Connect with us

Kerala

കലാഭവന്‍ മണി കീഴടങ്ങി: ജാമ്യം ലഭിച്ചു

Published

|

Last Updated

തൃശൂര്‍:  വനപാലകരെ ആക്രമിച്ച കേസില്‍ സിനിമാ താരം കലാഭവന്‍ മണി പോലീസില്‍ കീഴടങ്ങി. ചാലക്കുടി വെറ്റിലപ്പാറയിലെ അതിരപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. തുടര്‍ന്ന് ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മണിക്ക് കോടതി ജാമ്യം അനുവദിച്ചു.

കേസില്‍ മണിക്ക് ഇന്നലെ ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിനായി കീഴടങ്ങണമെന്നും തുടര്‍ന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി ജാമ്യമെടുക്കണമെന്നതുമായിരുന്നു വ്യവസ്ഥ. ഇതനുസരിച്ചാണ് ഉച്ചക്ക് ഒന്നേമുക്കാലോടെ മണി അതിരപ്പള്ളി സ്‌റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് മണിയെ ചോദ്യം ചെയ്ത ശേഷം വൈദ്യ പരിശോധനക്ക് വിധേയനാക്കി. ഇതിന് ശേഷമാണ് ചാലക്കുടി കോടതിയില്‍ ഹാജരാക്കിയത്.

ഇന്ത്യന്‍ പീനല്‍ കോഡ് 332, 294(ബി), 506, 34 ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് മണിക്കെതിരായ കേസ്. ഈ മാസം 14നാണ് അതിരപ്പള്ളിയില്‍ വാഹന പരിശോധനക്കിടെ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഡെപ്യൂട്ട് റേഞ്ചറടക്കം മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ചുവെന്ന മണിയുടെ പരാതിയില്‍ വനപാലകര്‍ക്കെതിരെയും കേസൈടുത്തിരുന്നു.

Latest