ചര്‍ച്ചില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായത് കളിക്കാര്‍ക്ക് ശമ്പളം നല്‍കാതെ

Posted on: May 24, 2013 12:05 am | Last updated: May 24, 2013 at 12:05 am
SHARE

പനാജി: ക്രിക്കറ്റില്‍ പണക്കൊഴുപ്പിന്റെ കെട്ടുനാറുന്ന സംഭവകഥകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ കെട്ടുനാറുന്നത് ദാരിദ്ര്യമാണ്. ഐ ലീഗ് ചാമ്പ്യന്‍മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ കളിക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലായിരുന്നു. സീസണ്‍ അവസാനിച്ചാല്‍ മാനേജ്‌മെന്റ് കുടിശ്ശിക മുഴുവന്‍ തന്ന് തീര്‍ക്കുമെന്നായിരുന്നു കളിക്കാരുടെ വിശ്വാസം. എന്നാല്‍, തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ചര്‍ച്ചില്‍ താരം മെയില്‍ ടുഡെയോട് പറഞ്ഞു. ദേശീയ ഫുട്‌ബോള്‍ ലീഗ് ജേതാക്കളായിട്ടും ഞങ്ങളുടെ സ്ഥിതിയിതാണ്. കിരീടം നേടിയിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു-താരം അമര്‍ഷമടക്കി ചോദിക്കുന്നു.
കൈയ്യില്‍ കാശില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ മടിച്ചു നില്‍ക്കുകയാണ് പലരും. ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഉടമ ചര്‍ച്ചില്‍ അലെമാവോയെ ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കളിക്കാരുടെ ശമ്പളവിഷയത്തില്‍ ഇടപെടാന്‍ മടിച്ച് അലെമാവോ മുങ്ങിനടക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ വിഷയത്തില്‍ പ്രതികരണത്തിനായി അലെമാവോയെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതേ സമയം, വിദേശ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ശമ്പള കുടിശ്ശിക ലഭിച്ചു കാണുമെന്ന് ഇന്ത്യന്‍ കളിക്കാര്‍ ഊഹിക്കുന്നു. ശമ്പളം നല്‍കാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന വിദേശ താരങ്ങള്‍ പൊടുന്നനെ നാട്ടിലേക്ക് മടങ്ങിയതിന് പിറകില്‍ ക്ലബ്ബ് മാനേജ്‌മെന്റ് രഹസ്യമായി ഇടപാട് നടത്തിയതിന്റെ ഭാഗമായിട്ടാകാം. ഏതായാലും പ്രശ്‌നപരിഹാരം കാണാതെ ഗോവ വിട്ടു പോകില്ലെന്ന് മറ്റ് സംസ്ഥാന കളിക്കാര്‍ പറഞ്ഞു. അടുത്ത സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ തുടരേണ്ടെന്ന തീരുമാനത്തിലാണ് പലരും. കളിക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ താത്പര്യം കാണിക്കാത്ത മാനേജ്‌മെന്റിന് കീഴില്‍ തുടരാന്‍ കളിക്കാര്‍ക്കും താത്പര്യമില്ലെന്ന് അറിയുന്നു. ഈ വിഷയം ശ്രദ്ധയിപ്പെടുത്തിയപ്പോള്‍ കളിക്കാര്‍ എത്രയും പെട്ടെന്ന് പരാതി നല്‍കുകയാണ് വേണ്ടതെന്ന് ഐ ലീഗ് സി ഇ ഒ സുനന്ദോ ധര്‍ പറഞ്ഞു. പരാതിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ചാടിക്കയറി നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും ഐ ലീഗ് സി ഇ ഒ വ്യക്തമാക്കി.
ശമ്പളപ്രശ്‌നം ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ പിടിച്ചുലയ്ക്കുമെന്ന് തന്നെ കരുതാം. മിക്കവാറും കളിക്കാര്‍, ഐ ലീഗിലേക്ക് വരുന്ന പുതിയ രണ്ട് ടീമുകളിള്‍ നിന്ന് മികച്ച ഓഫറുകള്‍ പ്രതീക്ഷിക്കുന്നു. കോര്‍പറേറ്റ് മേഖലയിലെ ശക്തരാണ് പുതിയ ക്ലബ്ബുകള്‍ക്ക് പിറകിലെന്ന ശ്രുതി തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് കളിക്കാര്‍ പറയുന്നു. അതേ സമയം നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചില്‍ മാനേജ്‌മെന്റിന് സാധിച്ചില്ലെങ്കില്‍ പുതിയ കളിക്കാരെ ടീമിലേക്ക് ആകര്‍ഷിക്കുന്നതിനും മികച്ച കളിക്കാരെ നിലനിര്‍ത്തുന്നതിനും അവര്‍ ബുദ്ധിമുട്ടും. കഴിഞ്ഞ ദിവസം, ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനം ഇട്ടെറിഞ്ഞ് സുഭാഷ് ഭൗമിക്ക് പടിയിറങ്ങിയത് തന്നെ വലിയൊരു സൂചനയാണ്. ഈസ്റ്റ്ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബുകള്‍ ഭൗമിക്കിന് പിറകെയുണ്ട്. ചര്‍ച്ചിലിന്റെ കിരീടമാര്‍ഗം ചിട്ടപ്പെടുത്തിയ ഭൗമിക്കിനെ ക്ലബ്ബ് ഉടമ അലെമാവോ തള്ളിപ്പറയുകയായിരുന്നുവത്രെ. സ്വേച്ഛാധിപതിയെ പോലെ ക്ലബ്ബ് ഉടമ പെരുമാറുന്നുവെന്ന പരാതി സുഭാഷ് ഭൗമിക്കിനുണ്ടായിരുന്നു. കളിക്കാരുടെ അനുഭവം കൂടിയാകുമ്പോള്‍ ചര്‍ച്ചിലിന്റെ അകത്തളങ്ങളില്‍ വരുംദിനങ്ങളില്‍ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാം.