ഡിസംബര്‍ മുതല്‍ ശമ്പളം എടിഎം കൗണ്ടറുകളിലൂടെ

Posted on: May 25, 2013 5:16 pm | Last updated: May 25, 2013 at 5:16 pm
SHARE

അബുദാബി: ശമ്പളം ബേങ്കുകള്‍ വഴി നല്‍കുന്ന സംവിധാനമായ ഡബ്ല്യുപിഎസില്‍ രജിസ്റ്റര്‍ ചെയ്ത എക്‌സ്‌ചേഞ്ചുകളുടെ കൗണ്ടറില്‍ നിന്ന് നേരിട്ട് ശമ്പളം കൈപ്പറ്റുന്ന രീതി സെന്‍ട്രല്‍ ബേങ്ക് നിര്‍ത്തലാക്കുന്നു.

ഡിസംബറോടെ ഈ രീതി പൂര്‍ണമായും മാറ്റി ഓരോ ജീവനക്കാരനും അതാത് എക്‌സ്‌ചേഞ്ചുകള്‍ പ്രത്യേകം എടിഎം കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുകയും തൊഴിലാളികള്‍ ഇതുപയോഗിച്ച് ശമ്പളം കൈപ്പറ്റുകയും വേണം.
ഇതിന്റെ സൗകര്യാര്‍ഥം എല്ലാ ബേങ്കുകളിലും എക്‌സ്‌ചേഞ്ചുകളിലും അവയുടെ ബ്രാഞ്ചുകളിലും ജനങ്ങള്‍ കൂടുതല്‍ സംഗമിക്കുന്ന സ്ഥലങ്ങളിലും പ്രത്യേകം മെഷീനുകള്‍ സ്ഥാപിക്കണം. കമ്പനി ഉടമയില്‍ നിന്ന് പണം ലഭിച്ച 24 മണിക്കൂറിനകം മെഷീനിലൂടെ തൊഴിലാളിക്ക് ലഭിക്കാവുന്ന രീതിയില്‍ അവയില്‍ നിക്ഷേപിക്കണം.
ബേങ്കുകള്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും അവരുടെ ആസ്ഥാനത്ത്, ജീവനക്കാര്‍ക്ക് ശമ്പള സ്വീകരിക്കാനുള്ള പ്രത്യേക എടിഎം സ്ഥാപിക്കാന്‍ കല്‍പ്പിക്കുന്ന തീരുമാനം സെന്‍ട്രല്‍ ബേങ്ക് രണ്ട് ദിവസം മുമ്പ് കൈക്കൊണ്ടിരുന്നു. കമ്പനി ഉടമസ്ഥരില്‍ നിന്ന് ശമ്പള സംഖ്യ മൊത്തമായി സ്വീകരിച്ച് തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ലഭ്യമാക്കാതെ പണം സ്ഥാപനം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ആവശ്യത്തിന് തിരിമറി നടത്തിയതായി ബോധ്യപ്പെട്ട എക്‌സ്‌ചേഞ്ചിന്റെ ലൈസന്‍സ് സെന്‍ട്രല്‍ ബേങ്ക് ഇടക്കാലത്ത് റദ്ദാക്കിയിരുന്നു.
ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടപ്പില്‍വരുത്തിയ ഡബ്ലിയുപിഎസ് പദ്ധതിയില്‍ 18 ബേങ്കുകളും 45 എക്‌സ്‌ചേഞ്ചുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ വഴി കൈകാര്യം ചെയ്യുന്ന ശമ്പള പദ്ധതിക്ക് ഓരോ തൊഴിലാളിയുടെ പേരിലും അഞ്ച് മുതല്‍ 15 ഫില്‍സ് വരെ കമ്മീഷന്‍ ഇനത്തില്‍ ഈടാക്കുന്നുണ്ട്. ഈ കമ്മീഷന്‍ തുക കമ്പനികള്‍ ഉടമകളില്‍ നിന്നാണ് ഈടാക്കേണ്ടത്.