Connect with us

Ongoing News

ഐപിഎല്‍ വാതുവെപ്പ്: മെയ്യപ്പന്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: ഐ പി എല്‍ വാതുവെപ്പ്് കേസുമായി ബന്ധപ്പെട്ട് ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാതുവെപ്പ്, സ്‌പോട്ട് ഫിക്‌സിംഗ് എന്നിവക്ക് സഹായകരമായ വിവരങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരിക്കും മെയ്യപ്പനെ പോലീസ് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച ചെന്നൈയിലെത്തിയ മുംബൈ പോലീസിന് മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് സമന്‍സ് നല്‍കി മടങ്ങുകയായിരുന്നു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ അദ്ദേഹം കീഴടങ്ങുകയായിരുന്നു. അതിനിടെ, ഐ പി എല്‍ വാതുവെപ്പില്‍ മൂന്ന് ചെന്നൈ താരങ്ങള്‍ക്കും പങ്കെന്ന് അറസ്റ്റിലായ വിന്ദു രണ്‍ധാവ പോലീസിന് മൊഴി നല്‍കി. ചെന്നൈയുടെ ഒരു മുതിര്‍ന്ന താരത്തിനും പങ്കുണ്ടെന്നാണ് മൊഴി. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് പോലീസ്. തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. വിന്ദുവിന്റെ കസ്റ്റഡി കാലാവധി ഈമാസം 28 വരെ നീട്ടിയിട്ടുണ്ട്.
വാതുവെപ്പ് അന്വേഷണം ബി സി സി ഐയുടെ തലപ്പത്തേക്കും ഫ്രാഞ്ചൈസി ഉടമകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വിന്ദുവിന്റെ ഫോണ്‍കോളുകളെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മെയ്യപ്പനെ അറസ്റ്റ് ചെയ്യുന്ന പക്ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിലക്കേര്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്.
അതേസമയം, മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഒയോ ടീം പ്രിന്‍സിപ്പലോ അല്ലെന്ന് ടീം ഉടമകളായ ഇന്ത്യാ സിമന്റ്‌സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. മെയ്യപ്പന്‍ ടീം മാനേജ്‌മെന്റിലെ ഒരംഗം മാത്രമാണെന്നും ടീം അധികൃതര്‍ വ്യക്തമാക്കി.

Latest