Connect with us

Articles

ബി സി സി ഐയെ തൊട്ടു, തൊട്ടില്ല !

Published

|

Last Updated

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തത്‌സമയ വാതുവെപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മറ്റൊരു തിരിവിലെത്തി നില്‍ക്കുകയാണ്. ശ്രീശാന്ത്, അങ്കിത്, ചാന്ദില എന്നിങ്ങനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള നിറവും മണവുമുള്ള കഥകള്‍ കേട്ടുകഴിഞ്ഞു. “ക്രെഡിറ്റ് ഗോസ് ടു ഡല്‍ഹി പോലീസ്” എന്നൊരു അനൗണ്‍സ്‌മെന്റ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുകയും ചെയ്തു-സ്വാഭാവികം. ഓപറേഷന്‍ യു ടേണ്‍ ഡല്‍ഹി പോലീസിന്റെ പ്രതിച്ഛായയെ മാത്രമല്ലല്ലോ മെച്ചപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് കുറച്ചു ദിവസത്തേക്ക് അവധി ലഭിച്ചില്ലേ? ഐ പി എല്‍ വാതുവെപ്പ് സംബന്ധിച്ച് ആദ്യം സൂചന ലഭിച്ചത് മുംബൈ പോലീസിനായിരുന്നുവത്രെ. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഉന്നതരുടെ ഇടപെടല്‍ ഭയന്ന് ആ സൂചനയെ മുംബൈ പോലീസ് അവഗണിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഡല്‍ഹി പോലീസ് ആസ്ഥാനത്തു നിന്നായിരുന്നു ഈ വാര്‍ത്താ സൂചകങ്ങള്‍ പുറപ്പെട്ടത്. ഡല്‍ഹി-മുംബൈ പോലീസ് ഈഗോ ക്ലാഷ് പുതിയൊരു ഇന്നിംഗ്‌സ് ആരംഭിക്കുന്നു.
കളിക്കാരുടെ വാതുവെപ്പ് ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവിട്ട് ഡല്‍ഹി പോലീസ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ ഗുസ്തി ഐക്കണായ ധാരാ സിംഗിന്റെ മകന്‍ വിന്ദുവിനെ (വിന്ദു ധാരാ സിംഗ് എന്ന് ചേര്‍ത്തു വിളിച്ച് യശഃശരീരനായ ധാരാ സിംഗിനെ നിരന്തരം അപമാനിക്കേണ്ടതില്ല) വലയിലാക്കി മുംബൈ പോലീസ് ഐ പി എല്‍ വാതുവെപ്പ് കേസിന്റെ ഡ്രൈവിംഗ് സീറ്റ് പിടിച്ചെടുത്തു. ഡല്‍ഹി പോലീസ് നോട്ടമിട്ട രമേശ് വ്യാസുള്‍പ്പെടെയുള്ള വാതുവെപ്പ് മാഫിയയിലെ വമ്പന്‍ സ്രാവുകളെ നേരത്തെകാലത്തെ മുംബൈ പോലീസ് പൊക്കി. വിന്ദുവിന്റെ അറസ്റ്റിലൂടെ ബോളിവുഡിന്റെ വാതുവെപ്പ് ബന്ധം പുറത്തു കൊണ്ടുവന്ന മുംബൈ ക്രൈം ബ്രാഞ്ച് ശരിക്കും ഞെട്ടിച്ചത് ഗുരുനാഥ് മെയ്യപ്പനെതിരെ തിരിഞ്ഞതോടെയാണ്. മെയ്യപ്പന്‍ ചില്ലറക്കാരനല്ല. ബി സി സി ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവ്. ഐ പി എല്ലില്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ, ഏറ്റവുമധികം വിജയം കൈവരിച്ചിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയാണ് മെയ്യപ്പന്‍. ഭാര്യാപിതാവിന് ബി സി സി ഐയില്‍ തന്നെ പിടിപ്പത് ജോലിയുള്ളതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫ്രാഞ്ചൈസിയുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത് മെയ്യപ്പനാണ്. ഇങ്ങനെ ചെന്നൈ ഫ്രാഞ്ചൈസിക്ക് വേണ്ടി മെയ്യനങ്ങുന്ന ഗുരുനാഥ് മെയ്യപ്പനും വാതുവെപ്പുകാരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തിയ വിന്ദുവും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ട്. മാത്രമല്ല, ചെന്നൈയുടെ മത്സരങ്ങള്‍ കാണാനെത്തുമ്പോള്‍ വിന്ദുവിന് വി ഐ പി പരിഗണന ലഭിച്ചിരുന്നു. ധോണിയുടെ ഭാര്യ സാക്ഷിക്കൊപ്പമിരുന്ന് മത്സരങ്ങള്‍ കാണുന്ന വിന്ദുവിന്റെ ചിത്രങ്ങള്‍ ഇതിനകം മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
വാതുവെപ്പ് വിഷയത്തില്‍ ഇന്നലെ പുറത്തു വന്ന ആദ്യ വാര്‍ത്തകളിലൊന്ന് ഒരു ഐ പി എല്‍ ടീം ഉടമക്ക് വാതുവെപ്പില്‍ ഒരു കോടി രൂപ നഷ്ടമായെന്നതാണ്. വിരാട് കോഹ്‌ലി, ഹര്‍ഭജന്‍ സിംഗ്, മന്‍പ്രീത് ഗോണി എന്നിവരുമായി വിന്ദുവിന് വളരെ അടുത്ത ബന്ധമാണെന്ന വെളിപ്പെടുത്തലും മുംബൈ ക്രൈംബ്രാഞ്ച് നടത്തി. ഡല്‍ഹി പോലീസും മുംബൈ പോലീസും കേസില്‍ പരസ്പര സഹായം നടത്താതെ പുതിയ വെളിപ്പെടുത്തലുകളും തെളിവുകളുമായി രംഗത്തു വരുന്നത് അധിക കാലം തുടരില്ലെന്ന് തന്നെ വിശ്വസിക്കാം. അതല്ല ഇവര്‍ വിട്ടുവീഴ്ചയില്ലാതെ സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ബി സി സി ഐ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ കുടുങ്ങും. ഇതിന്റെ വ്യക്തമായ സൂചനയാണ് ഗുരുനാഥ് മെയ്യപ്പന്‍ മുങ്ങി നടക്കുന്നതും എന്‍ ശ്രീനിവാസന്റെ ഒരു പ്രതികരണം പോലും പുറത്തുവരാത്തതും. “പോലീസ് എന്തോ, ഏതോ പറഞ്ഞെന്ന് കരുതി നിങ്ങളാരും ചാടിക്കയറി ബി സി സി ഐ പ്രസിഡന്റ് കുറ്റക്കാരനെന്ന നിഗമനത്തിലെത്തരുതെ”ന്നാണ് ഐ പി എല്‍ ചെയര്‍മാനായ രാജീവ് ശുക്ല പറഞ്ഞത്. ബി സി സി ഐക്ക് നേരെ വിരല്‍ചൂണ്ടാന്‍ സമ്മതിക്കില്ലെന്ന മുന്നറിയിപ്പായി ഇതിനെ കാണാം. ഈയൊരു സൂചന തുടക്കം മുതല്‍ കാണാം. രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് കളിക്കാര്‍ തത്‌സമയ വാതുവെപ്പിലുള്‍പ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ ഡല്‍ഹി പോലീസ് ടീം ഉടമയേയും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധമായ വാര്‍ത്തകള്‍ പുറത്തുവന്ന് അര മണിക്കൂറിനുള്ളില്‍ ഡല്‍ഹി പോലീസിന്റെ മറ്റൊരു അറിയിപ്പ്. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമയെയും ക്യാപ്റ്റനെയും ചോദ്യം ചെയ്യില്ല. അന്വേഷണ പുരോഗതിക്ക് ആവശ്യമുണ്ടെങ്കില്‍ ചോദ്യം ചെയ്‌തേക്കുമെന്നും പോലീസ്.
സ്‌പോട് ഫിക്‌സിംഗ് (തത്‌സമയ വാതുവെപ്പ്) മാത്രമല്ല മാച്ച് ഫിക്‌സിംഗും (മത്സര വാതുവെപ്പ്) നടന്നിട്ടുണ്ടെന്ന് വാതുവെപ്പുകാരെ ചോദ്യം ചെയ്തപ്പോള്‍ സൂചന ലഭിച്ചിരുന്നു. മെയ് മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ മാച്ച് ഫിക്‌സിംഗ് നടന്നുവെന്നായിരുന്നു പിടിയിലായ ഒരു വാതുവെപ്പുകാരന്റെ വെളിപ്പെടുത്തല്‍. രാജസ്ഥാന്റെ ഇഴഞ്ഞുനീങ്ങിയ ബാറ്റിംഗും ക്യാപ്റ്റന്‍ ദ്രാവിഡ് എട്ടാം സ്ഥാനത്തേക്കിറങ്ങിയതും സംശയത്തിന് ബലമേകി. പക്ഷേ, മാച്ച് ഫിക്‌സിംഗ് സൂചനകള്‍ അവഗണിച്ച് ഏതാനും കളിക്കാരിലൊതുങ്ങുന്ന സ്‌പോട് ഫിക്‌സിംഗില്‍ മാത്രമായി ഡല്‍ഹി പോലീസിന്റെ അന്വേഷണം. അറ്റം തേടിപ്പോയാല്‍ ബി സി സി ഐ തന്നെയാകും വലിയ പ്രതി. ഫ്രാഞ്ചൈസി ഉടമകളുടെ വാതുവെപ്പ് ബന്ധത്തിലേക്കായിരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കേണ്ടി വരിക. കൈ പൊള്ളുന്ന ഏര്‍പ്പാടാണ്. ശ്രീശാന്തും അങ്കിതും ചാന്ദിലയും മതി ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിനും സംഘത്തിനും തത്കാലത്തേക്ക് മുഖം രക്ഷിക്കാന്‍. ഇവിടെയാണ് മുംബൈ പോലീസ് സ്‌കോര്‍ ചെയ്യുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രമുഖരെ പേടിച്ച് വാതുവെപ്പ് അന്വേഷണത്തില്‍ അറച്ചു നിന്നവരെന്ന ചീത്തപ്പേര് ഡല്‍ഹിയില്‍ നിന്ന് ചാര്‍ത്തിക്കിട്ടിയതിന്റെ ക്ഷീണം മുംബൈ പോലീസിന് മറികടക്കേണ്ടതുണ്ടായിരുന്നു. ബി സി സി ഐക്ക് നേരെ കളിക്കുവാന്‍ അവര്‍ ധൈര്യപ്പെട്ടു. ബി സി സി ഐയുമായി ബന്ധമുള്ളവര്‍ ഐ പി എല്‍ ടീമുകളില്‍ ഓഹരിയെടുക്കരുതെന്ന നിബന്ധന കാറ്റില്‍ പറത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മേധാവിയായ എന്‍ ശ്രീനിവാസനെതിരെ വിരലനക്കാന്‍ മുംബൈ പോലീസിന് സാധിച്ചതാണ് വാതുവെപ്പ് കേസിലെ പ്രധാന ടേണ്‍. ബി സി സി ഐയുടെ നിലവിലെ ഭരണകര്‍ത്താക്കള്‍ക്കെതിരെ അന്വേഷണം വരരുതെന്ന നിര്‍ദേശം ഡല്‍ഹി പോലീസിന് ലഭിച്ചിട്ടുണ്ടെങ്കില്‍ മുംബൈ പോലീസിന് ശ്രീനിവാസന്റെ മേധാവിത്വം ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയമായ പിന്‍ബലം ലഭിച്ചിരിക്കുന്നുവെന്നും മനസ്സിലാക്കാം.
കളിക്കാര്‍ സ്‌പോട് ഫിക്‌സിംഗിലൂടെ ചില്ലറ ലക്ഷങ്ങള്‍ക്ക് വാതുവെക്കുന്നുണ്ടെങ്കില്‍ ഫ്രാഞ്ചൈസികള്‍ കോടികളെറിഞ്ഞ് ഇതില്‍ പങ്കാളികളാകുന്നുണ്ടാകണം. കളിക്കാര്‍ പലരും അവര്‍ അറിയാതെ ഫ്രാഞ്ചൈസികളുടെ ഫിക്‌സിംഗില്‍ ഭാഗഭാക്കായിട്ടുണ്ടാകും. ഉദാഹരണത്തിന് ദ്രാവിഡ് എട്ടാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങിയത്. ദ്രാവിഡിനെ പോലൊരു ജന്റില്‍മാനായ ക്രിക്കറ്റര്‍ ഒത്തുകളിക്ക് കൂട്ട് നില്‍ക്കുമെന്ന് ആരും തന്നെ വിശ്വസിക്കില്ല. എന്നാല്‍, ദ്രാവിഡ് പോലും അറിയാതെ രാജസ്ഥാന്‍ റോയല്‍സ് ഉടമകള്‍ക്ക് വാതുവെപ്പ് മാഫിയയുമായുള്ള ധാരണയുടെ പുറത്ത് അദ്ദേഹത്തെ ഉപയോഗിക്കാം. പേസറായ ഫോക്‌നര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കി ദ്രാവിഡ് എട്ടാമതായി ഇറങ്ങി ഒരു പരീക്ഷണമാകാമെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ പോരേ. ദ്രാവിഡ് എട്ടാം സ്ഥാനത്തിറങ്ങുമെന്ന മാനേജ്‌മെന്റ്-ബുക്കീസ് ധാരണയില്‍ തന്നെ കോടികളുടെ വാതുവെപ്പിനുള്ള സാധ്യതകളുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയക്കുതിപ്പിനെ പുതിയ സൂചനകളുടെ സാഹചര്യത്തില്‍ ധൈര്യമായിട്ട് സംശയിക്കാം. ജയിക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ മൂന്നോ നാലോ ഇരട്ടിയാണെങ്കിലോ തോല്‍ക്കുമ്പോഴത്തെ ലാഭം! സാമ്പത്തികഭദ്രതയില്ലാത്ത ഫ്രാഞ്ചൈസികള്‍ തോറ്റുകൊടുത്തുകൊണ്ട് ബി സി സി ഐ മാനദണ്ഡപ്രകാരമുള്ള ബേങ്ക് ഗ്യാരന്റിക്ക് പണം കണ്ടെത്താന്‍ ശ്രമിച്ചാല്‍ കുറ്റം പറയാനൊക്കുമോ? അവര്‍ക്ക് ബി സി സി ഐയുടെ കോടികള്‍ മാറി മറിയുന്ന ക്രിക്കറ്റ് വ്യവസായത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇത്തരം രഹസ്യനീക്കുപോക്കുകള്‍ക്ക് കൂട്ട് നില്‍ക്കേണ്ടി വരും. ഐ പി എല്ലിനെ ക്രൗഡ് പുള്ളര്‍ എന്റര്‍ടെയിന്‍മെന്റ് ഇവന്റാക്കി നിലനിര്‍ത്തിക്കൊണ്ടു പോകുക. കള്ളപ്പണം വെളുപ്പിക്കല്‍, വാതുവെപ്പ്, കോര്‍പറേറ്റ് മേഖലയുമായുള്ള കൈകോര്‍ക്കല്‍, ധാര്‍മികതയുടെ സകല സീമകളും ലംഘിച്ചുള്ള സുഖലോലുപതകള്‍ എന്നിവയുടെ വിളനിലമായി ഐ പി എല്‍ നിലനില്‍ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിര്‍പ്പില്ല. അപവാദമെന്നോണം ചില ഒറ്റപ്പെട്ട സ്വരങ്ങളുണ്ട്. മുന്‍ കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ ബി സി സി ഐയുമായി നിരന്തരം പോരടിച്ച വ്യക്തിയാണ്. ഒടുവില്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ മാക്കനെ കായിക മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്തു – ബി സി സി ഐക്ക് ഒരു തലവേദന ഒഴിവാക്കിക്കൊടുത്തു. കഴിഞ്ഞ ദിവസം മാക്കന്‍ വീണ്ടും രംഗത്തെത്തി. ബി സി സി ഐ യെ വിവരാവകാശ നിയമത്തിന് (ആര്‍ ടി ഐ ആക്ട് 2005) കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചാണ് മാക്കന്റെ രംഗപ്രവേശം. ദേശീയ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന സമിതിയെങ്ങനെയാണ് സ്വകാര്യ സ്ഥാപനമാകുക എന്നാണ് മാക്കന്‍ ചോദിക്കുന്നത്. ബി സി സി ഐക്ക് സാങ്കേതികതയുടെ പിന്‍ബലമുണ്ടെങ്കിലും മാക്കന്റെ ചോദ്യം പ്രസക്തമാണ്. പക്ഷേ, മറ്റാരും തന്നെ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആര്‍ ടി ഐ ആക്ട് എടുത്തു പയറ്റുന്നത് കണ്ടില്ല.
ബി സി സി ഐക്കെതിരെ പുതിയ കായിക മന്ത്രി ജിതേന്ദ്ര സിംഗ് അനങ്ങിയിട്ടില്ല. വാതുവെപ്പ് തടയാന്‍ പുതിയൊരു നിയമനിര്‍മാണത്തെ കുറിച്ച് ആലോചിക്കുകയാണത്രെ അദ്ദേഹം. ഈയൊരു നിയമനിര്‍മാണ ചര്‍ച്ച പോലും ബി സി സി ഐയെ സംരക്ഷിക്കാനുള്ള മറയായി കണ്ടാല്‍ മതി. ചൂതാട്ടം തടയാനൊരു നിയമം എന്നൊരു ചര്‍ച്ച നിലനില്‍ക്കുമ്പോള്‍ തന്നെ അത് നിയമവിധേയമാക്കുന്നതാണ് ബുദ്ധിയെന്ന നിര്‍ദേശങ്ങളും ഉയര്‍ന്നു വരുന്നു. അയ്യായിരം കോടി രൂപ മുതല്‍ മൂന്ന് ലക്ഷം കോടി വരെ രൂപ മറിയുന്ന വ്യവസായമാണ് വാതുവെപ്പ്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞ് നികുതിയിനത്തില്‍ ഇരുപതിനായിരം കോടിയിലേറെ രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് വരുമെന്നുമുള്ള പഠന റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന ബി സി സി ഐ അടിയന്തര യോഗത്തില്‍ വാതുവെപ്പ് നിയമവിധേയമാക്കുന്നത് സംബന്ധിച്ച് നിരീക്ഷണമുണ്ടായിരുന്നു. വിദേശരാഷ്ട്രങ്ങളില്‍ ഈ ശ്രമം വിജയകരമായിട്ടുണ്ടെന്നായിരുന്നു ബി സി സി ഐ നിരീക്ഷണം. അതേ സമയം, ഇന്ത്യയില്‍ ഇത് സാധ്യമാണോ എന്നറിയില്ലെന്നും എന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇങ്ങനെയൊരു നിയമം വന്നാല്‍ ബി സി സി ഐ അപ്രസക്തമാകും. വാതുവെപ്പ് പണം നികുതിയായി മാറിയാല്‍ പിന്നെന്ത് ബി സി സി ഐ പിന്നെന്ത് ക്രിക്കറ്റ്?
അവസാന കഷണം: ഐ പി എല്‍ വാതുവെപ്പ് നാണക്കേടില്‍ തല താഴ്ന്നു പോകുന്നു – കേന്ദ്ര കായിക മന്ത്രി.
.2ജിയിലും കല്‍ക്കരിയിലും താഴാത്ത തല !

 

Latest