കൗമാരക്കാര്‍ക്കായി സംസ്ഥാനത്തുടനീളം ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

Posted on: May 23, 2013 11:59 pm | Last updated: May 23, 2013 at 11:59 pm
SHARE

തിരുവനന്തപുരം: കൗമാരക്കാര്‍ക്കായി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ഉടനീളം അഡോളസെന്റ് ഫ്രണ്ട്‌ലി ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. കൗമാരക്കാരുടെ ആരോഗ്യവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച പരിശീലനം ലഭിച്ച കൗണ്‍സിലര്‍, നഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരെയായിരിക്കും ക്ലിനിക്കുകളില്‍ നിയമിക്കുക. ആരോഗ്യ വകുപ്പിലെ തന്നെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി നിയമിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കൗമാരക്കാര്‍ക്കായുള്ള ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ഈ ക്ലിനിക്കുകളുടെ സേവനം ലഭ്യമാകുന്നത്. ശനി, ചൊവ്വ ദിവസങ്ങളില്‍ രണ്ട് മണി മുതല്‍ അഞ്ചു വരെയാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഈ സൗകര്യത്തിന് പുറമെ എല്ലാ ജില്ലകളിലും സാമൂഹികാരോഗിക കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി കൗമാരക്കാര്‍ക്കായി മൊബൈല്‍ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് ജില്ലകളിലാണ് മൊബൈല്‍ സര്‍വീസുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ജില്ലകളിലും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്. സാധാരണയായി കൗമാരപ്രായക്കാരുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ അവരെ അലട്ടാറുണ്ടെങ്കിലും മാതാപിതാക്കള്‍ ഇത് കാര്യമായി എടുക്കാറില്ല. എന്നാല്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്കു പുറമെ അഡോളസെന്റ് ഫ്രണ്ട്‌ലി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍ദേശങ്ങള്‍ ലഭിക്കും. കൗമാരക്കാര്‍ക്കായുള്ള ആരോഗ്യ പദ്ധതികള്‍ക്കായി 2012-13ല്‍ എന്‍ ആര്‍ എച്ച് എമ്മില്‍ നിന്നും സംസ്ഥാനത്തിന് ആറ് കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. ഫണ്ട് അഡോളസെന്റ് ഫ്രണ്ട്‌ലി ഹെല്‍ത്ത് ക്ലിനിക് പദ്ധതി, സ്‌കൂള്‍ ആരോഗ്യ പദ്ധതി, ആഴ്ചകള്‍ തോറുമുള്ള അയണ്‍, ഫോളിക് ആസിഡ് ഗുളികകള്‍ വിതരണം, പദ്ധതികള്‍ക്കാവശ്യമായ ജീവനക്കാരെ നിയമിക്കല്‍ എന്നിവക്കായാണ് ചെലവഴിച്ചത്.
മാതാപിതാക്കള്‍ക്കൊപ്പം എത്തുന്നതിനേക്കാള്‍ കൂട്ടുകാര്‍ക്കൊപ്പം ക്ലിനിക്കുകളില്‍ വരാനാണ് തങ്ങള്‍ കുട്ടികളെ കൂടുതല്‍ പ്രേരിപ്പിക്കുന്നതെന്ന് ഈ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.
മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നതിന് ബുദ്ധിമുട്ടുണ്ടാകാം എന്നുള്ളതുകൊണ്ടാണിത്. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരം കാണാന്‍ കഴിയാതെ വന്നാല്‍ അത് അവരുടെ വിദ്യാഭ്യാസത്തേയും വ്യക്തിത്വത്തേയും സ്വഭാവത്തേയുമാണ് ബാധിക്കുക. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും യഥാസമയം ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശവും ഇവിടെ നിന്നും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here