Connect with us

National

പൊതു തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ ജാതി രാഷ്ട്രീയത്തെ ഉപയോഗിച്ച് നിതീഷ് കുമാര്‍

Published

|

Last Updated

പാറ്റ്‌ന: 2014ലെ പൊതു തിരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമാകുമെന്ന് ഉറപ്പിച്ച നിലയിലാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓരോ നീക്കവും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് ബി ജെ പിയുടെ പരിപാടിയെങ്കില്‍ എന്‍ ഡി എ വിടുമെന്ന് നിതീഷിന്റെ ജനതാദള്‍ യുനൈറ്റഡ് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ബി ജെ പിയാണെങ്കില്‍ മോഡിയെ ഉയര്‍ത്തിക്കാണിക്കില്ലെന്ന് ഒരു ഉറപ്പും ഇതുവരെ നല്‍കിയിട്ടുമില്ല. മോഡിയാണ് നയിക്കുന്നതെങ്കില്‍ ജെ ഡി യുവിന് സ്വന്തം വഴി തേടേണ്ടി വരുമെന്ന് ചുരുക്കം. ഒറ്റക്ക് മത്സരിക്കേണ്ടി വരുന്ന ഈ സാഹചര്യം നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് നിതീഷ് വിയര്‍ക്കുന്നത്.
മുംഗറില്‍ നിന്നുള്ള ജെ ഡി യു. എം പി ലല്ലന്‍ സിംഗെന്ന രാജീവ് രഞ്ജന്‍ സിംഗുമായി ഈയടുത്ത് ചര്‍ച്ച നടത്തിയതും അദ്ദേഹവുമൊത്ത് പ്രചാരണ യാത്ര സംഘടിപ്പിച്ചതും ഈ മുന്നൊരുക്കത്തിന്റെ ഭാഗമാണ്. കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുമ്പ് പരസ്യമായി വാക്‌പോരിലേര്‍പ്പെട്ടവരാണ് ലല്ലന്‍ സിംഗും നിതീഷും. പാര്‍ട്ടിയില്‍ ഇവര്‍ രണ്ട് ചേരികളില്‍ തന്നെയാണ്. കണ്ടാല്‍ മുഖം തിരിക്കുന്ന സ്ഥിതി. ഈ നിതാന്ത ശത്രുക്കള്‍ ഒരുമിച്ച് യാത്രയില്‍ പങ്കെടുത്തതിനെയും മുംഗര്‍, ലഖിസറായി ജില്ലകളില്‍ നിരവധി പൊതുയോഗങ്ങളില്‍ സംബന്ധിച്ചതിനെയും രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് കാണുന്നത്.
പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് ലല്ലന്‍. മധ്യ ബീഹാറില്‍ നല്ല സ്വാധീനമുള്ള ഭൂമിഹാര്‍ സമുദായക്കാരന്‍. ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന ബീഹാറില്‍ ലല്ലന്‍ സിംഗിനെപ്പോലുള്ളവര്‍ക്ക് കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ സാഹചര്യമൊരുക്കുന്നത് ഭൂമിഹാര്‍ സവര്‍ണ വിഭാഗമാണ്. തിരഞ്ഞെടുപ്പ് സമയത്ത് അണിയറയില്‍ നിന്ന് സമര്‍ഥമായി കരുക്കള്‍ നീക്കാന്‍ അസാമാന്യ കഴിവുള്ളയാളാണ് ഇദ്ദേഹം. ഒറ്റക്ക് മത്സരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ ലല്ലനെപ്പോലുള്ള ഒരാള്‍ സജീവമായി ഉണ്ടാകണമെന്ന് നിതീഷ് ആഗ്രഹിക്കുന്നു. ഇതുതന്നെയാണ് ഇപ്പോഴത്തെ റെഡിമെയ്ഡ് സൗഹൃദത്തിന്റെ അടിസ്ഥാനം.
കൊയേരി സമുദായത്തില്‍ നിന്നുള്ള നേതാവായ ഉപേന്ദ്ര കുശവാഹയെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ നിതീഷ് നടത്തിയ ശ്രമങ്ങളാണ് ലല്ലന്റെ ശത്രുതക്ക് അടിസ്ഥാന കാരണം. കുശവാഹ പിന്നീട് ആര്‍ ജെ ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുമായി ചേര്‍ന്ന് കുമാറിനെതിരെയും ലല്ലനെതിരെയും ആക്രമണമഴിച്ചു വിട്ടു.
പക്ഷേ നിതീഷ് കുമാറിന്റെ ശക്തനായ വിമര്‍ശകനായി ലല്ലന്‍ സിംഗ് മാറി. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തുക വരെ ചെയ്തു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് തിരിച്ചെത്തിയ അദ്ദേഹം മുംഗറില്‍ നിന്നുള്ള എം പിയായി തുടരുകയായിരുന്നു.
“അകന്നു നിന്നവരെല്ലാം തിരിച്ചു വന്നിരിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല” ലല്ലനെ വേദിയിലിരുത്തി നിതീഷ് കുമാര്‍ പറഞ്ഞു. സൗഹൃദം ഒരിക്കലും നശിച്ചിരുന്നില്ലെന്നും പൊതു ജീവിതത്തില്‍ സംശുദ്ധി സൂക്ഷിക്കുന്ന വ്യക്തിയാണ് നിതീഷെന്നും ലല്ലന്‍ പുകഴ്ത്തുക കൂടി ചെയ്തതോടെ നാടകം പൂര്‍ത്തിയായി.
ലല്ലനെപ്പോലുള്ളവരെ തിരികെ കൊണ്ടുവരിക മാത്രമല്ല നിതീഷ് മുന്നൊരുക്കമായി ചെയ്യുന്നത്. ജയിച്ചുവരാന്‍ സഹായിക്കുന്ന ജാതി സമവാക്യം രൂപപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നു. ലാലു പ്രസാദ് യാദവിന്റെ മുസ്‌ലിം- യാദവ് സഖ്യത്തെ എതിര്‍ക്കുന്ന വിവിധ ജാതി വിഭാഗങ്ങളെ സ്വാധീനിക്കാനാണ് നിതീഷ് ശ്രമിക്കുന്നത്. ഈ വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ മൊത്തം വോട്ടിന്റെ 27 ശതമാനം വരുമെന്നാണ് കണക്കുകൂട്ടല്‍. കുര്‍മികളെപ്പോലുള്ള യാദവേതര പിന്നാക്ക ജാതികള്‍, അങ്ങേയറ്റം പിന്നാക്കമായ ജാതികള്‍, പിന്നാക്ക മുസ്‌ലിംകള്‍, പട്ടിക ജാതി വിഭാഗങ്ങള്‍ എന്നിവരെയാണ് നിതീഷ് നോട്ടമിടുന്നത്.
എന്‍ ഡി എ വിട്ടു വന്നാല്‍ അദ്ദേഹത്തിന് ചില സവര്‍ണ നേതാക്കള്‍ അനിവാര്യമായി വരും. ബ്രാഹ്മണ, ഠാക്കൂര്‍, ഭൂമിഹാര്‍ തുടങ്ങിയ സവര്‍ണ വിഭാഗങ്ങളാണ് ബി ജെ പിയുടെ വോട്ട് ബേങ്ക്. ഇവിടേക്ക് കടന്ന് കയറാന്‍ ഈ സമുദായങ്ങളില്‍ നിന്നുള്ള നേതാക്കള്‍ തന്നെ വേണം. ലല്ലന്‍ സിംഗുമായുള്ള വെടിനിര്‍ത്തലിനെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കുന്നതില്‍ ജെ ഡി യു നിര്‍ണായകമാകുമെന്നാണ് മിക്കവാറും സര്‍വേകള്‍ പറയുന്നത്. അപ്പോള്‍ വിജയിയുടെ കൂടെ നില്‍ക്കുന്നതാണ് നല്ലതെന്ന് ലല്ലന്‍ സിംഗും കണക്ക് കൂട്ടുന്നു.

Latest