ഐ സി എഫ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Posted on: May 24, 2013 12:07 am | Last updated: May 24, 2013 at 12:07 am
SHARE

റിയാദ്: എസ് വൈ എസിന്റെ വിദേശ ഘടകമായ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ്)യുടെ 2013-16 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുക്കുന്ന പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിനു മുന്നോടിയായി ‘ധര്‍മപതാകയേന്തുക’ എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അന്തിമഘട്ടത്തിലെത്തി.
യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് സ്വീകരിച്ച പുതിയ അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു തുടങ്ങി. ഇത് നാളെ പൂര്‍ത്തിയാകും.
സഊദി, യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം അംഗങ്ങളെ അണിചേര്‍ത്തതായാണ് പ്രഥമ വിവരം.
യൂനിറ്റ്, സെന്‍ട്രല്‍, നാഷനല്‍ തലങ്ങളില്‍ രൂപവത്കരിച്ച ഇലക്ഷന്‍ ഡയറക്ടറേറ്റുകളാണ് (ഇ ഡി) മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിവിധ നാടുകളില്‍ സെന്‍ട്രല്‍, നാഷനല്‍ തലങ്ങളില്‍ നടന്ന ശില്പ്പശാലകള്‍ക്ക് കേന്ദ്ര നേതാക്കളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി (സഊദി), എന്‍ അലി അബ്ദുല്ല (കുവൈത്ത്), സി പി സൈതലവി മാസ്റ്റര്‍ (യു എ ഇ), മജീദ് കക്കാട് (ഖത്തര്‍), മുഹമ്മദ് പറവൂര്‍ (ഒമാന്‍) നേതൃത്വം നല്‍കി.
ജൂണ്‍ അഞ്ചിനകം മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. ഏഴിന് സെന്‍ട്രല്‍ തലങ്ങളില്‍ നടക്കുന്ന ‘ധര്‍മാരവ’ത്തില്‍ വെച്ച് യൂനിറ്റ് നേതാക്കള്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങും. ജൂണ്‍ 10നകം യൂനിറ്റ്, 20നകം സെന്‍ട്രല്‍, 30നകം നാഷനല്‍ കൗണ്‍സിലുകളും അനുബന്ധ പ്രതിനിധി സമ്മേളനങ്ങളും നടക്കും. മേല്‍ഘടകങ്ങള്‍ നിയമിച്ച റിട്ടേണിംഗ് ഓഫീസര്‍മാരാണ് പുനഃസംഘടനക്ക് നേതൃത്വം നല്‍കുക. കൗണ്‍സില്‍ നടപടികള്‍, ക്ലാസ്സ്, പുനഃസംഘടന തുടങ്ങി വിവിധ പരിപാടികളോടെ മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തരത്തിലാണ് യൂനിറ്റ്, സെന്‍ട്രല്‍, പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ചര്‍ച്ച ഉള്‍പ്പെടെ നാഷനല്‍ പ്രതിനിധി സമ്മേളനം അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇതിന് കേന്ദ്ര കമ്മിറ്റി നിശ്ചയിക്കുന്ന ആര്‍ ഒമാരും പ്രതിനിധികളും നേതൃത്വം നല്‍കും.
ആഗസ്റ്റില്‍ നടക്കുന്ന ജി സി സി സമ്മേളനത്തില്‍ വെച്ച് പുതിയ ജി സി സി കമ്മിറ്റി നിലവില്‍ വരും. ഇതോടെ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here