മലയാളീ മനസ്സിലും വേണം ശ്രേഷ്ഠ പദവി

Posted on: May 25, 2013 6:00 am | Last updated: May 24, 2013 at 10:20 pm
SHARE

മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി കേരളിയരുടെ ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ്. കേരളത്തിന്റെ ഈ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. വൈകിയാണെങ്കിലും ഇതിന് അംഗീകാരം നല്‍കിയ കേന്ദ്ര മന്ത്രിസഭയും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമിതിയും അഭിനന്ദനമര്‍ഹിക്കുന്നു. തമിഴ,് തെലുഗു, കന്നഡ എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷാ പദവി കൈവന്നിട്ട് വര്‍ഷങ്ങളായി. കാലപ്പഴക്കം സംബന്ധിച്ച സന്ദേഹമാണ് മലയാളത്തിന് ഈ പദവി ലഭിക്കാനുള്ള കാലതാമസത്തിന് കാരണം. ശ്രേഷ്ഠ ഭാഷാ പദവിക്ക് 1500 വര്‍ഷത്തെ കാലപ്പഴക്കം വേണമെന്നാണ് വ്യവസ്ഥ. മലയാളം തമിഴിന്റെ വകഭേദമാണെന്നും 1500 വര്‍ഷത്തെ പഴക്കം അതിനില്ലെന്നുമായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമിതിയുടെ ആദ്യത്തെ വിലയിരുത്തല്‍. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കാനായി രൂപവത്കരിച്ച, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍നായരുടെ നേതൃതത്തിലുള്ള വിദഗ്ധ സമിതിക്ക് ആ ധാരണ തിരുത്താനായതിനെ തുടര്‍ന്നാണ് മലയാളത്തിന് ഈ പദവി നല്‍കാന്‍ ഭാഷാ സമിതി കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തത്.
എന്നാല്‍ പ്രമുഖ മലയാള കവയിത്രി സുഗതകുമാരി പറഞ്ഞത് പോലെ മലയാളത്തിന്റെ ശ്രേഷ്ഠത കേന്ദ്രം അംഗീകരിച്ചത് കൊണ്ടായില്ല. മലയാളിയുടെ മനസ്സില്‍ ഈ ഭാഷക്ക് അങ്ങനെയൊരു പദവിയുണ്ടോ എന്നതാണ് പ്രശ്‌നം. ഏതൊരു സമൂഹവും മാതൃഭാഷക്കാണ് മറ്റു ഭാഷകളേക്കാള്‍ പ്രാമുഖ്യവും ആദരവും നല്‍കുന്നതെങ്കില്‍ ഇംഗ്ലീഷിന് പ്രാമുഖ്യം നല്‍കുകയും മലയാളത്തോട് അവഗണനാ മനോഭാവം പുലര്‍ത്തുകയും ചെയ്യുന്ന പ്രവണതയാണ് മലയാളികളില്‍ പൊതുവേ കണ്ടുവരുന്നത്. കേരളത്തിലെ 90 ശതമാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും മലയാളം പടിക്ക് പുറത്താണ്. ഇവിടെ മലയാളം പഠിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, സ്‌കൂള്‍ കോമ്പൗണ്ടില്‍ മലയാളം സംസാരിക്കുന്നതിന് പോലും കുട്ടികള്‍ക്ക് വിലക്കുണ്ട്. മാതൃഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സ്‌കൂളുകളിലും മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയപ്പോള്‍ പല സ്വകാര്യ സ്‌കൂളുകളും കോടതിയെ സമീപിച്ച് അതിനെതിരെ വിധി സമ്പാദിക്കുക പോലുമുണ്ടായി. രക്ഷിതാക്കളില്‍ ഭൂരിപക്ഷത്തിനും കുട്ടികളെ ഇത്തരം സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിലാണ് താത്പര്യവും. ഔദ്യോഗിക വേദികളില്‍ മലയാളത്തിന്റെ മഹത്വത്തെക്കുറിച്ചു വാചാലരാകുന്ന ജനപ്രതിനിധികളും മക്കളെ പഠിപ്പിക്കുന്നത് മലയാളത്തിന് വിലക്കുള്ള ഇംഗ്ലീഷ് മീഡിയങ്ങളില്‍ തന്നെയാണെന്നതാണ് വിരോധാഭാസം.
കേരളത്തിന്റെ ഭരണ മേഖലയിലും മലയാളത്തിന് അംഗീകാരം കൈവന്നത് ഏറെ വൈകിയാണ്. ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടിട്ട് ആറര പതിറ്റാണ്ടിലേറെയായെങ്കിലു ഭരണ രംഗത്ത് അടുത്ത കാലം വരെ അവരുടെ ഭാഷ തന്നെയാണ് തുടര്‍ന്നിരുന്നത്. ഇത് പൂര്‍ണമായും മലയാളവത്കരിക്കാനുള്ള തീരുമാനം ഭാഗികമായേ നടപ്പിലായുള്ളു. പല വകുപ്പുകളിലും ഉന്നതോദ്യോഗസ്ഥര്‍ ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷില്‍ തയാറാക്കുന്നതില്‍ തന്നെയാണ് അന്തസ്സ് കാണുന്നത്. നടപ്പു വര്‍ഷം ഭരണഭാഷാ വര്‍ഷമായി ആചരിച്ചു കൊണ്ടിരിക്കയാണെങ്കിലും കോടതി നടപടികള്‍ ഇപ്പോഴും ഇംഗ്ലീഷില്‍ തന്നെയാണ്. വാദവും പ്രതിവാദവും വിധിപ്രസ്താവവുമൊക്കെ മലയാളത്തിലാക്കുന്നതില്‍ എന്താണ് തടസ്സം?
തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ മാതൃഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണ്. മഹാരാഷ്ട്രയില്‍ 1956 മുതല്‍ ഈ നിയമം നിലവിലുണ്ട്. അവിടുത്തെ പി എസ് സി പരീക്ഷകളും പ്രവേശന പരീക്ഷകളുമെല്ലാം മറാഠിയിലാണ്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് തമിഴും കര്‍ണാടകയില്‍ കന്നഡയും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധം.
കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണമെന്ന ഉത്തരവ് വന്നത് അടുത്ത കാലത്താണ്. ഭരണ ഭാഷ മലയാളമാക്കുമ്പോള്‍ ഇത്തരമൊരു വ്യവസ്ഥ അനിവാര്യമാണെന്നിരിക്കെ നമ്മുട ഉദ്യോഗസ്ഥ വിഭാഗത്തില്‍ പലര്‍ക്കും ഇത് ദഹിച്ചിട്ടില്ല. മലയാള സര്‍വകലാശാലാ പ്രഖ്യാപനം വന്നത് ആറ് മാസം മുമ്പ് മാത്രമാണ്. മാതൃഭാഷക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്ന കാര്യത്തില്‍ മലയാളി വേണ്ടത്ര ഉണര്‍ന്നിട്ടില്ലെന്ന് ചുരുക്കം. ഇക്കാര്യത്തില്‍ ആദ്യമായി അവബോധമുണ്ടാകേണ്ടത് ഉദ്യോഗസ്ഥ മേഖലയില്‍ തന്നെയാണ്. അല്‍പ്പം ഇംഗ്ലീഷ് പഠിക്കുമ്പോഴേക്ക് മലയാള ഭാഷയോടും വേഷത്തോടും സംസ്‌കാരത്തോടും അലര്‍ജി പ്രകടിപ്പിക്കുന്ന ദുരഭിമാനികളുടെ മനസ്സ് മാറിയെങ്കില്‍ മാത്രമേ മലയാള നാട്ടില്‍ മലയാളത്തിന് ഉന്നതിയും അന്തസ്സും കൈവരികയുളളു.

LEAVE A REPLY

Please enter your comment!
Please enter your name here