാപ്പി യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് മെഡിക്കല്‍ കോളജുകളിലും ഒമ്പത് ജില്ലാ ആശുപത്രികളിലും സ്‌പെഷല്‍ ന്യൂബോണ്‍ കെയര്‍ യൂനിറ്റുകളും 47 താലൂക്കാശുപത്രികളില്‍ സ്‌പെഷല്‍ ന്യൂബോണ്‍ സ്റ്റെബിലൈസേഷന്‍ യൂനിറ്റുകളുമാണ് ആരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രികള്‍ക്കും ആരോഗ്യസേവന ദാതാക്കള്‍ക്കുമുള്ള ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ (എന്‍ എ ബി എച്ച്) അക്രഡിറ്റേഷനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് എന്ന പദ്ധതി നടപ്പാക്കിവരികയാണെന്നും ഇത് ഘട്ടംഘട്ടമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിനു കീഴിലുള്ള ചികിത്സാകേന്ദ്രങ്ങളെ കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന 96 കോടിയുടെ ഇ-ഹെല്‍ത്ത് പരിപാടി ഉടന്‍ നടപ്പാക്കുമെന്ന് ജില്ലാ ആരോഗ്യ അദാലത്ത് ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു. 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഹൃദ്രോഗം, അര്‍ബുദം, വൃക്കരോഗം ഉള്‍പ്പെടെയുള്ള എല്ലാ രോഗങ്ങള്‍ക്കും എ പി എല്‍-ബി പി എല്‍ വ്യത്യാസമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം പദ്ധതിക്ക് തുടക്കം കുറിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികള്‍ സ്വീകരിക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനുമായി നടത്തുന്ന ആരോഗ്യ അദാലത്തുകള്‍ ജൂണ്‍ എട്ടിന് സമാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

Latest