Connect with us

Kerala

പോലീസില്‍ പരസ്പര ധാരണയും വിശ്വാസവും നഷ്ടപ്പെടുന്നതായി സെന്‍കുമാര്‍

Published

|

Last Updated

കൊല്ലം: കേരള പോലീസ് അസോസിയേഷന്‍ 30-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പ്രകാശനം ചെയ്ത സുവനീറില്‍ ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാര്‍ “ചില പോലീസ് കാര്യങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം വിവാദത്തില്‍. കേരളത്തിലെ പോലീസ് സേനയുടെ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് സെന്‍കുമാര്‍ ലേഖനം എഴുതിയിരിക്കുന്നത്.
പോലീസ് സേനയില്‍ തുടക്കത്തിലുണ്ടായിരുന്ന പരസ്പര ധാരണയും വിശ്വാസവും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നതായും പോലീസുകാര്‍ പരസ്പര ബന്ധമില്ലാത്ത ദ്വീപുകളായെന്നും കുറ്റപ്പെടുത്തുന്നു. പ്രായോഗികമായ പ്രയാസങ്ങള്‍ പഠിക്കാതെയും മാനുഷിക മൂല്യങ്ങള്‍ക്കും നീതിക്കും വില കല്‍പ്പിക്കാതെയുമാണ് പെരുമാറുന്നത്. അധികാരത്തില്‍ ഇരിക്കുന്നവരെ പ്രീണിപ്പിച്ചാല്‍ ഇഷ്ടപ്പെട്ട കസേര ലഭിക്കും എന്നറിഞ്ഞ് അക്കാര്യത്തില്‍ മാത്രം ശ്രദ്ധ വെച്ച ഏതാനും പോലീസ് ലീഡര്‍മാരുടെ പ്രവര്‍ത്തന ഫലമായാണ് കേരളത്തിലെ പോലീസ് ദ്വീപുകളായി മാറിയതെന്ന് സെന്‍കുമാര്‍ പറയുന്നു.
ഡി ജി പി ഉള്‍പ്പെടെയുള്ളവരുടെ കൂറ് രാഷ്ട്രീയക്കാരോടായി മാറിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഉദാഹരണവും സെന്‍കുമാര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒരു നിയമനത്തിന് വേണ്ടി ഡി ജി പിയെ സമീപിച്ചപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയക്കാരനെക്കൊണ്ട് പോലീസിന്റെ അടുക്കല്‍ പറയിക്കുക എന്ന മറുപടിയാണ് സി ഐക്ക് ലഭിച്ചത്. പോലീസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വം രാഷ്ട്രീയക്കാരോട് മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും ഈയൊരു അവസ്ഥ വന്നുചേര്‍ന്നത് പോലീസ് നേതൃത്വത്തിന്റെ പരാജയം മൂലമാണെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു കാലഘട്ടത്തില്‍ പോലീസിന് തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് മാന്യമായി, ജനോപകാരപ്രദമായി ഉപയോഗിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുന്നതായി സെന്‍കുമാര്‍ പറയുന്നു.
രാഷ്ട്രീയക്കാര്‍ പറയുന്ന കാര്യം ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് ഉദ്യോഗസ്ഥനോട് അതേ കാര്യം സീനിയര്‍ ഓഫീസര്‍മാര്‍ പറഞ്ഞാല്‍ പൂര്‍ണ മനസ്സോടെ ചെയ്യുന്ന പ്രവണതയും വര്‍ധിക്കുന്നു. ഇതിലെന്ത് നീതിയാണ് ഉള്ളതെന്നാണ് സെന്‍കുമാര്‍ ലേഖനത്തിലൂടെ ചോദിക്കുന്നത്. തെറ്റ് ആര് പറഞ്ഞാലും അനുസരിക്കാതിരിക്കുക എന്നതാണ് ശരിയെങ്കില്‍ രാഷ്ട്രീയക്കാര്‍ പറയുന്ന തെറ്റും ഒരു പോലെ അനുസരിക്കാന്‍ പാടില്ല. ആര് പറഞ്ഞാലും ശരിയായ കാര്യം മാത്രം ചെയ്യാനും തെറ്റായ കാര്യം ചെയ്യാതിരിക്കാനുമുള്ള ത്രാണിയാണ് പോലീസ് നേതൃത്വത്തിന് ഉണ്ടാകേണ്ടത്. എല്ലാം മറന്ന് കഠിനപ്രയത്‌നം ചെയ്യാന്‍ മാത്രമായി ജീവിക്കുന്ന കുറച്ചുപേര്‍ ഉള്ളതുകൊണ്ടാണ് പോലീസ് ഇങ്ങനെയെങ്കിലും പോകുന്നതെന്നും അദ്ദേഹം പറയുന്നു.
എല്ലാവരെയും ഒത്തൊരുമയോടെ നയിക്കുന്ന നേതൃത്വം ഉണ്ടായാല്‍ മാത്രമേ പോലീസ് ജനകീയ പോലീസ് ആകുകയുള്ളൂവെന്ന് പറയുന്ന സെന്‍കുമാര്‍ ബൈലോകളുടെ ചട്ടക്കൂട്ടില്‍ നില്‍ക്കാതെ രാഷ്ട്രീയപ്രേരിതമായാണ് പോലീസ് അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതേക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും അഭിപ്രായപ്പെടുന്നു.
പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ സത്യസന്ധതയും കാര്യക്ഷമതയും ഉണ്ടായാല്‍ മാത്രമേ ജനപിന്തുണ പോലീസിന് ലഭിക്കുകയുള്ളൂവെന്നും ഈ നിലയില്‍ പോലീസിനെ എത്തിക്കാന്‍ നല്ല നേതൃത്വമാണ് ആവശ്യമെന്നും സെന്‍കുമാര്‍ പറയുന്നു.