Connect with us

Articles

രക്തബന്ധത്തിന് എന്തു വില?

Published

|

Last Updated

നമ്മുടെ സമൂഹത്തിന് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്? മനസ്സിനെ കൊളുത്തി വലിക്കുന്ന, മുറിവിലേക്ക് കത്തി കുത്തിയിറക്കുന്ന വേദനയുമായാണ് ഓരോ വാര്‍ത്തയും എത്തുന്നത്. കെട്ടുബന്ധങ്ങള്‍ക്കും രക്തബന്ധങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത വെറും മാംസവും എല്ലും തൊലിയുമുള്ള പേക്കോലങ്ങളായി മനുഷ്യര്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനസ്സിലെ നനവ് വറ്റുന്നുവോ? ഉത്തമസംസ്‌കാരത്തിലും ആഭിജാത്യത്തിലും മേനി പ്രകടിപ്പിച്ചിരുന്ന ഒരു സമൂഹം, നാലാള്‍ കേട്ടാല്‍ അറക്കുന്ന പ്രവൃത്തികളാണ് ഓരോ ദിവസവും ചെയ്തുകൂട്ടുന്നത്. അനിവാര്യമായ മഹാദുരന്തത്തിന്റെ കാഹളങ്ങളാണ് മുഴങ്ങുന്നത്. കുടുംബബന്ധങ്ങള്‍ ചീഞ്ഞളിഞ്ഞ് കെട്ടു നാറുന്നുവെന്ന് ചുരുക്കം.
വിഷം നല്‍കി മാതാവിനെ മക്കള്‍ കൊന്നുവെന്ന വാര്‍ത്ത വന്നത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. വയനാട്ടിലെ പനമരത്താണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവ് മാലതിക്ക് മക്കളായ രഞ്ജിത്തും റീജയും ചേര്‍ന്ന് ബലംപ്രയോഗിച്ച് വിഷം നല്‍കുകയായിരുന്നു. പിതാവിനോട് ഇവര്‍ പറഞ്ഞത്, അമ്മ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നും ആരെയും അറിയിക്കാതെ മൃതദേഹം കുഴിച്ചുമൂടാമെന്നുമായിരുന്നു. ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചത് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും. കഴിഞ്ഞ ഒക്‌ടോബറിലാണ് കൃത്യം നടത്തിയത്. തുടര്‍ന്ന്, കമ്പോസിറ്റിനെന്ന പേരില്‍ കുഴിയുണ്ടാക്കി മൃതദേഹം അതില്‍ അടക്കി.
മക്കളെ ഈ കൊടും പാതകത്തിന് പ്രേരിപ്പിച്ച ഘടകമെന്തന്ന അന്വേഷണമാണ് ആരെയും കൂടുതല്‍ അലോസരപ്പെടുത്തുക. അവിവാഹിതരായ മക്കളുടെ “അവിഹിത ബന്ധം” മാതാവ് ചോദ്യം ചെയ്തതാണ് കാരണം. സഹോദരനും സഹോദരിയും തമ്മിലുള്ള അവിഹിതബന്ധം! രക്തബന്ധമെന്ന കെട്ടുപാടിനെ പൊട്ടിച്ചെറിഞ്ഞ് വെറും മാംസമുള്ള ശരീരമായി യുവാക്കള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഈ സംഭവം നടന്നത് ഏതെങ്കിലും സോഫിസ്‌ക്കേറ്റഡ്, പോഷ് കുടുംബത്തിലല്ല. സാധാരണ കുടുംബമാണ് രഞ്ജിത്തിന്റെത്. സാധാരണക്കാരില്‍ സാധാരണക്കാരായ കുടുംബങ്ങളില്‍ പോലും ഇത്തരം ലൈംഗിക അതിവൈകൃതങ്ങളും കൊടും ക്രൂരതകളും അരങ്ങേറുന്നുണ്ടെങ്കില്‍ നിര്‍ണിത ദുരന്തത്തിന്റെ നാന്ദിയായേ ഇതിനെ കാണാനാകൂ. വികസിത രാഷ്ട്രങ്ങളിലും വിപണികേന്ദ്രീകൃത സമൂഹക്രമത്തിലും നടമാടുന്ന പേക്കൂത്തുകള്‍ ഒന്നൊന്നായി നാമും പ്രയോഗവത്കരിക്കുന്ന, അവയെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ അനന്തരഫലങ്ങളാണിത്. അല്ലെങ്കില്‍ തന്നെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഫാന്‍സുകളായ യുവാക്കള്‍ മാതാപിതാക്കളുടെ ജീവന്റെ ഭീഷണിയായ ഈ കാലത്ത് പൂര്‍ണബോധത്തോടെ ഇത്തരം ക്രൂരതകള്‍ക്ക് എങ്ങനെ മനസ്സുവരുന്നു?
കൊലപാതകം എന്നത് വളരെ എളുപ്പമുള്ള ഒന്നായി തീര്‍ന്നിരിക്കുന്നു. പ്രശ്‌നത്തിന്റെ പരിഹാരമായി ഇല്ലാതാക്കല്‍ സാധാരണമാകുകയാണ്. കുട്ടികള്‍ പോലും ആദ്യം ചിന്തിക്കുന്നത് അത്തരത്തിലാണ്. കൊലപാതകം ഏറെ സാമാന്യവത്കരിക്കപ്പെട്ടു. നിരൂപിക്കാവുന്ന ഒരു കാരണം പൊള്ളയായ അഭിമാന പ്രശ്‌നമാണ്. അഭിമാനം എന്നത് കൊച്ചുകുട്ടിയുടെ പോലും പ്രശ്‌നമായി ഇന്ന് ഭവിച്ചിരിക്കുന്നു. എന്തുവില കൊടുത്തും അഭിമാനം സംരക്ഷിക്കുന്ന, അതിന് എന്ത് നെറികേടും രഹസ്യമായി ചെയ്യുന്ന പ്രവണത അഭൂതപൂര്‍വമായിരിക്കുന്നു. സ്വന്തം അഭിമാനം സംരക്ഷിക്കുന്നതിന് മറ്റുള്ളവരെ ഏതറ്റം വരെയും അപമാനിക്കാം; എന്ത് തോന്നിവാസവും ചെയ്യാം. പക്ഷേ സ്വന്തം പ്രതിച്ഛായ തകരരുത്. സ്വന്തം തെറ്റുകളെ ഏതറ്റം വരെയും ന്യായീകിരിക്കാം. അന്യന്റെ ചെറിയ വീഴ്ചകളെപ്പോലും പെരുപ്പിച്ച് ഹിമാലയന്‍പാതകമാക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള അഭിമാന സംരക്ഷകരാണ് എത് വൃത്തികെട്ട ക്രൂരതകളും ചെയ്യുന്നത്. ഈയടുത്ത് സംഭവിച്ച പല ബലാത്സംഗ കേസുകളിലും ഇരകളെ ക്രൂരമായി കൊന്നതും മറ്റും പരിശോധിച്ചാല്‍ ഇത്തരം അബദ്ധജഡില മനോഭാവമാണ് പ്രധാന വില്ലനെന്ന് കാണാം.
സഹോദരിയുമായുള്ള വേഴ്ച അമ്മ ചോദ്യം ചെയ്തതും അത് മറ്റുള്ളവരോടു പറയുമോയെന്ന ഭയവും അതുവഴി തങ്ങള്‍ക്കുണ്ടാകുന്ന “മാനഹാനി”യും, ഇതൊക്കെയാണ് ആ പെറ്റവയറിന്റെ ഉടമയെ വിഷം നല്‍കി കൊല്ലാന്‍ രഞ്ജിത്തിനെയും റീജയെയും പ്രേരിപ്പിച്ചത്. സകലതിലും, പ്രത്യേകിച്ച് ലൈംഗികതയില്‍ സര്‍വ സ്വാതന്ത്ര്യവും വേണെന്ന് കലഹിക്കുന്ന അതിന് വേണ്ടി എല്ലാ അവസരങ്ങളും ഉപയോഗിക്കുന്ന സ്വാതന്ത്ര്യവാദികള്‍ക്കുള്ള മറുപടിയാണ് ഈ സംഭവം. ധാര്‍മിക മൂല്യങ്ങളും മത നിയമങ്ങളും മാറ്റിവെച്ചാല്‍, പരസ്പര സമ്മതത്തോടെ വേഴ്ചയിലേര്‍പ്പെടാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ ആ സ്വാതന്ത്ര്യം മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്നതാണ് എന്നതാണ് പ്രശ്‌നം. അത്തരം മൂല്യങ്ങളെ പുറം കാല് കൊണ്ട് തൊഴിക്കാമെന്നാണ് “പുരോഗമനവാദികളുടെ” താത്പര്യമെങ്കില്‍ ഇത്തരം ദുരന്തങ്ങളെ കാണേണ്ടവരിക തന്നെ വരും.
ഈ മാസം ആദ്യം കോഴിക്കോട്ട് ക്രൂരമൊയൊരു കൊലപാതകമുണ്ടായി. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമര്‍ദനത്തിനും പീഡനത്തിനും ഇരയായ അദിതിയെന്ന പിഞ്ചോമനയുടെ കൊല. ദേഹമാസകലം പട്ടിക കൊണ്ട് അടിയേറ്റ പാടും രഹസ്യ ഭാഗത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച പാടുകളും മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ശരീരത്തിലാകെ വരച്ച പാടുകളുമുണ്ടായിരുന്നു ആ ഏഴ് വയസ്സുകാരിയുടെ ലോല ശരീരത്തില്‍. ഇത്തരത്തില്‍ ക്രൂരത കാണിക്കാന്‍ ആ പിഞ്ചോമന എന്ത് പാതകമാണ് ചെയ്തത്? വീട്ടിലെ നായ്ക്കള്‍ക്കൊപ്പമാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാനമ്മ ദേവകിയും അദിതിക്കും സഹോദരന്‍ അരുണിനും “ബ്രേക്ക്ഫാസ്റ്റും” “ലഞ്ചും” “ഡിന്നറും” നല്‍കിയിരുന്നത്. മരിക്കുമ്പോള്‍ അദിതിയുടെ വയറ്റിലുണ്ടായിരുന്നത് രണ്ടാഴ്ച കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടം മാത്രം!
സ്വന്തം കുഞ്ഞിനെ പൊന്നുപോലെ നോക്കുമെന്നും ഒരു കുറവും വരുത്തില്ലെന്നും പോതുബോധമുള്ള കേരളത്തിന്റ അവസ്ഥ! ഭാര്യ മരിച്ച് രണ്ടാം വിവാഹം കഴിക്കുന്ന കുടുംബങ്ങളില്‍ ആദ്യ ഭാര്യയിലെ കുട്ടികള്‍ അനുഭവിക്കുന്ന പീഡനം ഒരു സാമൂഹിക പ്രശ്‌നമാകുകയാണോ? സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനോട് കാട്ടുന്ന ക്രൂരതക്ക് പിതാവും കൂട്ടുനില്‍ക്കുന്നിടത്താണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നത്. പുതിയ സുഖസൗകര്യങ്ങളില്‍ ബന്ധങ്ങള്‍ മറന്നുപോകുന്നു. കെട്ടുബന്ധം മുറുകുമ്പോള്‍ സ്വന്തം ചോരയെ തിരിച്ചറിയാതെയാകുന്നത്, വികാരവും വിചാരവും പണത്തില്‍ ബന്ധിച്ചിരിക്കുന്നത് കൊണ്ടാണ്. സാമ്പത്തിക ലക്ഷ്യം സര്‍വാധിപത്യം നേടുമ്പോള്‍ ബാക്കിയാകുക ഇത്തരം അദിതികളായിരിക്കും.
മറ്റൊരു കണ്ണ് നനക്കുന്ന വാര്‍ത്തയായിരുന്നു കാസര്‍കോട് രാജപുരത്തെ എന്‍ഡോസള്‍ഫാന്‍ അതുല്‍ജിത്തിന്റെത്. അതുല്‍ജിത്തിന്റെ മാതാവ് ചന്ദ്രിക, ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതോടെ മറ്റൊരാളുടെ കൂടെ പോകുകയായിരുന്നു. കട്ടിലില്‍ ഒന്നനങ്ങണമെങ്കില്‍ പോലും പരസഹായം വേണ്ട അതുല്‍ജിത്തിന്റെ കാര്യം അതോടെ ചോദ്യചിഹ്നമായി. തലയില്‍ പഴുപ്പ് ബാധിച്ച അതുല്‍ജിത്തിന് ഭക്ഷണം അരച്ച് വായിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. മലമൂത്ര വിസര്‍ജനം കിടന്ന കിടപ്പില്‍ തന്നെയാണ്. തലയിലെ പഴുപ്പ് പുറത്തേക്ക് കളയാന്‍ നെഞ്ചില്‍കൂടി മൂത്രനാളിയിലേക്ക് കുഴല്‍ ഘടിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ സഹായത്തിനായി എപ്പോഴും രണ്ട് പേര്‍ അരികില്‍ തന്നെ വേണം. ഈ ദുരിത കാഴ്ചയില്‍ നിന്ന് “രക്ഷപ്പെടാന്‍” ആ “മാതൃഹൃദയ”ത്തിന് കരളുറപ്പുണ്ടായി എന്നതാണ് അത്ഭുതം. സ്വന്തം മകളെയും മകനെയും ലൈംഗികമായി ചൂഷണം ചെയ്യുന്ന പിതാക്കന്‍മാര്‍ വിരാജിക്കുന്ന ഒരു നാടാണ് എന്ന പശ്ചാത്തലത്തില്‍ പെറ്റമ്മമാരും ഇങ്ങനെ ചെയ്യുന്നതില്‍ എന്തതിശയം? പിതാക്കള്‍ മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഇന്ന് അത്ഭുത വാര്‍ത്തയല്ലല്ലോ. പലപ്പോഴും മാതാക്കളാണ് അത്തരം സംഭവങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാറ്. അത്തരമൊരു പിടിവള്ളി ഇല്ലാതാകുന്നതാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്
വിശുദ്ധ ഖുര്‍ആനില്‍ ഒരു സൂചനയുണ്ട്. ഒരു വിഭാഗം മനുഷ്യരെക്കുറിച്ചാണത്. അത്തരം മനുഷ്യര്‍ മൃഗസമാനരാണ്; അല്ല അതിനേക്കാള്‍ കഷ്ടമാണ്. മൃഗത്തിന്റെ കീഴേയാണ് മനുഷ്യന്റെ ഇന്നത്തെ സ്ഥാനമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ചുറ്റം നടക്കുന്നത് എന്നറിയുമ്പോള്‍ നടുങ്ങാതെ തരമില്ല.
ബന്ധത്തിന്റെ വിലയറിയാത്ത, അവ തൃണവത്ഗണിക്കുന്ന ഒരു സമൂഹസൃഷ്ടിപ്പാണ് ഉണ്ടാകുന്നതെങ്കില്‍ കേരളം അമേരിക്കയോളം “വളരാന്‍” കൂടുതല്‍ കാലമെടുക്കില്ല. അമേരിക്കന്‍ സംസ്‌കാരത്തിന്റെ മലിനപൂരിത സവിശേഷത കൊണ്ട് രണ്ട് വിവാഹങ്ങളും പരാജയത്തില്‍ കലാശിച്ച ഇ ഇ കമ്മിംഗ്‌സ് എന്ന വിഖ്യാത കവി, തന്റെ ജീവിത പരാജയത്തിന് കാരണമായ സംസ്‌കാരത്തോട് പടപൊരുതിയത് സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് പരിചയമുണ്ടാകും. ഭാഷയുടെ എല്ലാ നിയമങ്ങളും അതിര്‍വരമ്പുകളും ഉല്ലംഘിച്ച് കവിതയെഴുതിയായിരുന്നു അദ്ദേഹത്തിന്റെ വ്യത്യസ്ത പോരാട്ടം. സാമാന്യ നിയമങ്ങളെയും വ്യവസ്ഥാപിത തത്വങ്ങളെയും അദ്ദേഹം വെല്ലുവിളിച്ചു. ഒരു മലയാളി കമ്മിംഗ്‌സിന്റെ ഉത്ഭവം ഉടനെ പ്രതീക്ഷിക്കാം. പണാധിഷ്ഠിത ആഭിജാത്യമല്ല വേണ്ടത്, മനസ്സില്‍ നനവും സ്‌നേഹവും കരുണയും ദയയും മറ്റും വളരാനുള്ള വളവുമുള്ള ആഭിജാത്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. മനസ്സിലും വരള്‍ച്ച ഉണ്ടാകരുത്. അത് ഉര്‍വരമായിരിക്കണം. സ്‌നേഹത്തിന്റെ പുതുനാമ്പുകള്‍ കിളിര്‍ത്ത് പച്ചപിടിക്കണം. അപ്പോഴേ മനുഷ്യന്‍ മനുഷ്യനാകൂ. അത്തരമൊരു അവസ്ഥക്ക് വിഘ്‌നമാകുന്ന എല്ലാറ്റിനെയും കൈയൊഴിയുകയും വേണം. സിനിമാ- സീരിയല്‍ അണിയറ പ്രവര്‍ത്തരും മനസ്സുവെക്കണമെന്ന് മാത്രം.