Connect with us

Editors Pick

പ്രായം എണ്‍പത്, റെക്കോര്‍ഡ് തിരുത്തി മ്യൂറ എവറസ്റ്റില്‍

Published

|

Last Updated

കാഠ്മണ്ഡു: എവറസ്റ്റ് പര്‍വതത്തിന് മുകളിലെത്തി എണ്‍പതുകാരനായ ജപ്പാന്‍ പൗരന്‍ എഴുതിച്ചേര്‍ത്തത് പുതിയ റെക്കോര്‍ഡ്. എവറസ്റ്റിന് മുകളിലെത്തുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന റെക്കോര്‍ഡാണ് ജപ്പാന്‍കാരനായ യുച്ചിറോ മ്യൂറ തിരുത്തിയെഴുതിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റ് ഇതിന് മുമ്പ് രണ്ട് തവണ മ്യൂറ കീഴടക്കിയിട്ടുണ്ട്. അതും എഴുപതും എഴുപത്തഞ്ചും വയസ്സില്‍. 2003ലും 2008ലുമായിരുന്നു അത്. നേപ്പാളുകാരനായ ബഹാദുര്‍ ഷെര്‍ചാന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മ്യൂറ മാറ്റിയെഴുതിയത്.
2008ല്‍ 76ാം വയസ്സില്‍ എവറസ്റ്റ് കീഴടക്കിയാണ് ബഹാദുര്‍ ഷെര്‍ച്ചാന്‍ റെക്കോര്‍ഡിട്ടത്. ഇപ്പോള്‍ എണ്‍പത്തൊന്ന് വയസ്സുള്ള ഷെര്‍ച്ചാന്‍ റെക്കോര്‍ഡ് തിരുത്തുമെന്ന ദൃഢനിശ്ചയത്തിലാണ്. അടുത്ത ആഴ്ച വീണ്ടും എവറസ്റ്റിന് മുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ് ബഹാദുര്‍.
ജനുവരിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ മ്യൂറ, മകനുള്‍പ്പെടെ മൂന്ന് പര്‍വതാരോഹകര്‍ക്കും ആറ് ഷെര്‍പ്പകള്‍ക്കും ഒപ്പമാണ് എവറസ്റ്റ് കീഴടക്കിയത്. നേപ്പാളിലെ പര്‍വതാരോഹണ രംഗത്തെ ഉദ്യോഗസ്ഥര്‍ മ്യൂറയുടെ മലകയറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ രണ്ട് മണിയോടെയാണ് മ്യൂറ എവറസ്റ്റിന് മുകളിലെത്തിയതെന്ന് ജപ്പാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിശ്ചയിച്ചതില്‍ നിന്ന് ഏഴ് മണിക്കൂര്‍ വൈകിയായിരുന്നു ഇത്. “ഞാനത് നേടി”യെന്നാണ് എവറസ്റ്റ് കീഴടക്കിയ ശേഷം കുടുംബാംഗങ്ങളോടും പിന്തുണ നല്‍കിയവരോടും മ്യൂറ സാറ്റലൈറ്റ് ഫോണ്‍ വഴി അറിയിച്ചത്. എണ്‍പതാം വയസ്സില്‍ എവറസ്റ്റിന് മുകളിലെത്താനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് മ്യൂറ പറഞ്ഞു.