Connect with us

Kerala

സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷയെഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനമില്ല

Published

|

Last Updated

കൊച്ചി:പ്ലസ് വണ്‍ പ്രവേശനത്തിന് സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നീക്കി. സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രോസ്‌പെക്ടസ് വ്യവസ്ഥ സ്റ്റേ ചെയ്തുകൊണ്ടുള്ള മുന്‍ ഉത്തരവാണ്് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നീക്കിയത്. പ്ലസ് ടു കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റിനുള്ള നടപടികള്‍ സര്‍ക്കാറിന് തുടരാമെന്നും കോടതി വ്യക്തമാക്കി. മെയ് പത്തിന് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഹരജി സമര്‍പ്പിച്ചത്.

2009ല്‍ സി ബി എസ് ഇ പുറപ്പെടുവിച്ച ചട്ടങ്ങള്‍ പ്രകാരം സ്‌കൂള്‍തല പരീക്ഷ പാസാകുന്നവര്‍ അതാത് സ്‌കൂളുകളില്‍ തന്നെ പഠനം തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് തടസ്സമില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ ചൂണ്ടിക്കാട്ടി. സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പരാതികളുണ്ടെന്നും എ ജി ബോധിപ്പിച്ചു.
സ്‌കൂള്‍തല പരീക്ഷ എഴുതിയാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് തടസ്സമുണ്ടെന്ന കാര്യം വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അറിയാവുന്നതാണെന്നും പരീക്ഷ എഴുതിയ ശേഷം പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിദ്യാര്‍ഥികളുടെ ആവശ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് മാത്രം പ്ലസ് വണ്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. എസ് എസ് എല്‍ സി പരീക്ഷ എഴുതിവരില്‍ 4.51 ലക്ഷം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ 3.35 ലക്ഷം സീറ്റുകള്‍ മാത്രമാണ് പ്ലസ് വണ്‍ കോഴ്‌സുകളില്‍ ഉള്ളതെന്നും എ ജി കോടതിയെ ബോധിപ്പിച്ചു.
സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം നടത്തിയവര്‍ക്ക് അവസരം നഷ്ടപ്പെടുമെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. അതേസമയം, സ്‌കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ഹരജിക്കാരായ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ വാദിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ ഭൂരിഭാഗം പേരും സി ബി എസ് ഇ സിലബസില്‍ പഠനം നടത്തിയവരാണെന്നും സര്‍ക്കാര്‍ നടത്തുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ മാര്‍ക്കിംഗ് സംവിധാനം പരിഹാസ്യമാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം, മികച്ച നിലയില്‍ നടത്തുന്ന എസ് എസ് എല്‍ സി പരീക്ഷാ നടത്തിപ്പിനെ പരിഹസിച്ച അഭിഭാഷകന്റെ വാദത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത ഫീസാണ് സി ബി എസ് ഇ സ്‌കൂളുകള്‍ ഇടാക്കുന്നതെന്നും ഇത്തരം സീറ്റുകള്‍ സാധാരണക്കാരുടെ മക്കള്‍ക്ക് അപ്രാപ്യമാണെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് സി ബി എസ് ഇ പത്താം തരം പാസായ മുഴുവന്‍ പേര്‍ക്കും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സര്‍വീസ് സൊസൈറ്റിയും മൂന്ന് വിദ്യാര്‍ഥികളുമാണ് കോടതിയെ സമീപിച്ചത്.

 

Latest