Connect with us

National

കൊടുംചൂട്; ഉത്തരേന്ത്യയില്‍ 8 മരണം

Published

|

Last Updated

ചണ്ഡീഗഢ്: അതികഠിനമായ ചൂടിനെ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും എട്ട് പേര്‍ മരിച്ചു. രണ്ട് സംസ്ഥാനങ്ങളുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ ചൂടിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ശക്തമായ ചൂടിനെ തുടര്‍ന്ന് പഞ്ചാബിലെ അമൃത്‌സറിലും ഫിറോസ്പൂരിലും രണ്ട് പേര്‍ വീതവും തരന്‍തരണില്‍ ഒരാളുമാണ് മരിച്ചത്. ഹരിയാനയിലെ ഹിസാറിലും സിര്‍സയിലും ഒരാള്‍ വീതം മരിച്ചിട്ടുണ്ട്.
അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറഞ്ഞു. പ്രദേശത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും താപനില 41നും 43നും ഇടയിലാണ്. ചൂടുകാറ്റും പൊടിക്കാറ്റും പ്രദേശത്ത് കൂടുതല്‍ ദുരിതം വിതക്കുകയാണ്. ചണ്ഡീഗഢില്‍ 43 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇപ്പോഴുള്ളത്. അതിശക്തമായ ചൂടിനെ തുടര്‍ന്ന് ഉച്ചക്കു ശേഷം ജനങ്ങള്‍ പുറത്തിറങ്ങാത്തതുമൂലം കച്ചവട കേന്ദ്രങ്ങള്‍ ശൂന്യമായിക്കിടന്നു.
അതിശക്തമായ ചൂടില്‍ ജനങ്ങള്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നതിനിടയില്‍ വൈദ്യതി തകരാറിലാകുന്നതും പതിവായി. പ്രധാന നദികളായ ബീസ്, റാവി, സത്‌ലജ് തുടങ്ങിയവയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഭക്ര ഡാമിലെ ജലനിരപ്പ് 1563.72 അടിയും പോങ് ഡാമിലെ ജലനിരപ്പ് 1309. 59 അടിയുമായി കുറഞ്ഞതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.