അട്ടപ്പാടിയുടെ ദുര്യോഗം

Posted on: May 24, 2013 6:00 am | Last updated: May 23, 2013 at 10:03 pm
SHARE

അട്ടപ്പാടിയില്‍ അടുത്ത ദിവസങ്ങളില്‍ രണ്ട് വിദഗ്ധ സംഘങ്ങള്‍ പര്യടനം നടത്തുകയുണ്ടായി. നരവംശ ശാസ്ത്രജ്ഞനായ ഡോ. മല്ലികാര്‍ജുന റാവുവിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷനിലെ ശാസ്ത്ര ഗവേഷക സംഘമാണ് ഒന്ന്. സി പി എം സംസഥാന കമ്മിറ്റി നിയോഗിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ബി ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറ്റൊന്ന്. അട്ടപ്പാടി ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് രണ്ട് വിഭാത്തിന്റെയും വിലയിരുത്തല്‍.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വിശിഷ്യാ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആവശ്യമായ ആരോഗ്യ സംരക്ഷണവും പോഷകാഹാരങ്ങളും ലഭിക്കുന്നില്ലെന്ന് ശാസ്ത്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആരോഗ്യാവബോധം നന്നേ കുറവാണ്. പരമ്പരാഗത ചികിത്സാ രീതികളില്‍ നിന്ന് ആധുനിക രീതികളിലേക്ക് മാറാനുള്ള മാനസിക വളര്‍ച്ച ഇന്നും അവര്‍ കൈവരിച്ചിട്ടില്ല. സ്ത്രീകളിലടക്കം വ്യാപകമായ മദ്യപാനവും പുകവലിയും ആദിവാസി ഊരുകളിലെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ വിഷയകമായി ബോധവത്കരണമടക്കമുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ കാര്യങ്ങള്‍ തന്നെയാണ് ഡോ. ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘവും മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞത്. ഭരണകൂടങ്ങളുടെ അനാസ്ഥയും പിടിപ്പുകേടും അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ വംശഹത്യക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
പൊതു സമൂഹത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ താമസിക്കുകയും വേറിട്ടൊരു സംസ്‌കാരവും ജീവിതരീതിയും പുലര്‍ത്തുകയും ചെയ്യുന്നവരാണ് ആദിവാസികള്‍. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിത രൂപത്തില്‍ ഈ പ്രദേശങ്ങളില്‍ കടന്നു ചെല്ലാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. വിദ്യാഭ്യാസത്തിന്റെ അഭാവവും പൊതുസമൂഹവുമായുള്ള സമ്പര്‍ക്കക്കുറവും കാരണം മാരക രോഗങ്ങളുള്‍പ്പെടെ ഇവരെ വേട്ടയാടുന്ന ദുരന്തങ്ങളും പ്രശ്‌നങ്ങളും യഥാസമയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടാറില്ല. ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ സംഘടനാബലവും രാഷ്ട്രീയ പിടിപാടും ഇല്ലാത്തത് കൊണ്ടായിരിക്കണം അതിന് വേണ്ടത്ര പരിഗണന ലഭിക്കാറുമില്ല. ദേശീയ ശരാശരിയില്‍ കവിഞ്ഞ ശിശുമരണം അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തില്‍ കണ്ടുതുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ പതിനാറ് മാസത്തിനിടയില്‍ അവിടെ 48 ശൈശവ മരണങ്ങളാണ് നടന്നത്. പോഷകാഹാരക്കുറവും ആരോഗ്യ വിഷയങ്ങളിലുള്ള അജ്ഞതയും മൂലമുണ്ടായ ഈ ഉയര്‍ന്ന മരണനിരക്ക് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നപ്പോഴാണ് ബന്ധപ്പെട്ടവര്‍ ഉണരുന്നതും വിദഗ്ധ സംഘങ്ങളുടെ പഠനത്തിന് വിധേയമാകുന്നതും. കുഞ്ഞുങ്ങളും ഗര്‍ഭിണികളും മാത്രമല്ല, ആദിവാസി സമൂഹത്തിലെ 80 ശതമാനവും പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുത്.
കഴിഞ്ഞ മാസം 24ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ, സാമൂഹിക നീതി, പട്ടിക ജാതി, എക്‌സൈസ് വകുപ്പുകളുടെ സംയുക്ത യോഗം അട്ടപ്പാടിക്ക് സമഗ്ര പക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പോഷകാഹാര വിതരണം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍, സമഗ്ര കാര്‍ഷിക പദ്ധതി തുടങ്ങിയവയാണ് പക്കേജിലെ ഇനങ്ങള്‍. ഇതിന്റെ ആദ്യപടിയായി പ്രതിമാസം പോഷകാഹാര സമൃദ്ധമായ പത്ത് കിലോ റാഗിയും രണ്ട് കിലോ പയറും സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുമുണ്ടായി.
പാക്കേജ് പ്രഖ്യാപനങ്ങളുടെ കുറവല്ല അവയുടെ പ്രയോഗവത്കരണത്തിലെ അപാകങ്ങളും ക്രമക്കേടുകളുമാണ് ആദിവാസി മേഖലയുടെ ദുര്യോഗം. മാറിമാറി വന്ന സര്‍ക്കാറുകളെല്ലാം ആദിവാസികളുടെ ക്ഷേമത്തിന് മത്സരബുദ്ധ്യാ പദ്ധതികളും പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലക്ക് നീക്കിവെക്കുന്ന പണത്തിന്റെ ചെറിയൊരു അംശം മാത്രമാണ് യഥാസ്ഥാനത്ത് എത്തിച്ചേരുന്നതെന്ന് മാത്രം. ബഹുഭൂരിഭാഗവും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കീശയിലാണ് വീഴുന്നത്. ആദിവാസി വികസനത്തിന് ഒരു രൂപ ചെലവഴിക്കുമ്പോള്‍ പതിനെട്ട് പൈസ മാത്രമാണ് ഉദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തുന്നതെന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ, അട്ടപ്പാടി സന്ദര്‍ശന വേളയിലെ പ്രസ്താവന ശ്രദ്ധേയമാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മൊത്തം ദുര്യോഗമാണ് ഈ ചോര്‍ച്ചയെങ്കിലും ആദിവാസി പദ്ധതികളിലാണ് കൂടുതല്‍. ഇതിന് പരിഹാരം കാണാത്ത കാലത്തോളം ആദിവാസി ഊരുകളുടെ വികസനത്തിന് ഗതിവേഗം കൂടുക പ്രയാസം.

LEAVE A REPLY

Please enter your comment!
Please enter your name here