കൊച്ചി മെട്രോക്ക് സാങ്കേതിക രൂപമായി: ട്രെയിനില്‍ മൂന്ന് കോച്ചുകള്‍

Posted on: May 24, 2013 2:55 pm | Last updated: May 24, 2013 at 5:58 pm
SHARE

kochi metroകൊച്ചി: മലയാളികള്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ ട്രെയിനിന് സാങ്കേതിക രൂപമായി. മൂന്ന് കോച്ചുകള്‍ വീതമാണ് ഓരോ ട്രെയിനിലുമുണ്ടാകുക. ആയിരം പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. മണിക്കൂറില്‍ 34 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചാരം. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ട്രെയിനുകളില്‍ ഉപയോഗിക്കുക. ആദ്യഘട്ടത്തില്‍ ഒരോ അഞ്ച് മിനിറ്റിലും സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ എത്തിച്ചേരും. കൊച്ചിയില്‍ ചേര്‍ന്ന മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത്.

കൊച്ചി മെട്രോയുടെ 2013 – 14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിനും യോഗം അംഗീകാരം നല്‍കി. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി(ജൈക്ക)യെ കൂടാതെ മറ്റ് ഏജന്‍സികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കും. പദ്ധതിയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സികളെയും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സമീപിച്ചിട്ടുണ്ട്.

ഡിഎംആര്‍സിയുമായി നിര്‍മ്മാണ കരാറില്‍ ഒപ്പുവെച്ചശേഷമുള്ള ആദ്യത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ കെ എം ആര്‍ എല്ലും ഡിഎംആര്‍സിയും വ്യാഴാഴ്ച ഒപ്പുവെച്ചിരുന്നു. 5,181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരാര്‍.