Connect with us

Kasargod

ജില്ലയില്‍ നവജോതി പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: ജില്ലാ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അഭിപ്രായപ്പെട്ടു. കന്നഡ മാധ്യമം ഏഴാം തരം തുല്യതാ പദ്ധതിയായ നവജോതിയുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

നവജ്യോതി ഏഴാംതരം തുല്യതാ കന്നട മാധ്യമം പദ്ധതി മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക ബ്ലോക്ക് പഞ്ചായകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലുമാണ് നടപ്പിലാക്കുന്നത്. വിജ്ഞാന്‍ ജ്യോതി നാലാംതരം തുല്യതാ പരീക്ഷ കന്നട മാധ്യമത്തില്‍ ജയിച്ചവരും കന്നടമാധ്യമത്തില്‍ 5,6,7 ക്ലാസ്സുകളില്‍ തോറ്റവരുമായ 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആദ്യ ഘട്ടത്തില്‍ 200 പഠന കേന്ദ്രങ്ങളിലായി 3,000 പേരാണ് നവജ്യോതി ഏഴാംതരം തുല്യതാ ക്ലാസ്സിനെത്തുന്നത്.
ഏഴാംതരം തുല്യതാ പരീക്ഷ ജയിച്ചാല്‍ ഇവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. ഓരോ ക്ലാസ്സിനും 2 വീതം ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കും. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 1000 രൂപ വീതം ഓണറേറിയം നല്‍കും. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
മലയാളം മാധ്യമത്തില്‍ സമ്പൂര്‍ണ എട്ടാംതരം തുല്യതാ പദ്ധതിയും നവജ്യോതി പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടേയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍മാരുടേയും പ്രേരകുമാരുടേയും സംയുക്ത യോഗത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോഓര്‍ഡിനേററര്‍ പി പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എച്ച് റംല, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബൂബക്കര്‍, മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ഷുക്കൂര്‍, കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജനനി, ജില്ലാ സാക്ഷരതാസമിതി എക്‌സിക്യൂട്ടീവ് കമ്മററി അംഗം പപ്പന്‍ കുട്ടമത്ത്, ഡയറ്റ് സീനിയര്‍ ലക്ചര്‍ എം ജലജാക്ഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest