Connect with us

Kozhikode

സാന്ത്വന ചികിത്സക്കൊപ്പം കാരുണ്യ പ്രവര്‍ത്തനവും; പാറക്കല്‍ കുഞ്ഞമ്മദ് മാതൃകയാകുന്നു

Published

|

Last Updated

കുറ്റിയാടി: മനുഷ്യാവകാശ സംരക്ഷണ രംഗത്തും സാന്ത്വന ചികിത്സക്കൊപ്പം കാരുണ്യ പ്രവര്‍ത്തന രംഗത്തും ശ്രദ്ധേയനാവുകയാണ് വേളം ശാന്തി നഗറിലെ പാറക്കല്‍ കുഞ്ഞമ്മദ്. രണ്ടാം വയസ്സില്‍ പിതാവ് മരണപ്പെട്ട കുഞ്ഞമ്മദ് അനാഥാലയത്തിലാണ് പഠിച്ചുവളര്‍ന്നത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ മദ്‌റസാധ്യാപകനും വാര്‍ഡനും ഓഫീസ് ജീവനക്കാരനുമായി. കാസര്‍കോട് മാലിക് ദീനാര്‍ യത്തീംഖാനയിലും അധ്യാപകനും വാര്‍ഡനുമായി സേവനം ചെയ്തു.
അക്രമത്തിനിരയാവുന്നവരെ സഹായിക്കാന്‍ കുഞ്ഞമ്മദ് രംഗത്തെത്തും. സഹായം തേടി വരുന്നവരെ നിരാശരാക്കാറുമില്ല. കക്കട്ടിലെ വിനീത കോട്ടായി, ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമ തുടങ്ങി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയവരും പുറംലോകത്ത് അറിയപ്പെടാത്തവരും കുഞ്ഞമ്മദിന്റെ സേവനം തേടുന്നു. പീഡനത്തിനിരയായവര്‍ക്ക് നിയമസഹായം നല്‍കുക, പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കാന്‍ സഹായിക്കുക, അവശത അനുഭവിക്കുന്നവര്‍ക്ക് താങ്ങാവുക, കിടപ്പുരോഗികള്‍ക്ക് സഹായിയാവുക തുടങ്ങിയ കുഞ്ഞമ്മദിന്റെ പ്രവര്‍ത്തനമേഖല വിപുലമാണ്. കേസുകള്‍ രമ്യമായി പരിഹരിക്കാനും കുഞ്ഞമ്മദ് മദ്ധ്യസ്ഥന്റെ റോളിലും എത്തും.
ഇദ്ദേഹത്തിന്റെ വിവാഹം തീരുമാനിക്കപ്പെട്ടതിലും കാരുണ്യത്തിന്റെ ഒരു കഥയുണ്ട്. പെണ്ണ് കാണാനായി പോയ ഇദ്ദേഹം പെണ്ണ് വീട്ടിനടുത്തായി ഭര്‍ത്താവ് മരണപ്പെട്ട മൂന്ന് കുട്ടികളുള്ള 30 കാരിയെ കാണാനിടയായി. സ്ത്രീയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഇവരെ കല്യാണം കഴിച്ചാലെന്തെന്ന ചിന്ത ഇദ്ദേഹത്തെ അലട്ടി. തുടര്‍ന്ന് തന്നെക്കാള്‍ ഏഴ് വയസ് കൂടുതലുള്ള യുവതിയെ സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തു. ഇപ്പോള്‍ മൂന്ന് കുട്ടികളെയും സ്വന്തം കുഞ്ഞുങ്ങളെന്ന പോലെ കുഞ്ഞമ്മദ് സംരക്ഷിക്കുന്നു. കുന്നുമ്മല്‍, വേളം, മരുതോങ്കര പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങളില്‍ പാലിയേറ്റീവ് പ്രവര്‍ത്തനവും നടത്തിവരുന്ന ഇദ്ദേഹം സുന്നീ പ്രവര്‍ത്തകനാണ്.

Latest